Breaking
3 Feb 2026, Tue

നേവി സീൽ സൈനികർ കടലിൽ മരിച്ചു, പാക്ക് പൗരന് 40 വർഷം തടവ്;യെമനിലെ ഹൂതികൾക്കായി ഇറാനിൽ നിന്ന് ആയുധങ്ങൾ, എന്താണ് ആ രാത്രി സംഭവിച്ചത്?

യുഎസിന്റെ ഉന്നത സേനാ യൂണിറ്റായ നേവി സീൽസിലെ 2 സൈനികർ മരിക്കാനിടയായ സംഭവത്തിൽ പാക്കിസ്ഥാൻകാരൻ മുഹമ്മദ് പഹ്​ലവനെ 40 വർഷം ജയിൽശിക്ഷ യുഎസ് കോടതി വിധിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ അറബിക്കടലിൽ വച്ച് പഹ്​ലവന്റെ കപ്പലിനെ നേവി സീൽസ് വളഞ്ഞെങ്കിലും അദ്ദേഹം കപ്പൽ നിർത്തിയിരുന്നില്ല. അങ്ങനെ ബോട്ടിൽ കയറാനാകാതെ കടലിൽ വീണാണു നേവി സീൽസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.

ഭൂമിയുടെ ഉള്ളിലിറങ്ങിയ യുഎസ് നാവികൻ! ദുരൂഹതകളുയർത്തിയ ‘മിസിങ് ഡയറി’

യെമനിലെ ഹൂതികൾക്കായി ഇറാനിൽ നിന്ന് ആയുധങ്ങൾ വഹിച്ചുപോയതായിരുന്നു പഹ്ലവാന്റെ കപ്പൽ. അതീവ ദുഷ്‌കരമായ ദൗത്യത്തിനൊടുവിൽ കപ്പൽ പിടിച്ചടക്കുകയും പഹ്​ലവൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.അറബിക്കടലിൽ അമേരിക്കൻ നാവിക സേനയുടെ രണ്ട് ഭടന്മാർക്ക് ജീവൻ നഷ്ടമായ ആ രാത്രിയിൽ സംഭവിച്ചത്:

യുഎസ് സൈനികരെ വിഴുങ്ങി ഇരുണ്ട തിരമാലകൾ

2024 ജനുവരി 1-ന് രാത്രിയിൽ, യുഎസ്എസ് ലൂയിസ് ബി. പുള്ളർ എന്ന കപ്പലിൽ നിന്ന് പുറപ്പെട്ട യുഎസ് സെൻട്രൽ കമാൻഡ് സേന സൊമാലിയക്ക് സമീപമുള്ള അറബിക്കടലിൽ ഒരു സുപ്രധാന ദൗത്യത്തിന് ഇറങ്ങി. അറേബ്യൻ കടലിലെ ഒരു അനധികൃത കപ്പലിൽ വെരിഫിക്കേഷനും പരിശോധനയുമായിരുന ്നു ദൗത്യം. കപ്പലിലേക്ക് കയറുന്നതിനിടെ, ചീഫ് സ്പെഷ്യൽ വാർഫെയർ ഓപ്പറേറ്റർ ക്രിസ്റ്റഫർ ജെ. ചേമ്പേഴ്‌സ് വഴുതി ആഴത്തിലേക്ക് വീണു.

അദ്ദേഹത്തെ രക്ഷിക്കാൻ ഉടൻ തന്നെ സ്പെഷ്യൽ വാർഫെയർ ഓപ്പറേറ്റർ നഥാൻ ഗേജ് ഇൻഗ്രാം പിന്നാലെ കടലിലേക്ക് ചാടി.ഭാരമുള്ള സൈനിക ഉപകരണങ്ങളും ശക്തമായ തിരമാലകളും ഇരുവരുടെയും തിരിച്ചുവരവ് ദുഷ്കരമാക്കി.ഗോവണിയിൽ പിടിച്ച് ഫ്ലോട്ടേഷൻ ഉപകരണങ്ങൾ വിന്യസിക്കാൻ ശ്രമിച്ചെങ്കിലും കടലിന്റെ ശക്തിക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. ആ പ്രദേശത്ത് ഏകദേശം 12,000 അടി ആയിരുന്നു ആഴം.

സുരക്ഷിതമല്ലാത്ത ചരക്കുകളുണ്ടായിരുന്ന ആ കപ്പൽ പിന്നീട് യുഎസ് സേന തന്നെ മുക്കി. സംഭവത്തിൽ 14 നാവികരെ കസ്റ്റഡിയിലെടുത്തു. ഈ ദുരന്തത്തിൽ വീരമൃത്യു വരിച്ച രണ്ട് സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും അവർക്ക് മരണാനന്തര ബഹുമതികൾ നൽകുകയും ചെയ്തു.

എന്താണ് നേവി സീൽസ്?

ലോകത്തിൽ ഏറ്റവും കഠിനമായ പരിശീലനത്തിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന സേനാ യൂണിറ്റുകളിലൊന്നാണ് നേവി സീൽസ്. കടൽ, കര, വ്യോമ ആക്രമണങ്ങളിൽ ഇവർ നിപുണരാണ്. നേവൽ സ്‌പെഷൽ വാർഫെയർ കോംബാറ്റ് ഫോഴ്‌സസ് എന്ന യുഎസ് വിഭാഗത്തിന്‌റെ നട്ടെല്ലാണ് നേവി സീലുകൾ. രണ്ടാം ലോകയുദ്ധത്തിൽ യുഎസിന്‌റെ ഫ്രോഗ്‌മെൻ യൂണിറ്റിൽ നിന്നാണ് ഇവരുടെ പിന്തുടർച്ച.

ശാരീരികമായും മാനസികമായും കഠിനമായ പരിശീലനം നേടിയ ശേഷമാണ് നേവി സീൽസിനെ തിരഞ്ഞെടുക്കുന്നത്. മികച്ച വ്യക്തിത്വം, പുതിയ ദൗത്യങ്ങൾ നേരിടാനുള്ള ശേഷി, മികച്ച ആരോഗ്യനിലവാരം എന്നിവയുള്ളവരെയാണ് നേവി സീൽസിൽ അംഗങ്ങളായി തിരഞ്ഞെടുക്കുന്നത്.

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സ്‌പെഷൽ ആക്ടിവിറ്റീസ് ഡിവിഷനിലേക്ക് നേവി സീൽസിനെ തിരഞ്ഞെടുക്കാറുണ്ട്. 1950ലെ കൊറിയൻ യുദ്ധകാലത്ത് നേവി സീൽസിന്‌റെ ആദ്യകാല രൂപമായ അണ്ടർവാട്ടർ ഡെമോലിഷൻ ടീമുകൾ ശ്രദ്ധേയമായ ദൗത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.

പ്രപഞ്ചത്തിലെ ‘അദൃശ്യ രാക്ഷസൻ’, മറ്റൊരു ലോകത്തേക്കുള്ള കവാടം!: ബ്ലാക്ക് ഹോളിന്റെ നിഗൂഢ ലോകം

അറുപതുകളിലെ വിയറ്റ്‌നാം യുദ്ധകാലത്താണ് നേവി സീൽസ് ഇപ്പോഴത്തെ രൂപത്തിലും പേരിലുമെത്തിയത്. പ്രസിഡന്‌റ് ജോൺ എഫ് കെന്നഡിയുടെ ശ്രമഫലമായിട്ടായിരുന്നു ഇത്. നേവി സീലുകളുടെ ആദ്യകാല ദൗത്യങ്ങൾ ക്യൂബ ലക്ഷ്യം വച്ചുള്ളതായിരുന്നു.പിൽക്കാലത്ത് ഇറാഖ് യുദ്ധം, അഫ്ഗാൻ യുദ്ധം തുടങ്ങിയ അമേരിക്കയുടെ എല്ലാ പ്രധാനയുദ്ധങ്ങളിലും നേവി സീൽസിന്‌റെ സാന്നിധ്യമുണ്ടായിരുന്നു.

Defence Sector

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *