അമേരിക്കയുടെ പ്രധാന നോട്ടപ്പുള്ളികളിലൊരാളായിരുന്നു നിക്കോളാസ് മഡുറോയെ സ്വന്തം രാജ്യത്തു കയറി റാഞ്ചിയിരിക്കുകയാണ് യുഎസ്. തങ്ങളുടെ നാവികസേനയിലെ കരുത്തുറ്റ കപ്പലുകളിലൊന്നായ യുഎസ്എസ് ഇയോ ജിമയിലാണു മഡുറോയെ ന്യൂയോർക്കിലേക്ക് എത്തിച്ചത്. 840 അടി നീളവും 140 അടി വീതിയുള്ള ഡെക്കുമുള്ള ഇയോ ജിമ ഒരു മിനി എയർക്രാഫ്റ്റ് കാരിയർ എന്നറിയപ്പെടുന്നു. സൈനികർ, ഹെലികോപ്റ്ററുകൾ, ജെറ്റ് വിമാനങ്ങൾ, ബോട്ടുകൾ എന്നിവയൊക്കെ വഹിക്കാൻ ശേഷിയുള്ളതാണ് ഇയോ ജിമ.
കൊക്കെയ്ൻ സാമ്രാജ്യത്തിലെ ‘സൂര്യന്മാർ’; എന്താണ് അമേരിക്ക പറയുന്ന, വെനസ്വേലയിലെ ‘കാർട്ടൽ ഡെ ലോസ് സോൾസ്’ എന്ന നിഗൂഢ സംഘടന?
കടലിൽ നിന്നു കരയിലേക്കു പെട്ടെന്നു സേനാവിന്യാസം നടത്തുന്ന ആംഫിബിയസ് ആക്രമണങ്ങൾക്കു പറ്റിയ കപ്പലാണ് ഇയോ ജിമ. മിസൈൽ ലോഞ്ചറുകൾ, മെഷീൻ ഗണ്ണുകൾ, മറ്റ് ആയുധങ്ങൾ എന്നിങ്ങനെ അനേകം ആയുധങ്ങൾ വിന്യസിച്ചിരിക്കുന്ന ഒരു കടൽക്കോട്ടയാണ് ഇയോ ജിമ. ഈ കപ്പലിന് പേര് ലഭിച്ചത് രണ്ടാം ലോകയുദ്ധത്തിലെ ഒരു പ്രശസ്ത അമേരിക്കൻ യുദ്ധത്തിൽ നിന്നാണ്.
ഇയോ ജിമ മൗണ്ട് സൂരിബാചി എന്ന പ്രശസ്തമായ പർവതം
സൾഫർ ദ്വീപെന്ന് അറിയപ്പെടുന്ന ജപ്പാനിലെ ഇയോ ജിമ മൗണ്ട് സൂരിബാചി എന്ന പ്രശസ്തമായ പർവതം സ്ഥിതി ചെയ്യുന്നിടമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ യുഎസും ജപ്പാനുമായി ശ്രദ്ധേയമായ യുദ്ധവും ഇവിടെ നടന്നു. ഈ യുദ്ധത്തിൽ വിജയം നേടിയ യുഎസ് സൈനികർ മൗണ്ട് സൂരിബാച്ചിയുടെ മുകളിൽ യുഎസ് പതാക ഉയർത്തിയത് രണ്ടാം ലോകയുദ്ധ കാലത്തെ പ്രശസ്തമായ ചിത്രങ്ങളിലൊന്നായിരുന്നു.
പേൾ ഹാർബർ ആക്രമണത്തിനു ശേഷം ജപ്പാനെ ആക്രമിക്കാനുള്ള യുഎസ് ശ്രമങ്ങളിലെ ശ്രദ്ധേയമായ ഏടായിരുന്നു ഇയോ ജിമ പോരാട്ടം.1945ലായിരുന്നു ഇതു നടന്നത്. ജപ്പാന്റെ പ്രധാനകരയിൽ നിന്ന് ആയിരം കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന ഇയോ ജിമ ദ്വീപിൽ 3 എയർഫീൽഡുകളുണ്ടായിരുന്നു. ഇവ പിടിച്ചടക്കിയാൽ ജപ്പാനെ ആക്രമിക്കുന്നതിനു സഹായകരമാകുമെന്നായിരുന്നു യുഎസിന്റെ വിലയിരുത്തൽ. 1945 ഫെബ്രുവരി 19ന് യുഎസ് സൈന്യം ഇയോ ജിമ ആക്രമിച്ചു. തുടർന്ന് 5 ആഴ്ചകളോളം നീണ്ടു നിന്ന ഘോരയുദ്ധം ഇവിടെ നടന്നു.
അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!
യുഎസ് മറീനുകൾ ദ്വീപ് പിടിച്ചടക്കാനായി ഇയോ ജിമയിലെത്തി
ചെങ്കുത്തായ മലകളും താഴ്വരകളും കാടുകളുമുള്ള ഇയോ ജിമയുടെ ഭൂപ്രകൃതി ഉപയോഗിച്ചുള്ള ഗറില്ലാ യുദ്ധതന്ത്രമാണു ജപ്പാൻ പ്രയോഗിച്ചത്. ദിവസങ്ങൾക്കുള്ളിൽ ദ്വീപ് പിടിച്ചെടുക്കാമെന്ന യുഎസിന്റെ കണക്കുകൂട്ടലിനെ ഇതു തകിടം മറിച്ചു. എഴുപതിനായിരത്തോളം യുഎസ് മറീനുകൾ ദ്വീപ് പിടിച്ചടക്കാനായി ഇയോ ജിമയിലെത്തി. ഇവരിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു.ഇരുപതിനായിരത്തോളം ജാപ്പനീസ് സൈനികരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.
ശത്രുക്കൾക്കു മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരണമായിരുന്നെന്നാണ് അക്കാലത്തെ ജപ്പാനിൽ സൈനികരുടെ ഇടയിലുണ്ടായിരുന്ന വിശ്വാസം. അതിനാൽ അവർ യുഎസ് സൈനികർക്ക് കീഴടങ്ങാൻ കൂട്ടാക്കിയില്ല, പലരും മരണം വരിച്ചു.രണ്ടാം ലോകയുദ്ധത്തിന്റെ അവസാന പാദത്തിൽ നടന്നതിനാലും ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന അണുബോംബ് വർഷത്തിന്റെ മുന്നോടിയായുള്ള യുദ്ധമായതിനാലും ഇയോ ജിമ യുദ്ധത്തിനു ചരിത്രത്തിൽ സവിശേഷ സ്ഥാനമുണ്ട്.
Nicolas Maduro
Defence Sector
United States Of America (USA)
US Venezuela Conflict
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

