നിലമ്പൂർ∙ മത്സ്യവിൽപനയുടെ പേരിൽ ഗുഡ്സ് ഓട്ടോ വ്യാപാരികളും നഗരസഭാ ആരോഗ്യ, ശുചിത്വ വിഭാഗം ഉദ്യോഗസ്ഥരും തമ്മിൽ വാക്പോര്. നഗരസഭാ ലൈസൻസ് ഇല്ലാതെ കച്ചവടം അനുവദിക്കില്ലെന്ന വിലക്കാണ് കാരണം. നഗരത്തിൽ ലൈസൻസില്ലാത്ത മുഴുവൻ കച്ചവടങ്ങളും നിർത്തണമെന്നു വാദിച്ച്, വ്യാപാരികൾക്ക് അനുകൂലമായി നാട്ടുകാർ കക്ഷി ചേർന്നതോടെ ബഹളം മൂർച്ഛിച്ചു. നിലമ്പൂർ ജ്യോതിപ്പടിയിൽ ഇന്നലെ വൈകിട്ട് അഞ്ചിന് ആണ് സംഭവം. താനൂർ കടപ്പുറത്തുനിന്നുള്ളവർ കുറച്ചുകാലമായി ഓട്ടോകളിൽ മത്സ്യം കൊണ്ടുവന്നു വിൽപന നടത്തുന്നുണ്ട്. പുത്തൻ മത്സ്യം വിലക്കുറവിൽ കിട്ടുന്നതിനാൽ വാങ്ങാൻ ജനത്തിരക്കാണ്.
നഗരസഭാ മത്സ്യ, മാംസ മാർക്കറ്റിലെ സ്റ്റാൾ ഉടമകളുടെ പരാതിയിലാണ് എച്ച്ഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയതെന്ന് അറിയുന്നു. ആരോഗ്യവകുപ്പിന്റെ ലൈസൻസുണ്ടെന്നു വ്യാപാരികൾ അറിയിച്ചെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ത്രാസുകൾ, മീൻപെട്ടികൾ എന്നിവ പിടിച്ചെടുത്തു. കച്ചവടക്കാരും നാട്ടുകാരും ചേർന്ന് അവ തിരിച്ചുവാങ്ങി. ഒടുവിൽ ഉദ്യോഗസ്ഥർ തിരികെപ്പോയി. നാട്ടുകാരുടെ പിന്തുണയോടെ വ്യാപാരികൾ ഓട്ടോയിൽ മീൻവിൽപന തുടർന്നു.

