Breaking
5 Feb 2026, Thu

ഡീപ്​ഫെയ്ക്, എഐ വ്യാജ നിർമിത ഉള്ളടക്കങ്ങൾ, സോഷ്യൽ മീഡിയ കമ്പനികൾക്ക് കൂച്ചുവിലങ്ങ്; കടുത്ത മുന്നറിയിപ്പുമായി കേന്ദ്രം

ഡീപ്​ഫെയ്ക്, എഐ വ്യാജ നിർമിത ഉള്ളടക്കങ്ങൾ എന്നിവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കൃത്യമായ ഉത്തരവാദിത്തം വേണമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ബ്ലൂംബെർഗ് ന്യൂ ഇക്കോണമി ഫോറത്തിൽ സംസാരിക്കവെയാണ് മെറ്റ, യൂട്യൂബ് തുടങ്ങിയ വമ്പൻ ടെക് കമ്പനികൾക്ക് അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകിയത്. വ്യാജവാർത്തകൾക്കും കൃത്രിമ ഉള്ളടക്കങ്ങൾക്കും എതിരെ നടപടിയെടുത്തില്ലെങ്കിൽ കർശനമായ നിയമനിർമ്മാണം നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാജവാർത്തകളും ഡീപ്​ഫെയ്ക് വിഡിയോകളും പ്രകാശവേഗതയിലാണ് പ്രചരിക്കുന്നത്. ഇത് സമൂഹവും ഭരണഘടനാ സ്ഥാപനങ്ങളും തമ്മിലുള്ള വിശ്വാസം തകർക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം സിന്തറ്റിക് മെറ്റീരിയലുകൾ പ്രചരിക്കുന്നത് തടയാൻ പ്ലാറ്റ്‌ഫോമുകൾക്ക് ബാധ്യതയുണ്ട്. ജനങ്ങൾക്കിടയിൽ വിശ്വാസ്യത നിലനിർത്താൻ സോഷ്യൽ മീഡിയ കമ്പനികൾ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓരോ രാജ്യത്തെയും നിയമങ്ങളെയും സാമൂഹിക ഘടനയെയും ബഹുമാനിക്കാൻ ആഗോള ടെക് ഭീമന്മാർ തയ്യാറാകണം. ഇന്ത്യയിലെ വൈവിധ്യമാർന്ന സാമൂഹിക പശ്ചാത്തലം മനസ്സിലാക്കി പ്രവർത്തിച്ചാൽ മാത്രമേ പ്ലാറ്റ്‌ഫോമുകൾക്ക് ഇവിടെ വിജയിക്കാനാകൂ. അല്ലാത്തപക്ഷം, ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ നിർബന്ധിതരാകുമെന്ന് വൈഷ്ണവ് മുന്നറിയിപ്പ് നൽകി.

എഐ ഉപയോഗിച്ച് നിർമിക്കുന്ന ഉള്ളടക്കങ്ങൾ പ്രത്യേകം തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ലേബൽ ചെയ്യണമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ പരാമർശം. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിവരങ്ങളുടെ സ്വകാര്യതയ്ക്കും മുൻഗണന നൽകുന്ന നയങ്ങളാണ് ഇന്ത്യ സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് മന്ത്രിയുടെ വാക്കുകൾ.

By admin

Leave a Reply

Your email address will not be published. Required fields are marked *