Breaking
29 Jan 2026, Thu

പിന്നിലും സ്‌ക്രീനുമായി ഷഓമി 17 സീരിസ്! പിന്‍ ക്യാമറ ഉപയോഗിച്ചും സെല്‍ഫി എടുക്കാം!

സ്മാർട്ട്‌ഫോണുകളിൽ പുതിയ പരീക്ഷണവുമായി ഷഓമിയുടെ പുതിയ ഫോൺ സീരിസ് പുറത്തിറക്കി. ഐഫോൺ 17 സീരിസിനോട് സമാനത തോന്നിക്കുന്ന പിൻ ക്യാമറാ ഐലൻഡ് ആണ് സീരിസിലെ മൂന്നു ഫോണുകൾക്കുമുള്ളത്. എന്നാൽ, ക്യാമറ ഐലൻഡിൽ ഷഓമി 17 പ്രോ സീരിസിൽ ഉൾക്കൊള്ളിച്ച കൊച്ചു സ്‌ക്രീനാണ് ഇപ്പോൾ സ്മാർട്ട്‌ഫോൺ പ്രേമികൾക്കിടയിലെ സംസാരവിഷയങ്ങളിലൊന്ന്. എന്തിനും ഏതിനും പ്രധാന സ്‌ക്രീൻ പ്രവർത്തിപ്പിക്കേണ്ട ആവശ്യമില്ലാതെ വരുമ്പോൾ ബാറ്ററി ലൈഫും മെച്ചപ്പെട്ടേക്കാം.

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ വ്യത്യസ്തം, രാജ്യത്തെ വിശ്വസിക്കണമെന്നും യുവാക്കളോട് പ്രശാന്ത് ബി നായർ

ഡൈനാമിക് ബാക്ക് ഡിസ്‌പ്ലേ

ഷഓമി 17, ഷഓമി 17 പ്രോ, ഷഓമി 17 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്നു മോഡലുകളാണ് സീരിസിലുള്ളത്. ഇവയിൽ പ്രോ മോഡലുകൾക്ക് കമ്പനി ‘ഡൈനാമിക് ബാക്ക് ഡിസ്‌പ്ലേ’ എന്നു വിളിക്കുന്ന പിൻ സ്‌ക്രീനുണ്ട്. ഇതിന് ഏകദേശം 2.7-ഇഞ്ച് ആണ് വലിപ്പം. ഡൈനാമിക് നോട്ടിഫിക്കേഷൻസ്, എഐ ജനറേറ്റ് ചെയ്ത വാൾപേപ്പറുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫേസുകൾ, വെർച്വൽ പെറ്റുകൾ, നോട്ട്‌സ്, തത്സമയ അലേർട്ടുകൾ തുടങ്ങിയവ സപ്പോർട്ട് ചെയ്യുന്നതാണ് പിൻ സ്‌ക്രീൻ.

പിൻ ക്യാമറാ സിസ്റ്റം ഉപയോഗിച്ച് സെൽഫി എടുക്കുമ്പോൾ വ്യൂഫൈൻഡർ ആയി പ്രവർത്തിക്കാൻ സാധിക്കുന്നതാണ് ഡൈനാമിക് ബാക്ക് ഡിസ്‌പ്ലേയുടെ പ്രധാന ഉപയോഗമായി ചിലരെങ്കിലും കാണുന്നത്. സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾ മികച്ച പിൻ ക്യാമറാ സിസ്റ്റം നൽകുന്നുണ്ടെങ്കിലും സെൽഫിക്കും വിഡിയോ കോളിനുമായി നൽകിവന്നിരുന്ന മുൻ ക്യാമറാ സിസ്റ്റം അത്ര മികവ് പുലർത്താറില്ല എന്നതാണ് പുതിയ പരീക്ഷണം എങ്ങനെ പോകും എന്നറിയാൻ സ്മാർട്ട്‌ഫോൺ പ്രേമികൾ ഉറ്റു നോക്കുന്നത്. മികവുറ്റ സെൽഫികൾ എളുപ്പത്തിൽ എടുക്കാം എന്നതാണ് ഷഓമി 17 പ്രോ സീരിസിന്റെ പ്രധാന ആകർഷണീയതകളിലൊന്ന്.

ഗെയിമിങ് കേസ് പരീക്ഷണവും

അതിനു പുറമെ, പ്രോ മോഡലുകളെ പഴയ രീതിയിലുള്ള ഒരു ഗെയിമിങ് കൺസോൾ ആക്കാനുള്ള ഒരു കേസും ഷഓമി പുറത്തിറക്കിയിട്ടുണ്ട്. പ്രധാന സ്‌ക്രീൻ ഉപയോഗിക്കാതെ തന്നെ പ്രവർത്തിപ്പിക്കാം.

കരുത്തൻ പ്രൊസസർ

ഷഓമി 17 സീരിസിലെ എല്ലാ മോഡലുകളും പ്രവർത്തിക്കുന്നത് ക്വാൽകം കമ്പനി പുതിയതായി അവതരിപ്പിച്ച സ്‌നാപ്ഡ്രാഗൺ എലൈറ്റ് ജെൻ 5 പ്രൊസസർ ഉപയോഗിച്ചാണ്. അതിനാൽ തന്നെ, മുൻ തലമുറയിലെ ഫോണുകളെ അപേക്ഷിച്ച് കരുത്തേറിയ പ്രകടനം പ്രതീക്ഷിക്കാൻ സാധിച്ചേക്കും. ഷഓമി 17 മോഡലിന് 6.3-ഇഞ്ച് വലിപ്പമുള്ള ഓലെഡ് സ്‌ക്രീനും, ട്രിപ്പിൾ 50എംപി ക്യാമറകളും, 7,000 എംഎഎച്ച് ബാറ്ററിയും, അതിവേഗ ചാർജിങും അടക്കമുള്ള ഫീച്ചറുകൾ ഉണ്ട്. സ്‌ക്രീനിന് 120ഹെട്‌സ് റിഫ്രെഷ് റേറ്റും, 3,500 നിറ്റ്‌സ് വരെ ബ്രൈറ്റ്‌നസും കിട്ടും. 16ജിബി വരെ റാമും, 512ജിബി വരെ സംഭരണശേഷിയുമുള്ള മോഡലുകൾ വിൽപനയ്‌ക്കെത്തും.

ഷഓമി 17 പ്രോ മോഡലിനും സ്‌ക്രീൻ വലിപ്പം 6.3-ഇഞ്ച്. സ്‌ക്രീനിന് ഡ്രാഗൺ ക്രിസ്റ്റൽ ഗ്ലാസ് സംരക്ഷണം. ഷഓമി 17 ന് സമാനമായ ഡിസ്‌പ്ലേ ടെക്‌നോളജികളും ഉൾക്കൊള്ളിച്ചിരിക്കുന്നു. പിന്നിൽ ഡൈനാമിക് ബാക്ക് ഡിസ്‌പ്ലേ. 6,300-എംഎഎച്ച് ബാറ്ററി. ഷഓമി 17 പ്രോ മാക്‌സിന് മറ്റു മോഡലുകളിൽ ഉള്ള എല്ലാ ടെക്‌നോളജികളും ഫീച്ചറുകളും ഉണ്ട്. കൂടാതെ, 6.9-ഇഞ്ച് വലിപ്പമുള്ള 2കെ സ്‌ക്രീൻ. 7,500എംഎഎച്ച് ബാറ്ററി. ഷഓമി 17 പ്രോ മോഡലുകൾക്ക് 1ടിബി വരെ സ്‌റ്റോറേജ്. അവയ്ക്ക് 100w വയേഡ് ഫാസ്റ്റ് ചാർജിങ്. 50w വയർലെസ് ചാർജിങ്. എല്ലാ മോഡലുകളിലും അതിനൂതന ബാറ്ററി ടെക്‌നോളജിയും അടക്കം ചെയ്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ടിവിയും എയർകണ്ടീഷണറും സ്മാര്‍ട്ഫോണും വാങ്ങാൻ ‘പ്ലാനുണ്ടോ’, ജിഎസ്ടി കുറഞ്ഞത് ആശ്വാസമാകുമോ?

എല്ലാ മോഡലുകൾക്കും ആൻഡ്രോയിഡ് 16 കേന്ദ്രീകൃതമായ ഹൈപ്പർഓഎസ് 3 ഓപ്പറേറ്റിങ് സിസ്റ്റം. ഹൈപ്പർ എഐ ഫീച്ചറുകളും ഉണ്ട്. മൂന്നു മോഡലുകളുടെയും ട്രിപ്പിൾ പിൻക്യാമറാ സിസ്റ്റം വിശ്രുത ജർമ്മൻ ക്യാമറാ നിർമ്മാതാവ് ലൈക്ക ട്യൂൺ ചെയ്തതാണെന്ന് കമ്പനി അറിയിക്കുന്നു. സെൽഫി ക്യാമറകൾക്ക് അടക്കം എല്ലാ മൊഡ്യൂളുകൾക്കും 50എംപി റെസലൂഷനാണ് ഉള്ളത്.

ഇന്ത്യയിൽ എന്നാണ് ഈ മോഡലുകൾ വിൽപനയ്‌ക്കെത്തുക എന്ന കാര്യം ഷഓമി അറിയിച്ചിട്ടില്ല. അതിനാൽ തന്നെ ഔദ്യോഗിക വിലകളും ഇപ്പോൾ ലഭ്യമല്ല. എന്നാൽ, ചൈനയിലെ വില വച്ച് ഇന്ത്യയിൽ തുടക്ക വേരിയന്റുകൾക്ക് ഇട്ടേക്കാവുന്ന ഏകദേശ വില ഇങ്ങനെ:

ഷഓമി 17 – 56,000 രൂപ

ഷഓമി 17 പ്രോ – 62,000 രൂപ

ഷഓമി 17 പ്രോ മാക്‌സ് – 74,500 രൂപ

By admin

Leave a Reply

Your email address will not be published. Required fields are marked *