ശബരിമല∙ പുല്ലുമേട്ടിൽ താൽക്കാലിക മൊബൈൽ നെറ്റ്‌വർക്ക് ലഭ്യമാക്കാനുള്ള തയാറെടുപ്പുകൾ ബിഎസ്എൻഎൽ തുടങ്ങി.മകരജ്യോതി ദർശനത്തിനായി പതിനായിരങ്ങൾ കാത്തിരിക്കുന്ന സ്ഥലമാണു പുല്ലുമേട്. മൊബൈൽ കവറേജ് ഇല്ലാത്തതാണ് ഇവിടെ തീർഥാടകരെ അലട്ടുന്ന വലിയ പ്രശ്നം. മൊബൈൽ കവറേജ് ഇല്ലാത്തതു ദുരന്തനിവാരണ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. ഇതിനുള്ള പരിഹാരമായാണു ബിഎസ്എൻഎൽ താൽക്കാലിക ടവർ സ്ഥാപിക്കുന്നത്. ദുർഘടമായ പുല്ലുമേട് പാതയിൽ ഫൈബർ കേബിളുകൾ എത്തിക്കാനുള്ള ബുദ്ധിമുട്ടു കണക്കിലെടുത്ത് മൈക്രോവേവ് സംവിധാനം ഉപയോഗിച്ചാണ് ഇവിടെ നെറ്റ്‌വർക് ലഭ്യമാക്കുക.
നിലവിൽ പാണ്ടിത്താവളത്തെ എക്സ്ചേഞ്ചിൽ നിന്നുള്ള രണ്ട് 4ജി യൂണിറ്റുകളാണു പുൽമേട്ടിൽ. സത്രം മുതൽ ഓടാംപ്ലാവ് വരെയുള്ള ഭാഗത്ത് 3ജി, 2 ജി സേവനങ്ങളാണുള്ളത്. വിളിച്ചാൽ മിക്കപ്പോഴും കിട്ടില്ല. കിട്ടിയാൽ ഒരു വശത്തേക്കു മാത്രമാണു കേൾക്കാൻ കഴിയുന്നത്. പത്തനംതിട്ട മുതൽ സന്നിധാനം വരെ 4ജി സൈറ്റുകൾ 27 ഉണ്ട്. അതിനാൽ പത്തനംതിട്ട– ശബരിമല പാതയിൽ വനമേഖലയിലെ ഏതാനും ചില ഭാഗത്ത് ഒഴികെ നെറ്റ്‌വർക്ക് കവറേജ് ലഭിക്കുന്നുണ്ട്.

