വിവിധ മേഖലകളിൽ ഇന്ത്യയുടെ വളർച്ച അതിവേഗമാണെന്നും പക്ഷേ, എത്രത്തോളം ടെക്നോളജിയെ ജനാധിപത്യവൽക്കരിക്കാനാകും എന്നതിനെ ആശ്രയിച്ചിരിക്കും എഐയിലെ ഇന്ത്യയുടെ വളർച്ചയെന്നും ‘ആർക്കിടെക്റ്റിങ് ദ ഫ്യൂച്ചർ – ക്ലൗഡ്, എഐ, ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ എന്നിവ എങ്ങനെ 2030നകം ഇന്ത്യയെ രൂപപ്പെടുത്തും’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച ആമസോൺ വെബ് സർവീസസ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്ത പറഞ്ഞു.
ആത്മനിർഭർ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇന്ത്യയ്ക്ക് ആമസോൺ എല്ലാ പിന്തുണയും നൽകും. ആമസോൺ 2030നകം 3500 കോടി ഡോളർ നിക്ഷേപം ഇന്ത്യയിൽ നടത്തും. ഇതിനകം നിക്ഷേപിച്ച 4000 കോടിക്ക് പുറമേയാണിത്. 1.2 കോടി ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കാണ് ഇന്ത്യയിൽ ആമസോണിന്റെ പിന്തുണയോടെ വളർച്ച സാധ്യമായത്. 2000 കോടി ഡോളറിന്റെ കയറ്റുമതിക്കും അതുവഴിയൊരുക്കി.
ഇന്ത്യയിൽ ഏറ്റവും താഴേത്തട്ടിൽ വരെ ഡിജിറ്റല്‍ ഇടപെടലുകൾ ഇപ്പോഴുണ്ട്. സർക്കാർ അതിനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. അമ്മമാര്‍ക്കും ആറു വയസ്സിനു താഴെയുള്ള കുട്ടികൾക്കും ‘പോഷൺ ട്രാക്കർ’ എന്ന പദ്ധതി വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ചപ്പോൾ അത് കൃത്യമായി ആവശ്യക്കാരിലേക്കു തന്നെ എത്തുമെന്ന് ഉറപ്പാക്കിയത് സാങ്കേതികതയുടെ സഹായത്തോടെയായിരുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറും ശക്തമായിമാറിക്കഴിഞ്ഞു. ‘ഡിജിലോക്കര്‍’ തന്നെ ഉദാഹരണം. 2015 മുതൽ 60 കോടി യൂസർമാർ, 800 കോടിയിലേറെ ഡോക്യുമെന്റുകൾ അതിൽ സൂക്ഷിക്കുന്നു. സാങ്കേതികതയ്ക്കൊപ്പം നിൽക്കാനുള്ള പരിശീലനം നമുക്കു ലഭിക്കുന്നുണ്ടോയെന്ന ചോദ്യവും ഉണ്ട്. വിക്ഷിത് ഭാരത്, ഡൽഹി സർവകലാശാലയുടെ സമർഥ് പദ്ധതി തുടങ്ങിയവയിലൂടെ ഇത് സാധ്യമാക്കി വരുന്നു. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും നാം മുന്നേറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ADVERTISEMENT
വർത്തമാന കാലത്തിനപ്പുറം, ഭാവിയിലേക്കു കണ്ണുപായിക്കാനുള്ള ആഹ്വാനവുമായാണ് ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്ന വിഷയത്തില്‍ മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയിലൂടെയും, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയും, എഐയും ഡോണൾഡ് ട്രംപും നയിക്കുന്ന അനിശ്ചിതത്വം നിറഞ്ഞ ലോകത്തിലൂടെയുമാണ് ഈ കാലത്തെ അടയാളപ്പെടുത്തിയിരിക്കുന്നത്. അത്തരമൊരു കാലത്തിൽ ‘ഇന്ന്’ എന്നതിനപ്പുറത്തേക്ക് ഭാവി എന്താകുമെന്നു പ്രവചിക്കുക പോലും വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയിലൂടെയും, മാറുന്ന ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിലൂടെയും, എഐയും ഡോണൾഡ് ട്രംപും നയിക്കുന്ന അനിശ്ചിതത്വം നിറഞ്ഞ ലോകത്തിലൂടെയുമാണ് ഈ കാലത്തെ അടയാളപ്പെടുത്തിയിരിക്കുന്നതെന്ന് സ്വാഗത പ്രസംഗത്തില്‍ മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു പറഞ്ഞു.
അത്തരമൊരു കാലത്തിൽ ‘ഇന്ന്’ എന്നതിനപ്പുറത്തേക്ക് ഭാവി എന്താകുമെന്നു പ്രവചിക്കുക പോലും വളരെയേറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണ്ട്, പതിറ്റാണ്ടുകളെ മുൻനിർത്തി ആസൂത്രണം ചെയ്തിരുന്ന ഭാവി, ഇന്ന് മാസങ്ങൾക്കുള്ളിൽ മാറിമറിയുകയാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി, മാനുഷിക മൂല്യങ്ങളിലൂന്നിയ പത്രപ്രവർത്തനമാണ് മനോരമ ഓൺലൈൻ കാഴ്ചവയ്ക്കുന്നത്. കോവിഡ് മഹാമാരി മുതൽ എഐ വിപ്ലവം വരെയുള്ള മാറ്റങ്ങളെ തകർച്ചകളായല്ല, മറിച്ച് സ്വയം പുതുക്കലിനും വളർച്ചയ്ക്കുമുള്ള അവസരങ്ങളായാണ് മനോരമ ഓൺലൈൻ കാണുന്നത്. നൂതനവും മികച്ച വളർച്ചാസാധ്യതകളുമുള്ള സ്റ്റാർട്ടപ്പ്/ ബിസിനസ് ആശയങ്ങളുള്ളവർക്കും നിക്ഷേപവും മെന്ററിങ്ങും തേടുന്നവർക്കുമായി മനോരമ ഓൺലൈൻ ഒരുക്കുന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ ‘എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി’ സീസണ്‍ 2ന്റെ ലോഞ്ചും മറിയം മാമ്മൻ മാത്യു നിർവഹിച്ചു.
2030ഓടെ ടെക്നോളജി മായാക്കാഴ്ചയാകും, നമ്മുടെ ജീവിതത്തിന്റെ ഓരോ ചലനത്തിലും അതിന്റെ സ്വാധീനമുണ്ടാകുമെന്ന് ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് ആശംസാ പ്രസംഗത്തിൽ പറഞ്ഞു. വരും കാലത്ത് എഐ തീരുമാനങ്ങൾ എടുക്കുന്ന സ്ഥിതിയിലേക്കു വരും. എല്ലാം റോബർട്ടുകളെ പോലെ പ്രവർത്തിക്കും. പ്രതീക്ഷകൾക്ക് അപ്പുറമുള്ള ലോകമാണ് വരാനുള്ളത്. ടെക്നോളജിയെന്നത് എല്ലാ കാര്യങ്ങളിലേക്കും അദൃശ്യസാന്നിധ്യമാകുമെന്നും ടോം ജോസഫ് പറഞ്ഞു.
ADVERTISEMENT
നാഗരികതയുടെ അടിത്തറയായി ടെക്നോളജി മാറുന്ന കാലമാണു വരുന്നത്. 2030 ആകുന്നതോടെ അടുത്ത ചോദ്യം മാറ്റം എന്താണെന്നതാണ്. എഐ കൂടുതൽ ഓട്ടണമസ് ആകും. അത് സ്വയം തീരുമാനങ്ങളെടുക്കും. റോബട്ടുകളുടെ കൈകളിലേക്ക് പലതും പോകും. ഇക്കോണമിയെത്തന്നെ മാറ്റിമറിക്കും വിധം സാങ്കേതികത ഇടപെടും. നാം ഇടപെടുന്ന എല്ലാത്തിലും സാങ്കേതികതയുടെ ഇടപെടലുണ്ടാകുന്ന കാലമാണു വരുന്നതെന്നും ടോം ജോസഫ് പറഞ്ഞു.
സാങ്കേതികവിദ്യ, വാണിജ്യം, വിനോദം, ആരോഗ്യം, മാധ്യമം തുടങ്ങിയ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന ഉച്ചകോടിയുടെ പ്രമേയം ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്നതാണ്. ജെയിൻ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ഉച്ചകോടി. ബിസിനസ് മേഖലയിൽ എഐ ഉപയോഗിച്ച് വിൽപന വർധിപ്പിക്കാനും ഉപയോക്താക്കളുടെ താൽപര്യം മനസ്സിലാക്കി ലാഭം കൂട്ടാനുമുള്ള മാർഗങ്ങളെപ്പറ്റി വിദഗ്ധർ ക്ലാസുകൾ നയിക്കും.
ക്ലൗഡ് കംപ്യൂട്ടിങ്, എഐ അധിഷ്ഠിത ഇൻഫ്രാസ്ട്രക്ചർ, ഫ്യൂച്ചർ റീട്ടെയ്ൽ, സിനിമയുടെ ഭാവി തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. അഡോബി വൈസ് പ്രസിഡന്റ് മൻമീത് ധോഡി, ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ സർവീസസ് പ്രസിഡന്റ് കുനാൽ പുരോഹിത്, മാധ്യമപ്രവർത്തകയും ബീറ്റ്‍റൂട്ട് ന്യൂസ് സ്ഥാപകയുമായ ഫയ ഡിസൂസ, ടാലി സൊല്യൂഷൻസ് എംഡി തേജസ് ഗോയങ്ക, ഒമ്നികോം അഡ്വർടൈസിങ് ഇന്ത്യ എംഡി ആദിത്യ കാന്തി, നടന്മാരായ ജയസൂര്യ, രമേഷ് പിഷാരടി തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.
വ്യവസായ-സാങ്കേതിക ലോകത്തെ പ്രമുഖരുമായി നേരിട്ടു സംവദിക്കാവുന്ന, 30 പേർ വീതമടങ്ങുന്ന പ്രത്യേക ബ്രേക്ക് എവേ സെഷനുകൾ ഇത്തവണ ടെക്സ്പെക്റ്റേഷൻസിലെ പ്രധാന ആകർഷണമാണ്.
ADVERTISEMENT

