പരവനടുക്കം∙ കുടുംബശ്രീ ചെമ്മനാട് പഞ്ചായത്ത് സിഡിഎസ് വികസിപ്പിച്ചെടുത്ത സിഗ്നേച്ചർ മൊബൈൽ ആപ്ലിക്കേഷന്റെ പ്രവർത്തനം തുടങ്ങി. സിഡിഎസിനുള്ളിലെ അയൽക്കൂട്ടങ്ങളെയും എഡിഎസുകളെയും ബന്ധിപ്പിക്കുകയും സഹകരിപ്പിക്കുകയും ചെയ്യുന്ന രീതിക്ക് ഈ മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനത്ത് ആദ്യമായിട്ടാണു തുടങ്ങുന്നതെന്നു ചെമ്മനാട് സിഡിഎസ് ഭാരവാഹികൾ അറിയിച്ചു. ഈ മൊബൈൽ ആപ്ലിക്കേഷൻ കമ്യൂണിറ്റിക്കുള്ളിലെ സാമ്പത്തിക, ഭരണപരമായ പ്രക്രിയകളെ കാര്യക്ഷമമാക്കാൻ സഹായിക്കുന്ന അസാധാരണമായ സവിശേഷതകളുണ്ട്.
അയൽക്കൂട്ട അംഗങ്ങൾക്ക് അവരുടെ പ്രതിവാര നിക്ഷേപ തുക എളുപ്പത്തിൽ രേഖപ്പെടുത്താനും ആഭ്യന്തര വായ്പകൾക്ക് അപേക്ഷിക്കാനും, അവരുടെ സമ്പാദ്യത്തിന്റെ ബാങ്ക് വിവരങ്ങളുടെ തൽസമയം അറിയിപ്പുകൾ ലഭിക്കാനും സാധിക്കും. എൻഎച്ച്ജി അംഗങ്ങൾക്ക് അവരുടെ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനായി ഡിജിറ്റൽ പാസ്ബുക്കും, മീറ്റിങ് മിനിറ്റ്സുകളും ഫോട്ടോകളും ഡോക്യുമെന്റേഷനായി അപ്ലോഡ് ചെയ്യാനും സാധിക്കുമെന്നു സിഡിഎസ് അധ്യക്ഷ മുംതാസ് അബൂബക്കർ പറഞ്ഞു.
യോഗങ്ങൾ ആസൂത്രണം ചെയ്യുന്നതിനും അജൻഡകൾ തയാറാക്കുന്നതിനും എൻഎച്ച്ജികൾക്ക് സിഡിഎസുമായി ബന്ധപ്പെടാനും പിന്തുണ നേടാനും കഴിയുമെന്നതാണ് സിഗ്നേച്ചറിന്റെ പ്രധാനപ്പെട്ട സവിശേഷതകളിലൊന്ന്. കമ്യൂണിറ്റി അംഗങ്ങളുടെ അഭിപ്രായങ്ങൾക്കും മുൻഗണനകൾക്കും സിഡിഎസിന്റെ തീരുമാനമെടുക്കൽ പ്രക്രിയകളിൽ ഇടമാകും. എൻഎച്ച്ജികളും സിഡിഎസും തമ്മിലുള്ള ആശയവിനിമയവും സഹകരണവും വളർത്തുന്നതിലൂടെ ഈ മൊബൈൽ ആപ് കമ്യൂണിറ്റി അംഗങ്ങളെ ശാക്തീകരിക്കാനും മേഖലയുടെ മൊത്തത്തിലുള്ള വികസനം ശക്തിപ്പെടുത്താനുമാണു ലക്ഷ്യമിടുന്നത്..
സിഗ്നേച്ചർ മൊബൈൽ ആപ് ലോഞ്ചിങ് കുടുംബശ്രീ എക്സിക്യൂട്ടീവ് ഓഫിസർ എച്ച്.ദിനേശൻ നിർവഹിച്ചു.ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ രതീഷ് പിലിക്കോട്, വനിത വികസന കോർപറേഷൻ ജില്ലാ കോഓർഡിനേറ്റർ ഹിമ സനൽ, കാനറ ബാങ്ക് മേഖല മാനേജർ ആർ. പി. ശ്രീനാഥ, ഷംസുദ്ദീൻ തെക്കിൽ, രേണുക ഭാസ്കരൻ, രാജൻ കെ. പൊയ്നാച്ചി, ഡി.ഹരിദാസ്, സി.എച്ച്.ഇക്ബാൽ, അനീസ് പാലോത്ത്, സനൂജ, ടി.ജാനകി, മുംതാസ് അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

