പുനലൂർ ∙ മോഷ്ടിച്ചെടുത്ത മൊബൈൽ ഫോണുമായി മദ്യപിച്ച നിലയിൽ കമ്ട തമിഴ്നാട് സ്വദേശിയായ യുവാവിനെ റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നു പുനലൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തെങ്കാശി സ്വദേശി അരുണാചലം (44) ആണ് പിടിയിലായത്. ഓപ്പറേഷൻ രക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസം വൈകുന്നേരം പുനലൂർ റെയിൽവേ സ്റ്റേഷനിൽ സംയുക്ത സ്ക്വാഡ് പരിശോധന നടത്തുമ്പോഴാണ് പ്ലാറ്റ്ഫോമിൽ മദ്യപിച്ച നിലയിൽ രണ്ട് മൊബൈൽ ഫോണുമായി ഇയാളെ കണ്ടെത്തിയത്.
2012ൽ കോഴിക്കോട് നടന്ന മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു പുറത്തിറങ്ങിയതാണ്. ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് റെയിൽവേ പൊലീസ് എസ്എച്ച്ഒ ജി.ശ്രീകുമാർ പറഞ്ഞു. സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും ട്രെയിനിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഓപ്പറേഷൻ രക്ഷയുടെ ഭാഗമായി ഇതുവഴിയുള്ള എല്ലാ ട്രെയിനുകളും സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവ ഉൾപ്പെടെ സംയുക്ത പരിശോധന നടത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

