ഇന്ത്യൻ സ്മാർട് ഫോൺ വിപണി ഇന്ന് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ വിപണിയാണ്. ഓരോ പാദത്തിലും ദശലക്ഷക്കണക്കിന് ഹാൻഡ്‌സെറ്റുകൾ വിറ്റഴിക്കപ്പെടുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ കരുത്തിൽ ആപ്പിൾ മുതൽ സാംസങ് വരെയുള്ള ആഗോള ഭീമന്മാർ ഇന്ത്യയെ അവരുടെ നിർമാണ ഹബ്ബായി മാറ്റിക്കഴിഞ്ഞു. എന്നാൽ ഈ ആവേശത്തിനിടയിലും ഒരു വലിയ ചോദ്യം ബാക്കിയാകുന്നു… എവിടെയാണ് നമ്മുടെ സ്വന്തം ബ്രാൻഡുകൾ?
മൈക്രോമാക്സും കാർബണും ഇൻടെക്സും സ്പൈസും ഒരുകാലത്ത് ഇന്ത്യൻ വിപണികൾ ഭരിച്ചിരുന്നവരാണ്. എന്നാൽ ഇന്ന് വിപണി വിഹിതത്തിന്റെ ചാർട്ടുകൾ പരിശോധിച്ചാൽ വിവോ, സാംസങ്, ഓപ്പോ, ഷവോമി, ആപ്പിൾ തുടങ്ങി വിദേശ ബ്രാൻഡുകൾക്കിടയിൽ ഒരു ഇന്ത്യൻ പേര് കണ്ടെത്താൻ ഭൂതക്കണ്ണാടി വച്ച് നോക്കേണ്ട അവസ്ഥയാണ്. എന്തുകൊണ്ടാണ് ഇന്ത്യൻ കമ്പനികൾക്ക് ഈ മത്സരത്തിൽ കാലിടറിയത്?
Human use smartphone with incoming call from unknown number, spam, prank caller, hoax person, fake identity, scammer, scam with mobile phone, hacker, call center, crime, call, fraud or phishing
നവീകരണത്തിന്റെ അഭാവം: വെറുമൊരു കച്ചവടത്തിനപ്പുറം വളരാത്തവർ
ഇന്ത്യൻ ഫോൺ കമ്പനികളുടെ പതനത്തെക്കുറിച്ച് ടെക്‌ആർക്കിലെ (Techarc) ചീഫ് അനലിസ്റ്റ് ഫൈസൽ കവൂസ ഉന്നയിക്കുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇന്ത്യൻ ഫോൺ ബ്രാൻഡുകളുടെ സ്ഥാപകർ ആരും തന്നെ യഥാർഥ ‘ടെക് ഇന്നൊവേറ്റേഴ്സ്’ ആയിരുന്നില്ല എന്നതാണ്. മറ്റൊരു പ്രധാന കുറവ് ട്രേഡിങ് മൈൻഡ്‌സെറ്റ് ആണ്. ചൈനയിൽ നിന്ന് നിർമിച്ച് കഴിഞ്ഞ ഫോണുകൾ വാങ്ങി സ്വന്തം ലേബൽ ഒട്ടിച്ച് വിൽക്കുന്ന ഒരു രീതിയാണ് ഭൂരിഭാഗം ഇന്ത്യൻ കമ്പനികളും പിന്തുടർന്നത്.
ആഗോള കമ്പനികൾ ഗവേഷണത്തിനായി കോടികൾ ചെലവാക്കുമ്പോൾ ഇന്ത്യൻ കമ്പനികൾ വെറും വോൾപേപ്പറുകളിലും തീമുകളിലും മാത്രം മാറ്റം വരുത്തുന്നതിനെയാണ് ‘ഗവേഷണം’ എന്ന് വിളിച്ചിരുന്നത്. സ്വന്തമായി പേറ്റന്റുകളോ ഐപിയോ ഇല്ലാത്തത് അവരെ ദീർഘകാലാടിസ്ഥാനത്തിൽ തളർത്തി.
ADVERTISEMENT
2014: ഇന്ത്യൻ വിപണിയെ മാറ്റിമറിച്ച ഷവോമി പ്രഭാവം
ഇന്ത്യൻ സ്മാർട് ഫോൺ വിപണിയുടെ ചരിത്രം മാറ്റിയെഴുതപ്പെട്ടത് 2014ലാണ്. ചൈനീസ് ബ്രാൻഡ് ഷവോമി ‘എംഐ 3’ എന്ന മോഡലുമായി ഇന്ത്യയിലെത്തി. ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള സ്പെസിഫിക്കേഷനുകൾ കേവലം 14,999 രൂപയ്ക്ക് നൽകിക്കൊണ്ട് അവർ വിപണിയെ ഞെട്ടിച്ചു. അന്ന് വിപണി ഭരിച്ചിരുന്ന മൈക്രോമാക്സിനും മറ്റും ചിന്തിക്കാൻ പോലും കഴിയാത്ത വിലയായിരുന്നു അത്. ചൈനീസ് കമ്പനികൾക്ക് സ്വന്തമായി സപ്ലൈ ചെയിൻ സംവിധാനങ്ങളും നിർമാണ യൂണിറ്റുകളും ഉണ്ടായിരുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ നൽകാൻ അവർക്ക് സാധിച്ചു. ഈ ‘പ്രൈസ്-ടു-സ്പെക്’ (Price-to-Spec) അനുപാതം മറികടക്കാൻ ഇന്ത്യൻ ബ്രാൻഡുകൾക്കായില്ല.
ലാവാ: ഒറ്റയാൻ പോരാട്ടം തുടരുമ്പോൾ
നിലവിലെ സാഹചര്യത്തിൽ വിപണിയിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ഏക ഇന്ത്യൻ ബ്രാൻഡ് ലാവയാണ്. 2025ലെ കണക്കുകൾ പ്രകാരം 10,000 രൂപയ്ക്ക് താഴെയുള്ള വിഭാഗത്തിൽ 135 ശതമാനം വളർച്ചയുമായി ലാവ മുന്നേറുന്നു. വിപണിയിൽ പിടിച്ചുനിൽക്കാൻ ഒട്ടേറെ തന്ത്രങ്ങളാണ് ലാവ പ്രയോഗിച്ചത്. ഇതിൽ പ്രധാനപ്പെട്ടത് അഗ്നി സീരീസ് (Agni Series) ആയിരുന്നു. 20,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം വിഭാഗത്തിലേക്ക് ലാവ ‘അഗ്നി 4’ ലൂടെ ശ്രദ്ധ കേന്ദ്രീകരിച്ചു. മെറ്റൽ ഫ്രെയിം, മികച്ച ബാറ്ററി, അഡ്വാൻസ്ഡ് കൂളിങ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്.
മറ്റൊന്ന് വായു എഐ (Vayu AI) ആണ്. ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം ഡിസൈൻ ചെയ്ത ഈ അസിസ്റ്റന്റ്, ‘ഇമോഷനലി അവയർ’ ആണെന്ന് കമ്പനി അവകാശപ്പെടുന്നു. എഐ മാത്‌സ് ടീച്ചർ, ഇംഗ്ലിഷ് ടീച്ചർ തുടങ്ങി ഫീച്ചറുകൾ ഇന്ത്യൻ വിദ്യാർഥികളെ ലക്ഷ്യം വച്ചുള്ളതാണ്.
ADVERTISEMENT
ഇതോടൊപ്പം തന്നെ ഹാൻഡ്സെറ്റുകൾക്ക് പ്രാദേശിക ടച്ച് കൊണ്ടുവരാനും ലാവ ശ്രമം നടത്തി. വിദേശ കമ്പനികൾക്ക് നൽകാൻ കഴിയാത്ത തരത്തിലുള്ള ‘ആഫ്റ്റർ സെയിൽസ് സർവീസ്’ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതികളും ലാവ പരീക്ഷിച്ചു വിജയിപ്പിച്ചു.
തിരിച്ചുവരവ് സാധ്യമാണോ?
ഇന്ത്യൻ ബ്രാൻഡുകൾക്ക് ഒരു രണ്ടാം തിരിച്ചുവരവിന് അവസരം ഉണ്ടോ എന്ന ചോദ്യത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ടെക് വിദഗ്ധർ നൽകുന്നത്. സ്വന്തമായി ചിപ്‌സെറ്റുകളോ ഡിസ്‌പ്ലേ സാങ്കേതികവിദ്യയോ ഇന്ത്യക്കില്ല എന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. ചിപ്പുകൾ എല്ലാം ഇപ്പോഴും ചൈന, തായ്‌വാൻ രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതോടൊപ്പം തന്നെ യുവാക്കൾക്ക് ആപ്പിളിനോടും വൺപ്ലസിനോടുമുള്ള ആഭിമുഖ്യം ഇന്ത്യൻ ബ്രാൻഡുകൾക്ക് മറികടക്കുകയും പ്രയാസമാണ്. ഒരു ഹാൻഡ്സെറ്റിന്റെ പ്രധാന ഭാഗം അസംസ്‌കൃത വസ്തുക്കളാണ്. ഇതിനായി ഇന്ത്യൻ ബ്രാൻഡുകൾ ഇപ്പോഴും ചൈനയെയും തായ്‌വാനെയും ആശ്രയിക്കണം.
പാഠമായി മാറിയ വീഴ്ചകൾ
ലീ ടിവി (LeTv), ജിയോണി (Gionee) തുടങ്ങിയ ചൈനീസ് കമ്പനികൾ പോലും പരാജയപ്പെട്ട ഈ വിപണിയിൽ ഇന്ത്യൻ കമ്പനികൾക്ക് അതിജീവിക്കണമെങ്കിൽ വെറും ‘നിർമാണം’ മാത്രം പോരാ. ‘നമുക്ക് സ്വന്തമായി ഹാർഡ്‌വേർ, സോഫ്റ്റ്‌വേർ സംവിധാനങ്ങൾ ഇല്ല. സപ്ലൈ ചെയിൻ ഇപ്പോഴും വിദേശത്താണ്. ഈ സാഹചര്യത്തിൽ ഒരു പുതിയ കമ്പനിക്ക് വിപണി പിടിക്കുക എന്നത് അത്യന്തം കഠിനമായ കാര്യമാണ്.’ – എന്നാണ് ഫൈസൽ കവൂസ പറയുന്നത്.
ADVERTISEMENT
നമ്മൾ ലോകത്തിന് വേണ്ടി ഫോണുകൾ നിർമിക്കുന്നു, പക്ഷേ നമ്മുടെ ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ പിന്നോട്ടുപോയി. എന്നാൽ ലാവയുടെ മുന്നേറ്റം പ്രതീക്ഷ നൽകുന്നതാണെങ്കിലും കാർബണിനെപ്പോലെയുള്ള ബ്രാൻഡുകൾ ഫീച്ചർ ഫോണുകളിലേക്ക് ഒതുങ്ങിപ്പോയത് മറ്റൊരു യാഥാർഥ്യവുമാണ്.
Unrecognizable people choosing smartphone in electronics store
ഇന്ത്യൻ കമ്പനികൾക്ക് ഇനി ഒരു തിരിച്ചുവരവ് വേണമെങ്കിൽ അത് വെറും ഫോൺ വിൽപനയിലൂടെ സാധ്യമാകില്ല. മറിച്ച് ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ സോഫ്റ്റ്‌വേർ നവീകരണവും യുവാക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ബ്രാൻഡിങും അനിവാര്യമാണ്. 6ജി വിപ്ലവം പടിവാതിൽക്കൽ നിൽക്കുമ്പോൾ പഴയ തെറ്റുകൾ ആവർത്തിക്കാതിരുന്നാൽ ഇന്ത്യയ്ക്ക് ഒരു ലോകോത്തര ബ്രാൻഡിനെ ലഭിച്ചേക്കാം.

