തിരുവനന്തപുരം ∙ നാസ–ഐഎസ്ആർഒ ദൗത്യമായ നൈസാർ ഉപഗ്രഹം ഇന്നലെ ജിഎസ്എൽവി എഫ്–16 റോക്കറ്റിൽ വിക്ഷേപിച്ചപ്പോൾ പിറന്നതു കാലം കാത്തുവച്ചൊരു മറുപടിയാണ്. ജിഎസ്എൽവി റോക്കറ്റിലെ ഉപരിഘട്ടത്തിൽ (അപ്പർ സ്റ്റേജ്) ഉപയോഗിക്കുന്ന ക്രയോജനിക് എൻജിൻ സാങ്കേതികവിദ്യ ഇന്ത്യയ്ക്കു ലഭിക്കാതിരിക്കാൻ യുഎസ് പണ്ട് ശ്രമിച്ചിരുന്നു.
നൈസാർ: പ്രകൃതിക്ഷോഭങ്ങളിൽനിന്നുള്ള രക്ഷയ്ക്ക് ആദ്യ ചുവട്; ആഗോള സൗഖ്യത്തിന് ഈ ആകാശക്കണ്ണ്
എൺപതുകളുടെ അന്ത്യത്തിലാണ് ഐഎസ്ആർഒ ജിഎസ്എൽവിക്കായി ശ്രമിച്ചത്. ദ്രവഹൈഡ്രജനും ദ്രവഓക്സിജനും ഇന്ധനമായി ഉപയോഗിക്കുന്ന ക്രയോജനിക് എൻജിൻ ഇതിനു വേണം. ഈ സാങ്കേതികവിദ്യ യുഎസ്, സോവിയറ്റ് യൂണിയൻ, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്കേ അന്നുണ്ടായിരുന്നുള്ളൂ. യുഎസും ജപ്പാനും ഇന്ത്യയ്ക്കതു നൽകില്ലെന്നറിയിച്ചു. 1000 കോടി രൂപയാണു ഫ്രാൻസ് ആവശ്യപ്പെട്ടത്. എന്നാൽ, സോവിയറ്റ് യൂണിയൻ 235 കോടിക്ക് 2 ക്രയോജനിക് എൻജിനും സാങ്കേതികവിദ്യയും നൽകാമെന്നേറ്റു. 1990 ൽ കരാറൊപ്പിട്ടു.
പക്ഷേ, താമസിയാതെ സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമാവുകയും ഘടക റിപ്പബ്ലിക്കുകൾ വെവ്വേറെ രാജ്യങ്ങളാവുകയും ചെയ്തു. ബഹിരാകാശ– ആണവ സാങ്കേതിക വിദ്യയുടെ നിയന്ത്രണം മുഖ്യ റിപ്പബ്ലിക്കായ റഷ്യയ്ക്കായിരുന്നു. ഇന്ത്യയ്ക്കു സാങ്കേതികവിദ്യ കൈമാറരുതെന്ന യുഎസ് സമ്മർദത്തിനു റഷ്യ വഴങ്ങി. 5 ക്രയോജനിക് എൻജിനും 2 മോക്ക് അപ് ഘട്ടങ്ങളും റഷ്യയിൽനിന്നു കിട്ടിയെങ്കിലും സാങ്കേതികവിദ്യ ലഭ്യമായില്ല.
2001 ഓഗസ്റ്റ് 18 ന് ജിഎസ്എൽവി ഡി1 റോക്കറ്റ് വിക്ഷേപിച്ച് ഇന്ത്യ ക്രയോജനിക് റോക്കറ്റ് സ്വന്തമാക്കി. അധികം വൈകാതെ ഐഎസ്ആർഒ തദ്ദേശീയമായി ക്രയോജനിക് സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. ഇപ്പോഴുള്ള എല്ലാ ജിഎസ്എൽവി, എൽവിഎം 3 റോക്കറ്റുകളിലും ഈ തദ്ദേശീയ സാങ്കേതികവിദ്യയാണുള്ളത്.
നൈസാർ നാൾവഴി
2007: ഭൗമഘടനയുടെ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന യുഎസ് നാഷനൽ അക്കാദമി ഓഫ് സയൻസസ് നിർദേശം നൈസാർ എന്ന ആശയത്തിനു തുടക്കമിട്ടു.
2011: നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ നൈസാർ പ്രോജക്ട് സയന്റിസ്റ്റ് പോൾ റോസൺ ഐഎസ്ആർഒ സന്ദർശിച്ചു. തുടർന്ന് ഇന്ത്യ–യുഎസ് സംരംഭമായി ഭൗമ നിരീക്ഷണ റഡാർ ദൗത്യം നടപ്പാക്കുന്നതിനെ പറ്റി ചർച്ച.
2014: ഇരു ഏജൻസികളും തമ്മിൽ കരാർ.
2021: ഉപഗ്രഹത്തിലെ ഒരു റഡാർ അഹമ്മദാബാദിലെ ഐഎസ്ആർഒ സ്പേസ് ആപ്ലിക്കേഷൻസ് സെന്ററിൽ നിർമിച്ച് ജെപിഎല്ലിലേക്ക് അയച്ചു. എൽ-ബാൻഡ് റഡാറിന്റെ നിർമാണം ജെപിഎല്ലിലായിരുന്നു. തുടർന്നുള്ള 2 വർഷം ഇരു റഡാർ സംവിധാനങ്ങളെയും സംയോജിപ്പിച്ച് പരീക്ഷിച്ചു.
2023: മാർച്ചിൽ ഈ സംയുക്ത പേലോഡ് ബെംഗളൂരുവിലെ ഐഎസ്ആർഒയുടെ ഉപഗ്രഹ സംയോജന-പരീക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചു.
2025: ജൂലൈ 30– വിക്ഷേപണം. നൈസാർ ഉപഗ്രഹത്തിലെ 2റഡാറുകളും ചേർന്ന് 3 വർഷത്തെ ദൗത്യകാലത്ത് ദിവസേന ഏകദേശം80 ടെറാബൈറ്റ് ഡേറ്റ ഉണ്ടാക്കും.5 വർഷംവരെ തുടരാനുള്ള ഇന്ധനം നൈസാറിലുണ്ട്.

