Breaking
5 Feb 2026, Thu

ഗൂഗിള്‍ ജെമിനൈ 3.0 എഐ കുതിക്കുന്നു, ചാറ്റ്ജിപിടി പൂട്ടുമോ! ഭീഷണിയുടെ കാരണമെന്ത്?

ഗൂഗിള്‍ ജെമിനൈ 3.0 എഐ മോഡല്‍ പുറത്തിറക്കിയ ഉടനെ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയില്‍ അപകടമണി മുഴങ്ങി. കമ്പനിയുടെ മേധാവി സാം ഓള്‍ട്ട്മാന്‍ തന്നെ ചാറ്റ്ജിപിടിക്ക് അതിവേഗം മാറ്റം വരുത്തുന്ന കാര്യത്തിന് മുന്‍ഗണന ലഭിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ‍

ഈ മുന്നറിയിപ്പില്‍ ഒളിപ്പിച്ചിരുന്ന ഭീതി അതിറക്കിയ സമയത്ത് അത്ര വ്യക്തമായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദ് വോള്‍ സ്ട്രീറ്റ് ജേണല്‍, ദ് ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് ഓള്‍ട്ട്മാന്‍ നല്‍കിയ മുന്നറിപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ കമ്പനിക്കുള്ളില്‍ നിന്ന് സംഘടിപ്പിച്ച് പുറത്തുവിട്ടത്.

സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ

പ്രശ്‌നം ഗൗരവകരം

പേരു വെളിപ്പെടുത്തത്ത ഒരു മുന്‍ ഓപ്പണ്‍എഐ ഗവേഷകന്‍ ഫോര്‍ച്യൂണിന് അനുവദിച്ച ഇന്റര്‍വ്യൂവിലാണ് ഒപ്പണ്‍എഐ ഗൂഗിളില്‍ നിന്നു നേരിടുന്ന ഭീഷണിയുടെ വ്യാപ്തി വെളിവാകുന്നത്. പ്രശ്‌നം അതീവ ഗൗരവകരമാണെന്നാണ് അദ്ദേഹം നല്‍കുന്ന മുന്നറിയിപ്പ്. ഗൂഗിളിന് ഇപ്പോള്‍ ഓപ്പണ്‍എഐയുടെ എപിഐയും (API), കണ്‍സ്യൂമര്‍ ബിസിനസും ‘കൊന്നു’ കളായാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകന്‍ പറഞ്ഞത്.

ഓള്‍ട്ട്മാന് ഇക്കാര്യം കമ്പനിക്കുള്ളില്‍ തുറന്നു സമ്മതിക്കാന്‍ സാധിച്ചതു തന്നെ ശ്രദ്ധേയമായ കാര്യമാണെന്നും മുന്‍ ഗവേഷകന്‍ പറഞ്ഞു. ഓപ്പണ്‍എഐ ഗൂഗിളില്‍ നിന്നു നേരിടുന്ന ഭീഷണിയെക്കുറിച്ച് വളരെ സുതാര്യമായി തന്നെ അദ്ദേഹം പറഞ്ഞിരിക്കുന്നു, എന്നും ഗവേഷകന്‍ പറയുന്നു. പ്രകടനത്തിന്റെ കാര്യത്തില്‍ ഗൂഗിളിന് ഓപ്പണ്‍എഐയെ കരുത്തോടെ മറികടക്കാനായാല്‍ അതോടെ ഓള്‍ട്ട്മാന്റെ കമ്പനിക്ക് അതിന്റെ എപിഐ ബിസിനസ് പൂട്ടിക്കെട്ടേണ്ടി വരും. അതിനായി ജെമിനൈ വേണമെങ്കില്‍ ഗൂഗിള്‍ പൂര്‍ണ്ണമായും ഫ്രീയായി നല്‍കിയേക്കാനുളള സാധ്യത പോലും നിലനില്‍ക്കുന്നു, മുന്‍ ഗവേഷകന്‍ പറയുന്നു. അതോടെ ഓപ്പണ്‍എഐയുടെ കണ്‍സ്യൂമര്‍ സബ്‌സ്‌ക്രിപ്ഷന്‍ ബിസിനസ് അവസാനിച്ചേക്കാം.

ദ് വോള്‍ സ്ട്രീറ്റ് ജേണലിന്റെയും, ദ് ഇന്‍ഫര്‍മേഷന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ്ജിപിടിയുടെ വേഗതയും, വിശ്വാസ്യതയും, പേഴ്‌സണലൈസേഷനും വര്‍ദ്ധിപ്പിക്കാന്‍ ഓള്‍ട്ട്മാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ‘ചാറ്റ്ജിപിടി നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണ്,’ എന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് അയച്ച മെമ്മോയില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ചാറ്റ്ജിപിടിയുടെ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഗവേഷകരെല്ലാം ദിവസവും ചെറിയ മീറ്റിങുകളില്‍ പങ്കെടുക്കണം എന്നും ഓള്‍ട്ട്മാന്‍ ആവശ്യപ്പെട്ടിരിക്കുന്നു.

ചാറ്റ്ജിപിടി പിന്നിലാകാനുള്ള കാരണങ്ങള്‍ എന്തെല്ലാം?

‌നിര്‍മിത ബുദ്ധിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള സാധ്യതകളിലൊന്ന് അത് കൂടുതല്‍ പേരെക്കൊണ്ട് ഉപയോഗിപ്പിക്കുക എന്നതാണ്. ഇക്കാര്യം കണ്ടറിഞ്ഞ് തന്നെ ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ കാര്യങ്ങള്‍ നീക്കിയെന്നു വേണം കരുതാന്‍. യൂസര്‍മാരുടെ എണ്ണം അദ്ദേഹം വര്‍ദ്ധിപ്പിച്ചു.

ഇന്ത്യയില്‍ റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് 38,000ത്തോളം രൂപ വരുന്ന ജെമിനൈ പ്ലാന്‍ ഏകദേശം ഫ്രീയായി തന്നെ ജിയോ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് നല്‍കിയത് ആ നീക്കത്തിന്റെ ഭാഗമായിരിക്കാനാണ് വഴി. ഇന്ത്യന്‍ വംശജനായ അരവിന്ദ് ശ്രീനിവാസ് സഹസ്ഥാപകനായ പെര്‍പ്ലക്‌സിറ്റിയാണ് ഈ മാര്‍ഗം ആദ്യം സ്വീകരിച്ചത്.

എയര്‍ടെല്‍ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് പെര്‍പ്ലക്‌സിറ്റി ഫ്രീയായി നല്‍കുകായിരുന്നല്ലോ. ഓപ്പണ്‍എഐ ടാറ്റാ കണ്‍സള്‍ട്ടന്‍സിയുമായി കരാറിലേര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. ടിസിഎസുമായി ധാരണയിലെത്തിയാല്‍ പോലും അത് ജെമിനൈക്കോ, പെര്‍പ്ലക്‌സിറ്റിക്കോ ലഭിച്ചതു പോലെയുള്ള യൂസര്‍ ബേസ് ഓപ്പണ്‍എഐക്ക് നല്‍കില്ല. അത് കമ്പനിക്ക് അകത്തുള്ള ഉപയോഗത്തിന് മാത്രമായിരിക്കും ഗുണകരമാകുക.

ഫുള്‍ സ്റ്റാക്ക്

ഗൂഗിളിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ മറ്റൊരു ഘടകം ”ഫുള്‍ സ്റ്റാക്ക്” ഇന്റഗ്രേഷന്‍ ആണ്. തങ്ങളുടെ മൊത്തം എഐ പരിസ്ഥിതിയും, ഗൂഗിള്‍ തന്നെ നിര്‍മ്മിച്ചെടുത്ത ടിപിയു ചിപ്പുകളും, ജെമിനൈ തുടങ്ങിയ ഫൗണ്ടേഷന്‍ മോഡലുകളും, നൂറുകണക്കിന് കോടി ഉപോക്താക്കളുടെ ഡേറ്റയും, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചറും, കണ്‍സ്യൂമര്‍ ആപ്‌ളിക്കേഷനുകളായ സേര്‍ച്ച്, വര്‍ക്ക്‌സ്‌പേസ് തുടങ്ങിയവയുമായും ബന്ധിപ്പിച്ചു പ്രവര്‍ത്തിപ്പിക്കുന്നു എന്നതാണ്. ഇത്രയും വിപുലവും സ്വന്തം കൈയ്യില്‍ നില്‍ക്കുന്നതുമായ ഒരു അടിസ്ഥാന സൗകര്യം മറ്റൊരു കമ്പനിക്കുമില്ല.

ചെലവു കുറഞ്ഞ ടിപിയു ചിപ്പുകള്‍

ടിപിയു ചിപ്പുകള്‍ കമ്പനി നിര്‍മ്മിച്ചെടുത്തിരിക്കുന്നത് ചെലവു കുറച്ചാണ് എന്നതും ഒരു ഘടകമാണ്. പോരാത്തിന് കമ്പനിയുടെ അതിബൃഹത്തായ സേര്‍ച്ച്, യൂട്യൂബ്, ജിമെയില്‍, 300 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ എന്നിവയുമായെല്ലാം എഐ സംവിധാനങ്ങള്‍ ബന്ധിപ്പിക്കാന്‍ ഗൂഗിളിന് സാധിക്കും. അതിനാല്‍ തന്നെ എഐയുടെ കാര്യത്തില്‍ ഗൂഗിള്‍ മേല്‍ക്കോയ്മ സ്ഥാപിച്ചാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആകാശത്ത് നിന്നും ചുവന്നുപഴുത്ത് വീണ ലോഹവളയം; പെന്റഗണിന്റെ പത്തിരട്ടി വലുപ്പമുള്ള സൈനിക കേന്ദ്രവുമായി ചൈന, ഭയപ്പെടേണ്ടതുണ്ടോ

ഫുള്‍സ്റ്റാക്ക് സമീപനം ഗുണം ചെയ്യുന്നു എന്ന് ഡിപ്‌മൈന്‍ഡ്

ഗൂഗിളില്‍ വളരെ സവിശേഷതയാര്‍ന്ന ഫുള്‍ സ്റ്റാക്ക് സമീപനം കൈക്കൊള്ളാന്‍ സാധിക്കുന്നതാണ് ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങളിലൊന്ന് എന്ന് കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട എഐ വിഭാഗമായ ഡീപ്‌മൈന്‍ഡിന്റെ (DeepMind) ചീഫ് ടെക്‌നോളജി ഓഫിസര്‍ കൊറെയ് കവുകൊഗ്‌ലു (Koray Kavukcuoglu) പറയുന്നു.

ഗൂഗിളിന്റെ ജെമിനൈ 3 മോഡല്‍ ഓപ്പണ്‍എഐയുടെ ജിപിറ്റി-5 മോഡലിനെ മറികടക്കുന്ന പ്രകടനം കാഴ്ചവച്ചു കഴിഞ്ഞു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഗൂഗിളിന്റെ നാനോ ബനാന പ്രോ ഇമേജ് ജനറേറ്ററും അഭൂതപൂര്‍വ്വമായ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്നും വിദഗ്ധര്‍ പറയുന്നു. ഓപ്പണ്‍എഐ ഗവേഷകര്‍ എന്തെങ്കിലും മാജിക്ക് കാണിച്ച ചാറ്റ്ജിപിടിയെ മുന്നിലെത്തിക്കുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് ചാറ്റ്ജിപിടി പ്രേമികള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *