കളമശേരി ∙ ചിലങ്കയുടെയും തബലയുടെയും മത്സരം, ഹരമേകി ഹാർമോണിയവും സിത്താറും. കുസാറ്റിൽ പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനി അവതരിപ്പിച്ച കഥക് നൃത്തത്തിൽ താള ഭാവങ്ങൾ മഴയായി പെയ്തിറങ്ങി. രുദ്രാഷ്ഠകവും രാധാകൃഷ്ണ പ്രണയവും ഗസലിനൊപ്പമുള്ള നൃത്തച്ചുവടുകളും ജുഗൽബന്ദിയും കാണികൾ കയ്യടികളോടെ സ്വീകരിച്ചു.
കുസാറ്റിൽ എൻഎസ്എസും സാമൂഹിക സന്നദ്ധ സേനയും സൊസൈറ്റി ഫോർ പ്രമോഷൻ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾചർ എമങ് യൂത്തും (സ്പിക് മകായ്) സംഘടിപ്പിച്ച ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് പണ്ഡിറ്റ് രാജേന്ദ്ര ഗംഗാനിയും ശിഷ്യ അനഘ വാരിയരും കഥക് നൃത്തം അവതരിപ്പിച്ചത്.
ഫത്തേഹ് സിങ് ഗംഗാനി തബലയും നവീൻ പ്രസാദ് ഹാർമോണിയവും രവിശങ്കർ ശർമ സിത്താറും വായിച്ചു. മുൻ വൈസ്ചാൻസലർ ഡോ.കെ.എൻ.മധുസൂദനൻ, റജിസ്ട്രാർ എ.യു.അരുൺ, അധ്യാപകർ, വിദ്യാർഥികൾ, കുസാറ്റ് ജീവനക്കാർ തുടങ്ങിയവർ കഥക് നൃത്തം ആസ്വദിക്കാനെത്തിയിരുന്നു.

