അബുദാബി ∙ കരയിലും കടലിലും ആകാശത്തും സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങളുമായി കുതിപ്പിനൊരുങ്ങി അബുദാബി. 2026ൽ എല്ലാ മേഖലകളിലും ഡ്രൈവറില്ലാ വാഹനങ്ങൾ വിന്യസിക്കുന്നതിന്റെ വരവറിയിച്ച് യാസ് ഐലൻഡിലെ യാസ് മറീന സർക്യൂട്ടിൽ നടക്കുന്ന ഓട്ടോണമസ് വീക്കിലാണ് ഇത്തരം വാഹനങ്ങൾ പ്രദർശിപ്പിക്കുന്നത്.
‘ഹൃദയം തകർന്ന് കേരളം’; കുവൈത്തിൽ നിന്ന് പ്രിയപ്പെട്ടവർക്ക് സമ്മാനവുമായി നിഷിലെത്തുക ‘ചേതനയറ്റ്’; കണ്ണീർമഴയായി ദുരന്തം
ദുബായ് വിമാനത്താവളത്തിനുള്ളിൽ റെയിൽവേ സ്റ്റോപ്!; അടിമുടി മാറാൻ ചെക്ക് ഇൻ, യുഎഇയിൽ ഇനി വരുന്നത് വൻ മാറ്റങ്ങൾ
പ്രദർശനത്തിൽ ഡ്രൈവറില്ലാ കാർ, ബസ്, ലോറി, ഡെലിവറി വാഹനം, ഫോർമുല-1 കാർ മുതൽ ഡ്രൈവറില്ലാ ബോട്ടും പൈലറ്റില്ലാ എയർ ടാക്സിയും വരെ പ്രദർശിപ്പിച്ചാണ് അബുദാബി ലോകത്തിന്റെ മനം കവർന്നത്. ഡ്രൈവറില്ലാ ഗതാഗതത്തിലേക്കുള്ള അബുദാബിയുടെ പരിവത്തനത്തിന് ഇതോടെ വേഗം കൂടി. ഡ്രോൺ ഡെലിവറി, ഓട്ടമേറ്റഡ് കാർഷിക സാങ്കേതിക വിദ്യകൾ, ഡ്രൈവറില്ലാ ഗതാഗതം എന്നിവ അബുദാബി നിവാസികൾക്ക് ഇതിനകം പരിചിതമാണെങ്കിലും നിമിഷ നേരംക്കൊണ്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ബോട്ട് യാത്രയും എയർ ടാക്സി യാത്രയുമെല്ലാം പുതുമ പകരും.
∙ സാധനങ്ങൾ പറന്നെത്തും
ഡ്രോൺ ഡെലിവറിയുടെ പരീക്ഷണ പറക്കൽ ജൂണിൽ നടത്തിയ ശേഷം സേവനം തുടരുന്നുണ്ട്. ആശുപത്രികളിലേക്കും ലാബുകളിലേക്കുമുള്ള മെഡിക്കൽ ഉപകരണങ്ങളും രക്തവുമെല്ലാം ഡ്രോൺ വഴി എത്തിക്കുന്നു. സൂപ്പർ, ഹൈപ്പർമാർക്കറ്റുകളിൽനിന്ന് ഓർഡർ ചെയ്യുന്ന സാധനങ്ങൾ വീട്ടിലും ഓഫിസിലും പറന്നെത്തിക്കുന്ന സേവനം വൈകാതെ ജീവിതത്തിന്റെ ഭാഗമായി മാറും. 30 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകൾക്ക് തുടർച്ചയായി 16 കി.മീ വരെ സഞ്ചരിക്കാം.
∙ ഫ്ലയിങ് ടാക്സി
അബുദാബിയിൽ പറക്കും ടാക്സി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. അടുത്ത വർഷം ആദ്യപാദം തന്നെ പറക്കും ടാക്സി സേവനം ആരംഭിക്കും. ആദ്യഘട്ടത്തിൽ കോർണിഷ്, സാദിയാത്ത് ഐലൻഡ് തുടങ്ങി അബുദാബി നഗരത്തിലെ ചില പ്രദേശങ്ങൾ കേന്ദ്രീകരിച്ചാകും ഇലക്ട്രിക് എയർ ടാക്സി സർവീസ്. പിന്നീട് മറ്റു മേഖലകളിലേക്കും ദുബായ് ഉൾപ്പെടെ ഇതര എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
∙ എയർ ആംബുലൻസ്
അത്യാസന്ന നിലയിലുള്ള രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും എയർ ടാക്സി സേവനം ആരംഭിക്കും. ക്ലിവ് ലാൻഡ് ക്ലിനിക് അബുദാബിയാണ് ഈ സേവനം പ്രഖ്യാപിച്ചത്. മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ പറക്കുന്ന ഫ്ലൈയിങ് ടാക്സിക്ക് 450 കിലോ വഹിക്കാൻ ശേഷിയുണ്ട്. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനാണ് സർവീസിന് നേതൃത്വം നൽകുക. പൈലറ്റിനു പുറമെ 4 പേർക്ക് സഞ്ചരിക്കാം.
പ്രത്യേക റൺവേ ആവശ്യമില്ലാത്ത ഫ്ലൈയിങ് ടാക്സിക്ക് കുത്തനെ പറന്നുയരാനും ഇറങ്ങാനും (ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ്-എവിറ്റോൾ) സാധിക്കും. റൂട്ടുകൾക്ക് പ്രത്യേക ബഫർ സോൺ ഉപയോഗിക്കുന്നതിനാൽ വ്യോമാതിർത്തികളെ തടസ്സപ്പെടുത്തില്ലെന്നതാണ് പ്രത്യേകത. റീചാർജ് ചെയ്യാവുന്നതിൽ അറ്റകുറ്റപ്പണി കുറവായിരിക്കും
∙ റോബോ ടാക്സികൾ
ഡ്രൈവറില്ലാ ഇലക്ട്രിക് റോബോ ടാക്സികൾ അബുദാബിയിൽ പരീക്ഷണയോട്ടം തുടങ്ങിയിട്ട് വർഷങ്ങളായി. സാധനങ്ങൾ വീട്ടിലെത്തിക്കാനും കരയും കടലും ശുചീകരിക്കാനും വൈകാതെ സ്വയം നിയന്ത്രിത വാഹനങ്ങൾ ഉപയോഗിക്കുമെന്ന് അബുദാബിയുടെ നൂതന സാങ്കേതിക വിദ്യാ കമ്പനിയായ കെ-2വിന്റെ സ്ട്രാറ്റജി വൈസ് പ്രസിഡന്റ് വലീദ് അൽ ബലൂഷി പറഞ്ഞു.
∙ ഹ്യുമനോയിഡ്
മനുഷ്യർ ചെയ്യുന്ന ജോലികളെല്ലാം എളുപ്പത്തിലും വേഗത്തിലും വിശ്രമരഹിതമായി ചെയ്യുന്ന ഹ്യുമനോയിഡുകളും മേളയുടെ താരങ്ങളായി. പാട്ടുപാടിയും നൃത്തം ചെയ്തും ഗുസ്തി കാട്ടിയും കാണികളുടെ മനംകവരുകയാണ് റോബട്ടുകൾ. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രൂപകൽപന ചെയ്ത ഇത്തരം ഉൽപന്നങ്ങളുടെ വിപണന സാധ്യതയിലേക്കും അബുദാബി ഉറ്റുനോക്കുന്നു.
∙ ഡ്രൈവർമാർ ആശങ്കയിൽ
2022 മുതൽ അബുദാബിയിൽ ഓടുന്ന റോബോ ടാക്സികൾ 40,000 ട്രിപ്പുകളിലായി 6 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് പുതിയ മേഖലകളിലേക്കു ചേക്കേറാനുള്ള ശ്രമത്തിലാണ്. 2040ഓടെ കര, നാവിക, വ്യോമ മേഖലയിലെ 25% സ്വയം നിയന്ത്രിത വാഹനങ്ങളാക്കുകയെന്ന അബുദാബിയുടെ പ്രഖ്യാപിത ലക്ഷ്യം ഡ്രൈവർമാരുടെ ആശങ്ക കൂട്ടിയിട്ടുണ്ട്.
English Summary:
Autonomous vehicles are transforming Abu Dhabi’s transportation sector, with advancements in driverless cars, drone delivery, and flying taxis. Abu Dhabi is rapidly adopting autonomous technology across land, sea, and air, aiming to integrate 25% self-driving vehicles by 2040.
Middle East News
Middle East
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

