Breaking
1 Feb 2026, Sun

കൈകോർത്ത് മനുഷ്യത്വവും മെഷീനുകളും: ഇത് ‘ഏജന്റിക് എഐ’യുടെ കാലം

അടുത്ത തവണ നിങ്ങൾ ഒരു സാമ്പത്തിക ഉപദേശകന്റെയോ, ആരോഗ്യ ഇൻഷുറൻസ് ഗൈഡിന്റെയോ ട്രാവൽ ഏജന്റിന്റെയോ സഹായം തേടുമ്പോൾ നിങ്ങളെ സഹായിക്കുന്നത ഒരുപക്ഷേ മനുഷ്യനാകണമെന്നില്ല. നിങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി, ഞൊടിയിടയിൽ നിങ്ങൾക്കുവേണ്ടി തീരുമാനമെടുക്കുകയും ചെയ്യുന്ന ഒരു ഇന്റലിജന്റ് അസിസ്റ്റന്റ് ആയിരിക്കുമത്. ആ കാലം വിദൂരമല്ലെന്ന് ‘ഏജന്റിക് എഐ’യുടെ (Agentic AI) കടന്നുവരവോടെ മനസിലാക്കി തുടങ്ങിയിരിക്കുന്നു.

464 ദിവസം ബഹിരാകാശത്ത് ജീവിച്ച ബുച്ച് വിൽമോർ വിരമിച്ചു; ആരാണ് സുനിതയുടെ ഈ സഹയാത്രികൻ

എന്താണ് ഏജന്റിക് എഐ?

വെറുതെ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയല്ല മാത്രമല്ല, നിങ്ങളെ പോലെ ചിന്തിക്കുകയും, പ്ലാനുകൾ തയാറാക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിര്‍മിത ബുദ്ധിയുടെ കരുത്തുറ്റ പതിപ്പാണ് ഏജന്റിക് എഐ. പരമ്പരാഗത ചാറ്റ്‌ബോട്ടുകള്‍ നല്‍കുന്ന ‘മുൻകൂട്ടി തയാറാക്കിയ’ എന്ന തോന്നലുണ്ടാക്കുന്ന ഒരു പ്രതികരണമല്ല ഏജന്റിക് എഐ നൽകുക. പല ഘട്ടങ്ങളായി ചെയ്യേണ്ട പണികള്‍ തീര്‍ക്കാനും, സന്ദർഭോചിതമായി പ്രതികരിക്കാനും, നിങ്ങൾ മുൻപ് നടത്തിയ ഇടപെടലുകൾ ഓർമിപ്പിക്കാനും, നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കാനും, വൈകാരിക തലങ്ങളെപ്പോലും ഉൾക്കൊള്ളാനും അതിന് സാധിക്കും.

Image Credit: Devrimb/Istock.

സാമ്പത്തിക ഉൽപ്പന്നങ്ങളെ തമ്മില്‍ താരതമ്യംചെയ്യാനും, ഒരു കുടുംബാംഗത്തിന് ആശുപത്രിയില്‍ അഡ്മിഷന്‍ എടുക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തിനല്‍കാനും, കുറഞ്ഞ ചെലവില്‍ ഒരു വെക്കേഷന്‍ പ്ലാന്‍ ചെയ്യാനുമൊക്കെ എഐ എജന്റുകള്‍ക്ക് സാധിക്കുന്നതിനു പുറമെ, ബുദ്ധിമാനും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു സഹായിയെപ്പോലെ പെരുമാറാനും, സദാ സന്നിഹിതനായിരിക്കാനും കഴിയും.

ഈ പുതിയ മാറ്റം, കടുത്ത നിയന്ത്രണങ്ങളുള്ള സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ്, ആരോഗ്യപരിപാലനം, പൊതുജനോപകാരപ്രദമായ മേഖലകൾ എന്നിവയിൽ ആരംഭിച്ചു കഴിഞ്ഞു. പതിറ്റാണ്ടുകളായി ഈ മേഖലകള്‍ ചെലവു ചുരുക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ കസ്റ്റമര്‍മാരെ ഡിജിറ്റല്‍ സേവനങ്ങളിലേക്ക് മാറ്റിവരികയായിരുന്നു. കൂടുതല്‍ പേര്‍ ഡിജിറ്റല്‍ സമ്പ്രദായങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയതോടെ കസ്റ്റമര്‍മാരുടെ ആവശ്യങ്ങളും സങ്കീര്‍ണ്ണമായി. ഈ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിൽ പലതും വെറുമൊരു ഫോം പൂരിപ്പിക്കലോ, FAQ പേജിനോ അപ്പുറത്തേക്ക് വൈകാരികമായി പ്രാധാന്യമര്‍ഹിക്കുന്നവയാണ്. കസ്റ്റമറുടെ ജീവിതാഭിലാഷവും സെൻസിറ്റിവ് തീരുമാനങ്ങളും എല്ലാമെടുക്കുന്ന ഘട്ടത്തിലേക്കെത്തുമ്പോൾ സേവനത്തിൽ സഹാനുഭൂതിയും വ്യക്തിഗതമായ ശ്രദ്ധയും വ്യക്തതയും ആവശ്യമായി വരുന്നു. ഇത്തരം കാര്യങ്ങളൊക്കെ കിട്ടിയിരുന്നെങ്കില്‍ എന്ന് കസ്റ്റമര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. അതെല്ലാം നൽകാൻ ഇപ്പോൾ ഏജന്റിക് എഐയ്ക്ക് കഴിയുന്നുണ്ട്.

തോമസ് ജോണ്‍ മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറും

കസ്റ്റമർ അനുഭവം പുന:നിര്‍വചിക്കുന്നു

വീട്ടിലേക്ക് വിളിച്ചുവരുത്തി കാമുകി; വസ്ത്രം അഴിച്ചുമാറ്റി സ്ക്രൂഡ്രൈവറും കട്ടിങ് പ്ലെയറും ഉപയോഗിച്ച് കൊലപാതകം, കൂട്ടുനിന്ന് ഭർത്താവ്

Latest News

ഏജന്റിക് എഐ സന്ദര്‍ഭത്തെക്കുറിച്ച് ആഴത്തില്‍ മനസിലാക്കി മുൻവിധികളൊന്നുമില്ലാതെ ഉപദേശം നല്‍കിയും യഥാര്‍ഥ ജീവിതത്തിലെന്ന പോലെ കസ്റ്റമർ ആഗ്രഹിക്കുന്ന പോലെ പ്രതികരണങ്ങൾ നൽകുന്നു. ‘സമ്പന്നമായ ഡാറ്റാ ശേഖരങ്ങളിൽ നിന്നും, പെരുമാറ്റ രീതികളിൽ നിന്നും, മുൻകാല ഇടപെടലുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച്, പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഉപഭോക്താക്കളെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ സഹായിക്കുന്നു. മരണമടഞ്ഞ ആളുടെ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങള്‍ക്ക് തങ്ങളില്‍ നിന്ന് വേര്‍പെട്ടുപോയ പ്രിയപ്പെട്ടയാളുടെ ബാങ്ക് അക്കൗണ്ടുകളും മറ്റും ക്ലോസു ചെയ്യാന്‍ സഹായിക്കുക, യുവ സംരംഭകന് ലഭ്യമായ ചെറുകിട ലോണുകളുടെ സാധ്യതകള്‍ മനസിലാക്കിക്കൊടുക്കുക, മുതിര്‍ന്ന ഒരാള്‍ക്ക് സങ്കീര്‍ണ്ണമായ ഇൻഷുറന്‍സ് പദാവലികള്‍ ലളിതമായി പറഞ്ഞുകൊടുത്ത് ഉചിതമായ ആരോഗ്യപരിപാലന പോളിസി തിരഞ്ഞെടുക്കാന്‍ സഹായിക്കുക തുടങ്ങിയവയിലൊക്കെ ഏജന്റിക് എഐക്ക് സഹായമാകാന്‍ സാധിക്കും.

സൗകര്യം എന്നതിലപ്പുറം ഏജന്റിക് എഐയുടെ ബിസിനസ് സാധ്യതകള്‍ ശ്രദ്ധേയമാണ്. ഇഷ്ടപ്പെട്ട അനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചതെങ്കില്‍ അവിടേക്ക് തിരിച്ചുവരാനുള്ള സാധ്യത നാലു മടങ്ങ് ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. പല കമ്പനികളും ഇപ്പോഴും അവരുടെ കാലഹരണപ്പെട്ട സിസ്റ്റങ്ങളും ക്രോഡീകരിക്കാത്ത ഡേറ്റായും തണുപ്പന്‍ കസ്റ്റമര്‍ സപ്പോര്‍ട്ടുമെല്ലാം കൊണ്ട് കഷ്ടപ്പെടുകയാണ്. ഏജന്റിക് എഐ സുരക്ഷിതമായ, ക്രോഡീകരിച്ച ഡേറ്റയുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ അത് നിലവിലുള്ള സംവിധാനങ്ങളെക്കാള്‍ തൃപ്തികരമായി പ്രവര്‍ത്തിക്കുന്നു. ഏജന്റിക് എഐ സ്ഥാപിച്ച കമ്പനിക്ക് സേവനങ്ങള്‍ വേഗത്തിലും, സ്ഥിരതയോടെയും വളരെ വ്യക്തിപരമായ അനുഭവത്തിലൂടെയും കസ്റ്റമര്‍മാര്‍ക്ക് നല്‍കാനാകും. കസ്റ്റമര്‍ അനുഭവത്തിന്റെ ഭാവി ഡിജിറ്റല്‍ ആണെന്നതു മാത്രമല്ല, അത് വളരെ സ്യകാര്യവുമാണ്.

പ്രതീകാത്മക ചിത്രം (Photo – Tatiana Shepeleva/Shutterstock)

വിശ്വാസ്യത, സുതാര്യത, മേൽനോട്ടം

ഏജന്റിക് എഐയുടെ കടന്നുവരവിനൊപ്പം ചില കാര്യങ്ങളില്‍ കടുത്ത ഉത്കണ്ഠയും ഉണ്ടാക്കുന്നു-ഇത് പ്രധാനമായും വിശ്വാസ്യത, സ്വകാര്യത, സുതാര്യത എന്നീ കാര്യങ്ങളിലാണ്. ഒരു സോഫ്റ്റ്‌വെയറുമായി (മെഷീനുമായി) ഇടപെടുമ്പോള്‍ അവരുടെ ഡേറ്റ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന് ഇടപാടുകാര്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടാകും. ചില സുപ്രധാന കാര്യങ്ങളെങ്കിലും ഒരു വ്യക്തിയുമായി സംസാരിക്കാന്‍ സാധിക്കുമോ എന്ന് അറിയാനും ആഗ്രഹിച്ചേക്കും. ഇത് കേവലം സാങ്കേതികമായ പ്രശ്‌നമല്ല, മനുഷ്യാവകാശമാണ്. എഐ അധിഷ്ഠിതമായ എല്ലാ ഇടപെടലിലും സുതാര്യതയും, സമ്മതംവാങ്ങലും, ഉത്തരവാദിത്വമേല്‍ക്കലും എല്ലാം അധികാരികളും, ബിസിനസ് സ്ഥാപനങ്ങളും ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. എഐ ഒരിക്കലും ഒരു ബ്ലാക് ബോക്‌സിന്റെ പ്രതീതി വളര്‍ത്തുന്നത് ആകരുത്.

മനുഷ്യ-എഐ കൂട്ടായ്മ

(പ്രതീകാത്മകചിത്രം:Anggalih Prasetya/ Shutterstock)

ഇത് മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഒരു യുദ്ധമല്ല, സഹകരണമാണ്. മനുഷ്യസ്പര്‍ശം പൂര്‍ണ്ണമായി ഒഴിവാക്കാനായിരിക്കരുത് ശ്രമം. മറിച്ച് അത് കൂടുതല്‍ അര്‍ത്ഥവത്താക്കാനായിരിക്കണം. എല്ലാ സേവനങ്ങളും കൂടുതല്‍ വേഗത്തിലും, നീതിപൂര്‍വ്വകമായും, കൂടുതല്‍ സ്വാഗതാര്‍ഹമായും, കൂടുതല്‍ പ്രാപ്യമായും തീര്‍ക്കുന്നതിനൊപ്പം, അവയില്‍ മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകളില്‍ മാത്രം കാണുന്ന ഊഷ്മളതയും, സഹാനുഭൂതിയും, വിശ്വാസ്യതയും നിലനിര്‍ത്തുകയും ചെയ്യണം. ധാര്‍മികത ഉൾപ്പെടുത്തിയും, വൈവിധ്യം ഉള്‍ക്കൊള്ളിച്ചുള്ള പാഠങ്ങള്‍ പകര്‍ന്നുനല്‍കിയും കടഞ്ഞെടുത്ത ഏജന്റിക് എഐക്ക് നമ്മള്‍ ജീവിക്കുന്ന രീതിയും, തൊഴിലെടുക്കുന്ന രീതിയും, ചുറ്റുപാടുകളോട് നാം നമ്മെ ബന്ധപ്പെടുത്തുന്ന രീതിയും മാറ്റാനുള്ള ശേഷിയുണ്ട്. പിന്തുണ മാത്രമല്ല, വേഗതയില്‍ കാര്യങ്ങള്‍ നിര്‍വഹിക്കാനും ഏജന്റിക് എഐയക്ക് കഴിയും. കാര്യക്ഷമത മാത്രമല്ല, മാന്യതയും നല്‍കുന്നു. ഉത്തരങ്ങള്‍ മാത്രമല്ല, ഉള്‍ക്കാഴ്ചകളും നല്‍കുന്നു.

ജോലി എന്ന സങ്കല്‍പ്പത്തിലും മാറ്റം; പരിഷ്‌കരിക്കാനും പുനര്‍വിചിന്തനം നടത്താനുമുള്ള സമയം

ഈ പുതിയ സാങ്കേതികവിദ്യയുടെ അല തീരമണയുന്നതോടെ ചില പരമ്പരാഗത തൊഴില്‍ മേഖലകള്‍ അപ്രസക്തമാകും. ആവര്‍ത്തന സ്വഭാവമുള്ള, വ്യവസ്ഥാ-കേന്ദ്രീകൃതമായ ജോലികള്‍ ഓട്ടമേറ്റ് ചെയ്യപ്പെടും. അതേസമയം, പുതിയതരം ജോലികള്‍ സൃഷ്ടിക്കപ്പെടും. സര്‍ഗാത്മകത, വിചാരശക്തി, ഇമോഷണല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ സാക്ഷരത, സര്‍വ്വോപരി മാനുഷികമായ വിലയിരുത്തലുകള്‍ തുടങ്ങിയവയില്‍ ഊന്നിയുള്ള ജോലികള്‍ വരും. ഈ കാലത്തെ യുവജനങ്ങള്‍ക്കുള്ള സന്ദേശം ലളിതമാണ്: നാളെ വരാന്‍പോകുന്ന ജോലികള്‍ ആവര്‍ത്തന-നിത്യാനുഷ്ഠാന സ്വഭാവമുള്ളവ ആയിരിക്കില്ല. അവയെ നിര്‍വചിക്കുക നൂതനത്വവും സഹാനുഭൂതിയും പുതിയ രീതികളോട് ഇണങ്ങിച്ചേരാനുള്ള കഴിവുമായിരിക്കും.

കുട്ടികള്‍ പരീക്ഷയില്‍ നല്ല മാര്‍ക്കു വാങ്ങുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, മറിച്ച് മികച്ച ചോദ്യങ്ങൾ ചോദിക്കാനും കെല്‍പ്പുള്ളവരും ആയി തീരണം. ടെക്‌നോളജിയുമായി സഹകരിച്ച് ജോലിയെടുക്കാന്‍ പഠിക്കണം, അതേസമയം ലക്ഷ്യബോധത്തോടെ നയിക്കാനും പഠിക്കണം. ഡിസൈൻ തിങ്കിങ്, ആശയവിനിമയം, ധാര്‍മ്മികത, സംരംഭകത്വം, മനുഷ്യോപകാരപ്രദമായ പ്രശ്‌നപരിഹാര രീതികള്‍ തുടങ്ങിയവയ്ക്കായിരിക്കണം, സമവാക്യങ്ങളും, തിയതികളും ഓര്‍ത്തുവയ്ക്കുന്നതിനേക്കാളേറെ പ്രാധാന്യം നല്‍കേണ്ടത്. ലോകം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് മനസിലാക്കിത്തരുന്നതിനേക്കാളേറെ, അതിന് എങ്ങനെ പരിവര്‍ത്തനം വരുത്താന്‍ സാധിക്കും എന്ന കാര്യം നമ്മെ പഠിപ്പിച്ചു തരുന്ന രീതിയിലേക്ക് വിദ്യാഭ്യാസത്തെ പരിഷ്‌കരിക്കണം.

അധികാരികളുടെ ശ്രദ്ധയ്ക്ക് – സ്‌കൂള്‍ വിദ്യാഭ്യാസം പുനർവിഭാവനം ചെയ്യുക

നയരൂപികരണത്തിലേര്‍പ്പെട്ടിരിക്കുന്ന അധികാരികൾ ഒരു കാര്യം ശ്രദ്ധിക്കണം-നമ്മുടെ കുട്ടികള്‍ കടക്കാന്‍ പോകുന്ന ലോകം നമുക്കു വിദ്യാഭ്യാസം ലഭിച്ച കാലത്തേക്കാള്‍ തികച്ചും വ്യത്യസ്തമായ ഒരിടത്തേക്കാണ്. ഇന്റലിജന്റ് ഓട്ടമേഷന്‍ യുഗത്തിലെ നേതൃസ്ഥാനത്തേക്ക് ഇന്ത്യ ഉയരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്‌കൂൾ തലം മുതൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനം പരിഷ്കരിക്കണം, അത് മനഃപാഠമാക്കലിൽ ഊന്നിയ രീതിയിൽ മാത്രമാകരുത്. പ്രശ്‌നപരിഹരം കാണല്‍, സഹകരണം, ഡിജിറ്റല്‍ മേഖലയുമായി അനായാസം ഇടപെടാന്‍ സാധിക്കല്‍, പരീക്ഷണാടിസ്ഥാനത്തിലുള്ള പഠനം തുടങ്ങിയവ നാം പ്രോത്സാഹിപ്പിക്കണം. സര്‍ഗാത്മകതയ്ക്ക് ഊന്നൽ നല്‍കണം. പരാജയത്തിന്റെ അപമാനഭാരം നീക്കംചെയ്യണം. ഓരോ ടൂളും എങ്ങനെ ഉപയോഗിക്കണം എന്ന് ഓരോ കുട്ടിയേയും പഠിപ്പിക്കുന്നതിനൊപ്പം പുതിയ ടൂളുകള്‍ തനിയെ വിഭാവനം ചെയ്യാന്‍ സാധിക്കുമെന്നും പഠിപ്പിക്കണം. നമ്മുടെ വരും തലമുറയ്ക്ക് പരിശീലനം നല്‍കുക എന്നു പറഞ്ഞാല്‍, നിര്‍മ്മിത ബുദ്ധി എന്ന ശക്തിയേറിയ സന്തതസഹചാരിയുമായി സഹകരിക്കുക എന്നതു കൂടെയാണ്.

നാം നമ്മുടെ കസ്റ്റമര്‍മാര്‍ക്ക് നല്‍കുന്ന സേവനത്തിന്റെ കാര്യത്തിലും, ജോലിക്കാര്‍ക്ക് പരിശീലനം ചെയ്യുന്ന രീതിയിലും, സമൂഹത്തെ പരിഷ്‌കരിക്കുന്ന കാര്യത്തിലും ഒരു അഗാധമായ മാറ്റമാണ് ഏജന്റിക് എഐ കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍, ഈ മാറ്റം ലക്ഷ്യബോധത്തോടെയുള്ളതായിരിക്കണം അല്ലാതെ ടെക്‌നോളജിയെ കയറൂരി വിടുന്നത് ആയിരിക്കരുത്. നമുക്ക് ഈ പുതിയ കാലത്തേക്ക് ആത്മവിശ്വാസത്തോടെയും സഹാനുഭൂതിയോടെയും വലതു കാലെടുത്തുവയ്ക്കാം. അതുവഴി, നമ്മുടെ ഡിജിറ്റല്‍ ഭാവി വിവേകമുള്ളതാണെന്ന് ഉറപ്പാക്കുന്നതിനു പുറമെ, ആഴത്തില്‍ മാനുഷിക മൂല്യങ്ങൾ ഉയര്‍ത്തിപ്പിടിക്കുന്നതുകൂടെയാണ് എന്ന് ഉറപ്പുവരുത്താം.

(ലേഖനത്തിന്റെ രചയിതാവായ തോമസ് ജോൺ മുത്തൂറ്റ്, മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്. കൂടാതെ, സിഐഐ (Confederation of Indian Industry) സതേൺ റീജിയൺ കൗൺസിലിന്റെ ചെയർമാനുമാണ്)

By admin

Leave a Reply

Your email address will not be published. Required fields are marked *