Breaking
1 Apr 2026, Wed

മൊബൈൽ നോക്കാതെ 50 ദിവസം; അദ്ഭുതപ്പെടുത്തി 94 കുട്ടികൾ

വടക്കഞ്ചേരി ∙ ഇക്കാലത്ത് മൊബൈൽ ഒട്ടും ഉപയോഗിക്കാതെ കുട്ടികൾക്കു മുന്നോട്ടുപോകാൻ കഴിയുമോ? വടക്കഞ്ചേരി മദർ തെരേസ യുപി സ്കൂളിലെ പ്രധാനാധ്യാപിക സി.രജനിയുടെ നോ മൊബൈൽ ചാലഞ്ച് ഒന്നാം ക്ലാസ് വിദ്യാർഥികൾ ഏറ്റെടുക്കുമ്പോൾ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇതു വിജയിക്കുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നു. എന്നാൽ 50 ദിവസം മൊബൈൽ ഉപയോഗിക്കാതെ സ്കൂളിലെ 94 ഒന്നാംക്ലാസ് വിദ്യാർഥികൾ എല്ലാവരെയും ഞെട്ടിച്ചു. മൊബൈൽ ഉപയോഗിച്ചുകൊണ്ടിരുന്ന സമയം വായനയ്ക്കും ചിത്രരചനയ്ക്കും ഡയറി എഴുത്തിനുമായി മാറ്റിവച്ചാണ് നോ മൊബൈൽ ചാലഞ്ച് വിജയകരമാക്കിയത്.

ഫോൺ ഉപയോഗിക്കുന്നതിനു പകരം എന്തു ചെയ്തു എന്ന് ഓരോ ദിവസവും കുട്ടികളും രക്ഷിതാക്കളും ഡയറിയിൽ രേഖപ്പെടുത്തി. കുട്ടികൾ ചിത്രരചനയും കളികളും വായനയും ഹോബികളുമായി മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്ന് പൂർണമായും മാറിനിന്നതായി രക്ഷിതാക്കൾ അഭിമാനത്തോടെ പറഞ്ഞു. ക്ലാസ് റൂമുകളിലും ഇതിന്റെ മാറ്റം ദൃശ്യമായി. പഠനത്തിൽ പിന്നാക്കം ആയിരുന്നവർ മുന്നിലെത്തി. സ്കൂൾ വിട്ട് വീട്ടിലെത്തിയാൽ പുതിയൊരു ലോകം തീർക്കാനും പറമ്പിൽ ഇറങ്ങാനും ചെടികൾ നനയ്ക്കാനും കുട്ടികൾ ഉത്സാഹിച്ചു. ഇതോടെ അടുത്ത അധ്യയന വർഷം മുതൽ കൂടുതൽ ക്ലാസുകളിലേക്ക് ചാലഞ്ച് വ്യാപിപ്പിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞു. വിജയികൾക്കുള്ള സമ്മാനം സ്കൂൾ മാനേജർ തോമസ് മാത്യു കാടൻകാവിൽ വിതരണം ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *