കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആശയങ്ങൾകൊണ്ടും പ്രവർത്തനങ്ങൾകൊണ്ടും സാധാരണ മനുഷ്യരുടെ മനസ്സുകളിൽ ഇടം നേടിയ ശാസ്ത്രജ്ഞർ വിരലിലെണ്ണാവുന്നവരെ കാണൂ. അവരിൽ മുൻനിരയിൽ മാധവ് ഗാഡ്ഗിലുണ്ടെന്ന് ഐഫോറസ്റ്റ് (International Forum for Environment, Sustainability and Technology (iForest)) സിഇഒയായ ചന്ദ്രഭൂഷണ്. 2010 ൽ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഗാഡ്ഗിൽ റിപ്പോർട്ട് തലക്കെട്ടുകളിലും ന്യൂസ് ചാനലുകളിലും നിറഞ്ഞുനിന്നു. ചർച്ചകളും സംവാദങ്ങളുമായി ഗാഡ്ഗിൽ റിപ്പോർട്ട് അക്കാലത്ത് രാഷ്ട്രീയതലത്തിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. ഒരു വിഷയത്തെക്കുറിച്ചുള്ള ശാസ്ത്രീയമായ അവലോകനം ഇത്രകണ്ട് ആക്രമിക്കപ്പെടുകയും അതേസമയം, വിവരണ ലാളിത്യത്തിന്റെയും ഭൗതിക നിലവാരത്തിന്റെയും പേരിൽ പ്രതിരോധിക്കപ്പെടുകയും ചെയ്ത അപൂർവ സംഭവങ്ങളിൽ ഒന്നായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി.
ആളും ആരവവുമില്ല, ഉപചാരമർപ്പിക്കാൻ പ്രമുഖരുമില്ല: മാധവ് ഗാഡ്ഗിലിന്റെ അവസാന യാത്ര
Environment News
ഗാഡ്ഗിലിനെക്കുറിച്ച് ചന്ദ്രഭൂഷണ് പറയുന്നതിങ്ങനെ:
ഡോ. ഗാഡ്ഗിലുമായി വളരെ ചെറിയ സംഭാഷണങ്ങൾ നടത്താൻ മാത്രമേ എനിക്കും സാധിച്ചിട്ടുള്ളൂ. ഒരു കൂടിക്കാഴ്ചയിലും ഏതാനും നിമിഷങ്ങൾ മാത്രം നീണ്ട ഫോൺകോളിലും അത് ഒതുങ്ങി. എങ്കിലും എന്റെ തലമുറയിലെ മറ്റ് പരിസ്ഥിതിവാദികളെ പോലെ അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളിലൂടെയും എഴുത്തുകളിലൂടെയും കെട്ടിപ്പടുക്കാനും വളർത്തിയെടുക്കാനും ശ്രമിച്ച സ്ഥാപനങ്ങളിലൂടെയും ഗാഡ്ഗിലിനെ ആഴത്തിൽ അറിയാൻ സാധിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നതിനുശേഷം ഒരിക്കൽ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിൽ വച്ചാണ് അദ്ദേഹത്തെ നേരിട്ട് കാണാൻ സാധിച്ചത്. CSE യിൽ നിന്നുള്ള ഞങ്ങളുടെ സംഘത്തിന് റിപ്പോർട്ടിലെ ചില കാര്യങ്ങളെക്കുറിച്ച് വ്യക്തത വേണ്ടിവന്നതോടെ അദ്ദേഹം സംസാരിക്കാൻ തയ്യാറായി. അദ്ദേഹത്തിന്റെ ബുദ്ധിപരമായ കാഴ്ചപ്പാടുകൾ മാത്രമല്ല പശ്ചിമഘട്ട വിഷയം അദ്ദേഹം എത്രത്തോളം വ്യക്തിപരമായി കാണുന്നു എന്നതാണ് ഈ സംഭാഷണത്തിൽ എന്നെ ഏറെ ആകർഷിച്ചത്. പശ്ചിമഘട്ടം അദ്ദേഹത്തിന് വെറുമൊരു ഭൂപ്രദേശമായിരുന്നില്ല, മറിച്ച് ജീവനുള്ള ഒരു പാരിസ്ഥിതിക ഘടകമായിരുന്നു. അതിന്റെ തകർച്ച തടയാൻ തനിക്ക് ധാർമിക ഉത്തരവാദിത്തമുണ്ടെന്ന തോന്നലായിരുന്നു അദ്ദേഹത്തിന്.
‘ദുരന്തഭൂമിയിലെ ശവംതീനി കഴുകൻ’; ഞാനും നിങ്ങളും ജീവനോടെ കാണും, ആരാണു കള്ളം പറയുന്നതെന്ന് മനസ്സിലാകും: ഗാഡ്ഗിലാണ് ശരി!
Environment News
2021 ലാണ് അദ്ദേഹവുമായി രണ്ടാമത് സംസാരിക്കുന്നത്. 10 മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന ഒരു ഫോൺ സംഭാഷണം. ഇന്ത്യയിലെ വനങ്ങൾക്കായി ഒരു പാരിസ്ഥിതിക സൂചിക തയ്യാറാക്കാൻ എനിക്ക് ലഭിച്ച അസൈൻമെൻ്റുമായി ബന്ധപ്പെട്ടായിരുന്നു അത്. വനത്തിന്റെ നിബിഢതയെ മാത്രം അടിസ്ഥാനമാക്കിയുള്ള തരംതിരിക്കലിനു പകരം ജൈവവൈവിധ്യം, പരിസ്ഥിതി പ്രവർത്തനങ്ങൾ, സമ്പത്തിലുള്ള ആശ്രയത്വം തുടങ്ങിയവയെ അടിസ്ഥാനമാക്കി വനങ്ങളുടെ ആരോഗ്യത്തെ നിർവചിക്കുന്നതിനു വേണ്ടിയായിരുന്നു സൂചിക തയ്യാറാക്കുന്നത്. പരിസ്ഥിതി ശാസ്ത്രജ്ഞൻ എന്നതിലുപരി ഡോ. ഗാഡ്ഗിൽ ഒരു ഗണിതശാസ്ത്രജ്ഞൻ കൂടിയാണെന്ന് അറിയാമായിരുന്നതിനാൽ അസൈൻമെന്റിന്റെ മെതേഡോളജി അദ്ദേഹം വിലയിരുത്തണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ക്ഷമയോടെ എന്നെ കേട്ടിരുന്ന അദ്ദേഹം ആശയത്തിൽ ഏറെ ആകൃഷ്ടനായെങ്കിലും ആത്മകഥ എഴുതുന്നതിന്റെ തിരക്കിലായതിനാൽ ചേർന്ന് പ്രവർത്തിക്കുന്നതിന് തടസ്സങ്ങളുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആ ലഘു സംഭാഷണത്തിൽ പോലും അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള ജിജ്ഞാസയും നിറഞ്ഞുനിന്നിരുന്നു.
മാധവ് ഗാഡ്ഗിൽ (ചിത്രം: മനോരമ)
അദ്ദേഹത്തിന്റെ പ്രാവീണ്യം വിവരിക്കാൻ അദ്ദേഹത്തെക്കുറിച്ചുള്ള വ്യക്തിപരമായ എഴുത്തുകൾ വേണമെന്നില്ല. ഡോ. ഗാഡ്ഗിലിന്റെ ജീവിതവും സ്വാധീനവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അത്രത്തോളം ഇഴചേർന്നിട്ടുണ്ട്. മറ്റനേകം ആളുകളെപ്പോലെ എൻ്റെ പാരിസ്ഥിതിക ബോധവും അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിച്ചതിലൂടെ രൂപപ്പെട്ടതാണ്.
വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ തപോവനം ഉണ്ടാക്കിയ 92 വയസ്സുകാരി; ജീവിതം മാറ്റിമറിച്ചത് ആ അപകടം
Environment News
ഡോ. ഗാഡ്ഗിൽ രാമചന്ദ്ര ഗുഹയുമായി ചേർന്ന് എഴുതിയ ‘ദിസ് ഫിഷർഡ് ലാൻഡ്’, ‘ഇക്കോളജി ആൻഡ് ഇക്വിറ്റി’ എന്നീ രണ്ടു പുസ്തകങ്ങളും ഇന്ത്യയുടെ പാരിസ്ഥിതിക ചരിത്രം മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാന ഗ്രന്ഥങ്ങളായി കണക്കാക്കാം. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര ഉപഭോഗം, സമഗ്രമായ സംരക്ഷണം, ലോകമെമ്പാടുമുള്ള പാരിസ്ഥിതിക ചിന്തകളെ രൂപപ്പെടുത്തുന്ന എക്കോളജിക്കൽ റഫ്യൂജീസ് എന്ന ആശയം തുടങ്ങിയവയെല്ലാം ഇവ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇതിനുപുറമേ അഹിംസ, സസ്യാഹാരം, മിശ്ര കൃഷി രീതി തുടങ്ങിയ ഇന്ത്യൻ പാരമ്പര്യങ്ങൾക്കുള്ള പാരിസ്ഥിതിക വിശദീകരണങ്ങളും ഇവ നൽകുന്നു.
എല്ലാം ഓർത്തുവയ്ക്കും; ഒരുനാൾ തീർക്കും മരണത്തോളം പോന്ന പ്രതികാരം; ‘ഒട്ടകപ്പക’ ചെറുതല്ല!
Environment News
പ്രകൃതി വിഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള എന്റെ ചിന്തകൾ കൃത്യമായി രൂപീകരിക്കുന്നതിന് ഈ പുസ്തകങ്ങൾ ഏറെ സ്വാധീനിച്ചു. മനുഷ്യരിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ടുള്ള പ്രകൃതി സംരക്ഷണ മാർഗ്ഗങ്ങൾ ധാർമികമോ ഫലപ്രദമോ അല്ല എന്ന വിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്തു.
സമ്മാനമായി ലഭിച്ച തന്റെ ഛായാചിത്രവുമായി മാധവ് ഗാഡ്ഗിൽ (ചിത്രം: മനോരമ)
ഏറ്റവുമധികം ഫലങ്ങൾ നൽകിയ അദ്ദേഹത്തിന്റെ പൊതു നയ സംഭാവനകളിൽ ബയോളജിക്കൽ ഡൈവേർസിറ്റി ആക്റ്റും WGEEP റിപ്പോർട്ടും ഉൾപ്പെടുന്നു. എന്നാൽ തദ്ദേശീയരായ ജനങ്ങൾക്ക് അവരുടെ ജൈവ സമ്പത്ത് കൈകാര്യം ചെയ്യാനും അവയിൽ നിന്നുള്ള നേട്ടം പ്രയോജനപ്പെടുത്താനും സഹായകമാകുന്ന ബയോഡൈവേഴ്സിറ്റി ആക്ട് ഇന്നോളം കൃത്യമായി നടപ്പിലായിട്ടില്ല.
പശ്ചിമഘട്ടത്തെ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നിർദേശവും അവ നടപ്പാക്കുന്നതിനായി ദേശീയതലത്തിലുള്ള പുതിയ അതോറിറ്റിയെ ആശ്രയിക്കേണ്ടുന്ന തരത്തിലുള്ള ഭരണ ചട്ടക്കൂടുകളും കാരണം WGEEP റിപ്പോർട്ട് നടപ്പാക്കാതെ മാറ്റിവയ്ക്കപ്പെട്ടു. പാരിസ്ഥിതിക നാശത്തിന്റെ അനന്തരഫലങ്ങൾ കേരളം കഴിഞ്ഞ പതിറ്റാണ്ടിൽ വെള്ളപ്പൊക്കത്തിന്റെയും കനത്ത മണ്ണിടിച്ചിലുകളുടെയും രൂപത്തിൽ അനുഭവിച്ചു. WGEEP റിപ്പോർട്ട് ഇതിനെക്കുറിച്ച് മുൻപ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഗ്രീൻലൻഡിൽ ട്രംപ് കണ്ണു വയ്ക്കുന്നത് ചുമ്മാതല്ല; മറഞ്ഞിരിക്കുന്നത് കോടാനുകോടി മൂല്യമുള്ള അപൂർവ ധാതുസമ്പത്ത്
Environment News
പശ്ചിമഘട്ട റിപ്പോർട്ടിനെക്കുറിച്ചുള്ള എന്റെ നിരൂപണം അതിന്റെ ശാസ്ത്രീയ സാധുതയെക്കുറിച്ചല്ല. പാരിസ്ഥിതിക സംരക്ഷണത്തിന് സാമ്പത്തും വിപണിയും അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ഒഴിവാക്കി കമാൻഡ് ആൻഡ് കൺട്രോൾ ഗവർണൻസ് മോഡൽ നടപ്പിൽ വരുത്തുന്നതിനെക്കുറിച്ചാണ് ഞാൻ വിമർശിച്ചത്. പരിസ്ഥിതിയെ സുസ്ഥിരമായി കൈകാര്യം ചെയ്യാനുള്ള വിപണികളുടെ കഴിവിൽ ഡോ. ഗാഡ്ഗിലിന് വിശ്വാസമില്ലാതിരുന്നതിനാൽ അദ്ദേഹം പരിഹാരമാർഗ്ഗങ്ങളിൽ അവ പാടെ ഒഴിവാക്കി. മറിച്ച് കമ്മ്യൂണിറ്റികളുടെ കാര്യസ്ഥതയിലായിരുന്നു അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള വിശ്വാസം. എന്നാൽ വ്യാവസായികവും ഉപഭോക്തൃപരവുമായി മാറുന്ന കമ്മ്യൂണിറ്റികൾ ഈ വിശ്വാസത്തെ ചോദ്യംചെയ്യുന്നുണ്ട്.
2019ൽ മാധവ് ഗാഡ്ഗിൽ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമല സന്ദർശിച്ചപ്പോൾ. (ചിത്രം: മനോരമ)
അദ്ദേഹം നേതൃത്വം നൽകിയ സ്ഥാപനങ്ങളാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക ഗവേഷണ ഹബ്ബായ സെൻ്റർ ഫോർ എക്കോളജിക്കൽ സയൻസസ് നിർമ്മിക്കുന്നതിൽ അദ്ദേഹം അടിസ്ഥാന പങ്കുവഹിച്ചു. ഇവിടെ ഗവേഷണം നടത്തുകയും പരിശീലനം നേടുകയും ചെയ്ത പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പല തലമുറകൾ ഇപ്പോൾ രാജ്യത്തുടനീളം പരിസ്ഥിതി സംരക്ഷണ ശാസ്ത്ര- നയരൂപീകരണ മേഖലകളിൽ സ്വാധീനം ചെലുത്തുന്നുണ്ട്.
ഇന്ത്യയിലെ തന്ത്രപ്രധാനമായ പല പാരിസ്ഥിതിക പ്രസ്ഥാനങ്ങളിലും ഡോ. ഗാഡ്ഗിൽ പങ്കാളിയായിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഉഷ്ണമേഖലാ വനങ്ങളിൽ ഒന്നായ സൈലൻ്റ് വാലിയിൽ ഡാം നിർമിക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ കൂടി ഫലമായാണ്.
ചക്രവാതച്ചുഴി തെക്കൻ കേരളത്തിന് സമീപം; തീവ്രന്യൂനമർദം ഉച്ചയോടെ കരയിലേക്ക്, 65 കി.മീ വേഗത്തിൽ കാറ്റ്
പരിസ്ഥിതി ശാസ്ത്ര മേഖലയിലെ ഒരു അതികായൻ തന്നെയായിരുന്നു മാധവ് ഗാഡ്ഗിൽ. കാലാവസ്ഥാ പ്രതിസന്ധി, ജൈവവൈവിധ്യത്തിന്റെ നഷ്ടം, സാമൂഹിക അസമത്വം എന്നിവ നിറഞ്ഞാടുന്ന ഈ കാലഘട്ടത്തിൽ നമുക്ക് കൂടുതൽ ഗാഡ്ഗിലുമാർ കൂടിയേ തീരൂ. ബൗദ്ധിക ധൈര്യവും, ധാർമികമായ വ്യക്തതയും, വൈവിധ്യമാർന്ന കാഴ്ചപ്പാടുകളുമായി ഇടപഴകാനുള്ള സന്നദ്ധതയുമാണ് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര. ശാസ്ത്രം എന്നത് ലോകത്തെ അറിയുക മാത്രമല്ല എന്നും അതിനെ പ്രതിരോധിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണെന്നും അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നുണ്ട്.

