ന്യൂഡൽഹി ∙ എൺപതുകളുടെ അന്ത്യത്തിൽ സൗദി അറേബ്യ അമേരിക്കയിൽനിന്ന് എവാക്സ് വിമാനങ്ങൾ വാങ്ങിയപ്പോൾ ഇന്ത്യൻ വ്യോമസേനയുടെ ഉറക്കം കെടുത്തിയ ഒരു ആശങ്കയുണ്ടായിരുന്നു– ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇനിയൊരു യുദ്ധമുണ്ടായാൽ സൗദിയുടെ എവാക്സുകളുടെ സേവനം പാക്കിസ്ഥാനു ലഭിക്കുമോ?
‘ഒരു പവനുമായി എത്തുന്ന പ്രവാസി സ്വർണക്കടത്തുകാരാൻ’! പിടിവിട്ട് നികുതി നിയമം, പൊല്ലാപ്പിൽ മലയാളികൾ; 7 രാജ്യാന്തര വാർത്തകൾ
എച്ച് 1ബി വീസ അപേക്ഷ ഫീസ് 88 ലക്ഷം രൂപ, സ്ഥിരതാമസത്തിന് 8 കോടിയിലധികം രൂപ: ഇന്ത്യക്കാർക്ക് അമേരിക്കൻ സ്വപ്നം ഇനി അകലെ?
ശത്രുവിമാനങ്ങളെ അകലെനിന്നു തന്നെ കണ്ടെത്താൻ കഴിയുന്ന പറക്കുന്ന റഡാറാണ് എവാക്സ് വിമാനം. എൺപതുകളിൽ തന്നെ സൗദി അറേബ്യ അമേരിക്കയിൽനിന്ന് എഫ്–15 വിമാനങ്ങൾ വാങ്ങിയതും ഇന്ത്യയിൽ ആശങ്ക ഉയർത്തി. ആപൽഘട്ടത്തിൽ പാക്കിസ്ഥാൻ വ്യോമസേന ഇവ വാടകയ്ക്കെടുക്കുമോ?
സൗദി സൈനികരെ പരിശീലിപ്പിക്കാനും സാങ്കേതികോപദേശം നൽകാനുമായി 1967 മുതൽ ഇതിനകം ഏതാണ്ട് എണ്ണായിരത്തോളം പാക്ക് സൈനികോദ്യോഗസ്ഥർ സൗദിയിൽ പോയിട്ടുണ്ടെന്നാണു പറയപ്പെടുന്നത്. പാക്കിസ്ഥാന്റെ കൈവശമില്ലാത്ത അത്യാധുനിക ആയുധങ്ങളിൽ പലതിലും അവർ അവിടെവച്ചു പരിചയം നേടിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എവാക്സിനു സമാനമായ വിമാനവും റഡാറുകളും സ്വന്തമായി വികസിപ്പിച്ചും മിഗ്–29, മിറാഷ്–2000, സുഖോയ്–30 എംകെഐ, ഒടുവിൽ അടുത്തകാലത്ത് റഫാൽ തുടങ്ങിയ ആധുനിക യുദ്ധവിമാനങ്ങൾ വാങ്ങിയും അതിനെല്ലാമുപരി സൗദിയും മറ്റ് ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശാക്തികതന്ത്രതലത്തിലേക്കുയർത്തിയുമാണ് ഈ ആശങ്കകൾ ഇന്ത്യ ദൂരീകരിച്ചുപോന്നത്. നയതന്ത്രബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ ഇടപെടൽ പ്രത്യേകം എടുത്തുപറയേണ്ടതുമുണ്ട്. കഴിഞ്ഞ 11 കൊല്ലത്തിൽ 3 തവണയാണ് അദ്ദേഹം സൗദി അറേബ്യ സന്ദർശിച്ചത്. എങ്കിലുമിപ്പോൾ ഇന്ത്യയുടെ ഉറക്കം കെടുത്താൻ പഴയ ആശങ്കകൾ തിരിച്ചെത്തിയിരിക്കുകയാണ് – കഴിഞ്ഞദിവസം പാക്കിസ്ഥാനും സൗദിയും തമ്മിൽ പ്രതിരോധസഹകരണ ഉടമ്പടി ഒപ്പിട്ടതോടെ.
സാധാരണഗതിയിൽ പ്രതിരോധരംഗത്തു സാങ്കേതികമായി സഹകരിക്കുക, സംയുക്ത സൈനികാഭ്യാസം നടത്തുക, പരിശീലന സ്ഥാപനങ്ങളിൽ സൈനികോദ്യോഗസ്ഥന്മാർക്കു പരസ്പരം പ്രവേശനം നൽകുക തുടങ്ങിയവയാണു പ്രതിരോധസഹകരണ ഉടമ്പടികളിലൂടെ ഉദ്ദേശിക്കുന്നത്. മൂന്നാം രാജ്യങ്ങളുമായുള്ള യുദ്ധത്തിലോ സൈനികനടപടിയിലോ ഇടപെടാൻ ഉതകുന്ന ഉടമ്പടികൾ മറ്റൊരു തലത്തിലാണ് – അവ സൈനികസഖ്യങ്ങളാണ്. ഏതാണ്ട്, ആ രീതിയിലുള്ള ഉടമ്പടിയാണ് ഇപ്പോൾ പാക്കിസ്ഥാനും സൗദിയും ഒപ്പിട്ടിരിക്കുന്നത്. ഒരു രാജ്യത്തിനെതിരെ ആക്രമണമുണ്ടായാൽ അതു മറ്റേ രാജ്യത്തിനെതിരായ ആക്രമണത്തിനു സമാനമായി കരുതി പ്രവർത്തിക്കാൻ ഉതകുന്നതാണു പുതിയ ഉടമ്പടി. ചുരുക്കത്തിൽ പാക്കിസ്ഥാനെ ആക്രമിച്ചാൽ അത് സൗദിയെ ആക്രമിച്ചതായി കരുതി സൗദിക്കു വേണമെങ്കിൽ ഇടപെടാം.
ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയ സ്ഥലത്ത് പുക ഉയരുന്നു. (Photo by Jacqueline PENNEY / AFPTV / AFP)
∙ പ്രകോപനം ഖത്തർ ആക്രമണം
മാസങ്ങളായി ചർച്ച ചെയ്തുവരികയാണെന്ന് ഇരുരാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും രണ്ടാഴ്ച മുൻപു ഖത്തറിൽ ഇസ്രയേൽ നടത്തിയ മിസൈലാക്രമണമാണു പെട്ടെന്നിങ്ങനെയൊരു ഉടമ്പടിക്കു കാരണമായതെന്നാണു കരുതുന്നത്. അമേരിക്കയുടെ ശാക്തികക്കുടക്കീഴിലുള്ള രാജ്യങ്ങളാണ് ഖത്തറും സൗദിയും. രണ്ടു രാജ്യത്തും ആയിരക്കണക്കിന് അമേരിക്കൻ സൈനികരും ഒട്ടേറെ സൈനികത്താവളങ്ങളുമുണ്ട്. ഇത്രയൊക്കെയുണ്ടായിട്ടും ഖത്തറിനെതിരായ ആക്രമണം തടയാൻ അമേരിക്ക തയാറായില്ല എന്നതാണ്, ഇസ്‌ലാമികലോകത്തെ ഏക ആണവശക്തിയായ പാക്കിസ്ഥാനുമായി ഉടമ്പടിക്ക് സൗദിയെ പ്രേരിപ്പിച്ചിരിക്കുന്നതെന്നു കരുതുന്നു.
3 മാസം മുൻപ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയിൽ നിന്നേറ്റ പ്രഹരമാകാം പാക്കിസ്ഥാനെ ഇതിനു പ്രേരിപ്പിച്ചത്. ചൈന സൈനികസാങ്കേതികസഹായം നൽകിയെങ്കിലും പ്രഹരം തടയാൻ ചൈനയ്ക്കായില്ല. ഇന്ത്യയുമായി നല്ലബന്ധം പുലർത്തുന്ന സൗദിയുമായി സൈനികസഖ്യത്തിലേർപ്പെടുന്നതോടെ ഇനിയൊരു പ്രഹരത്തിനുമുൻപ് ഇന്ത്യ പലതവണ ആലോചിക്കുമെന്ന ചിന്തയാവാം പാക്കിസ്ഥാന്റെ നീക്കത്തിനു പിന്നിൽ – അതായത്, സുഹൃത്തിന്റെ സുഹൃത്തിനെ പ്രഹരിക്കുമോ?
∙ അവസാനിച്ചോ യുഎസ് ഗാരന്റി?
ഇറാനും ഇറാഖുമൊഴികെയുള്ള മിക്ക പശ്ചിമേഷ്യൻ ഇസ്‌ലാമിക രാജ്യങ്ങളും ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽനിന്നു രക്ഷനേടാൻ ഇസ്രയേലിന്റെ സുഹൃത്തായ അമേരിക്കയുമായി സൗഹൃദം പുലർത്തുന്ന നയമാണു സ്വീകരിച്ചുപോന്നിരുന്നത്. ഇസ്രയേലിന്റെ ഏറ്റവും ശക്തരായ വൈരിയായിരുന്ന ഈജിപ്ത് പോലും 1980–കളോടെ യുഎസിന്റെ സുഹൃത്തായി. എന്നാലിപ്പോൾ അമേരിക്കയുമായുള്ള സൗഹൃദം ഇസ്രയേലിനെതിരെ ഒരു സുരക്ഷാഗാരന്റിയല്ല എന്ന ബോധ്യം പശ്ചിമേഷ്യൻ രാജ്യങ്ങളെ ഗ്രസിച്ചിരിക്കുന്നതിന്റെ തെളിവാണു സൗദി–പാക്ക് ഉടമ്പടി.

