Breaking
31 Jan 2026, Sat

ഇതാണു ലോകത്തെ ഏറ്റവും വിലകൂടിയ പെൻസിൽ:വജ്രമൊക്കെയുണ്ട്!

ലോകത്തെ ഏറ്റവും പ്രശസ്തമായ എഴുത്തുപകരണങ്ങളാണ് പെൻസിലുകൾ. പല ഉപയോഗത്തിനുള്ള, പല വിലകളുള്ള പെൻസിലുകളുണ്ട്. എന്നാൽ‌ ലോകത്തെ ഏറ്റവും വിലകൂടിയ പെൻസിൽ ഏതെന്നറിയുമോ?അതിന്റെ പേരാണ് ഗ്രാഫ് വോൻ ഫേബർ കാസിൽ പെർഫക്ട് പെൻസിൽ. ഏകദേശം 12800 യുഎസ് ഡോളറാണ് ഇതിന്റെ വില. ഫേബർ കാസിൽ കമ്പനിയുടെ വാർഷികാചരണത്തിന്റെ ഭാഗമായിട്ടാണ് ഇവ നിർമിച്ചത്. ചില എഡിഷനുകളിൽ വെറും 10 പെൻസിലുകൾ മാത്രമൊക്കെയേ നിർമിക്കപ്പെട്ടിട്ടുള്ളൂ.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

240 വർഷം പഴക്കമുള്ള ഒലീവ് മരത്തടിയിൽനിന്നാണു പെൻസിലിന്റെ ചട്ടക്കൂട് നിർമിച്ചത്. ഇതിന്റെ മുകളിൽ വജ്രങ്ങൾ പതിപ്പിച്ചിട്ടുണ്ട്. പെൻസിലിനുള്ളിൽ ഒരു ഷാർപ്നറും ഇറേസറും ഘടിപ്പിച്ചിട്ടുമുണ്ട്. ഇന്ന് ലോകത്തെ ഏറ്റവും വലിയ പെൻസിൽ കമ്പനിയാണ് ജർമനിയിൽനിന്നുള്ള ഫേബർ കാസിൽ. പ്രതിവർഷം ശതകോടിക്കണക്കിനു പെൻസിലുകളാണ് ഈ കമ്പനി നിർമിക്കുന്നത്.

ഇന്നും പെൻസിൽ നിർമാണത്തിൽ ഈ രീതി തന്നെയാണ് അടിസ്ഥാനം

1564 ൽ ഇംഗ്ലണ്ടിലെ ബോറോഡെയിലിൽ ഗ്രാഫൈറ്റ് എന്ന കറുത്ത ധാതുവിന്റെ വലിയ നിക്ഷേപം കണ്ടെത്തി .വളരെ ശുദ്ധവും കട്ടിയുള്ളതുമായിരുന്നു ഈ ഗ്രാഫൈറ്റ്. ഇത് ചെറിയ ദണ്ഡുകളായി മുറിച്ചെടുക്കാനും എളുപ്പമായിരുന്നു. മുൻപ് വരയ്ക്കാനും എഴുതാനും ഉപയോഗിച്ചിരുന്ന സിൽവർപോയിന്റ്, ലെഡ്‌പോയിന്റ് തുടങ്ങിയ വസ്തുക്കളെക്കാൾ വ്യക്തവും കറുത്തതുമായ അടയാളങ്ങൾ പതിപ്പിക്കാൻ ഗ്രാഫൈറ്റിന് കഴിഞ്ഞു. പെൻസിൽ എന്ന എഴുത്തുപകരണത്തിന്റെ തുടക്കമായിരുന്നു ഇത്.

ഗ്രാഫൈറ്റ് പെട്ടെന്ന് പൊട്ടിപ്പോകുന്നതും മൃദുവുമായതിനാൽ തുടക്കത്തിൽ ഈ ദണ്ഡുകൾ ചരടിലോ ആട്ടിൻതോലിലോ പൊതിഞ്ഞാണ് ഉപയോഗിച്ചത്. ഇന്ന് കാണുന്നപോലെയുള്ള തടി കൊണ്ടുള്ള ആദ്യത്തെ പെൻസിലുകൾ 1560-നടുത്ത് ഇറ്റലിക്കാരായ സിമോണിയോ, ലിൻഡിയാന ബെർണാക്കോട്ടി ദമ്പതികളാണ് നിർമിച്ചത്. മരക്കഷ്ണങ്ങൾ തുരന്ന് അതിലേക്ക് ഗ്രാഫൈറ്റ് ദണ്ഡ് കടത്തി വച്ചായിരുന്നു ഈ നിർമാണരീതി. ഇന്നും പെൻസിൽ നിർമാണത്തിൽ ഈ രീതി തന്നെയാണ് അടിസ്ഥാനം.

ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ

‘ലെഡ്’ എന്ന് വിളിക്കാൻ കാരണം

അക്കാലത്ത് ഗ്രാഫൈറ്റ് ഒരുതരം ഈയമാണെന്ന് (lead) ആളുകൾ തെറ്റിദ്ധരിച്ചു. ഈയം അടങ്ങിയിട്ടില്ലെങ്കിലും പെൻസിലിന്റെ ഉൾക്കാമ്പിനെ ഇന്നും ‘ലെഡ്’ എന്ന് വിളിക്കാൻ കാരണം ഈ തെറ്റിദ്ധാരണയാണ്. ഗ്രാഫൈറ്റ് നിക്ഷേപം തങ്ങൾക്ക് മാത്രമായി ലഭിച്ചതോടെ ഇംഗ്ലണ്ട് പെൻസിൽ നിർമാണത്തിൽ കുത്തക സ്ഥാപിച്ചു. പെൻസിലിനു പുറമെ വ്യാവസായിക ആവശ്യങ്ങൾക്കും ഗ്രാഫൈറ്റിന് ആവശ്യക്കാരേറെയായിരുന്നു. ശുദ്ധമായ ഗ്രാഫൈറ്റിന്റെ ലഭ്യത കുറഞ്ഞത് കള്ളക്കടത്തിനും വ്യാപാര നിയന്ത്രണങ്ങൾക്കും വഴിവച്ചു. ഒടുവിൽ, പതിനേഴാം നൂറ്റാണ്ടിൽ ജർമൻ നിർമാതാക്കൾ ഗ്രാഫൈറ്റ് പൊടി കളിമണ്ണുമായി ചേർത്ത് ഉപയോഗിക്കാനുള്ള വിദ്യ കണ്ടെത്തി. ഇത് പെൻസിലുകൾ വൻതോതിൽ ഉത്പാദിപ്പിക്കാൻ സഹായിച്ചു.

നെപ്പോളിയൻ ബോണപ്പാർട്ടിന്റെ കീഴിൽ സേവനമനുഷ്ഠിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞനായ നിക്കോളാസ് കോണ്ടേയാണ് ആധുനിക പെൻസിൽ 1795 ൽ കണ്ടുപിടിച്ചത് . നന്നായി പൊടിച്ച ഗ്രാഫൈറ്റ് കളിമണ്ണുമായി ചേർത്ത് ദണ്ഡുകളാക്കി ചൂളയിൽ ചുട്ടെടുക്കുന്ന രീതി കോണ്ടേ വികസിപ്പിച്ചു. ഗ്രാഫൈറ്റും കളിമണ്ണും തമ്മിലുള്ള അനുപാതത്തിൽ മാറ്റം വരുത്തി പെൻസിൽ മുനയുടെ കടുപ്പം നിയന്ത്രിക്കാനും സാധിച്ചു. ഇത് കടുപ്പമേറിയതും ഇളം നിറമുള്ളതുമായ വിവിധതരം പെൻസിലുകളുടെ നിർമാണത്തിനു വഴിയൊരുക്കി. കോണ്ടേയുടെ കണ്ടുപിടിത്തം പെൻസിൽ നിർമാണത്തിൽ വിപ്ലവം സൃഷ്ടിച്ചു.

കടലിനടിയിൽ സോണാർ റീഡിങിൽ അസാധാരണമായ ഒരു രൂപം, അമ്പരന്നു ഗവേഷകർ; ഉള്ളിൽ അമൂല്യ നിധിശേഖരം

പത്തൊൻപതാം നൂറ്റാണ്ടിൽ ജർമനിയിലെ നൂറംബർഗ്, ഇംഗ്ലണ്ടിലെ കെസ്‌വിക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വൻകിട ഫാക്ടറികൾ സ്ഥാപിക്കപ്പെട്ടതോടെ പെൻസിൽ നിർമാണം വലിയ തോതിൽ വ്യാപിച്ചു. വൃത്തം, ഷഡ്ഭുജം, ചതുരം തുടങ്ങിയ പല ആകൃതിയിലുള്ള പെൻസിലുകൾ വിപണിയിലെത്തി. പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പെൻസിലിനോട് ചേർത്ത് ഇറേസർ ഘടിപ്പിച്ചത് പ്രായോഗികത വർധിപ്പിച്ചു. ലോകമെമ്പാടുമുള്ള കലാകാരന്മാർക്കും എഴുത്തുകാർക്കും ആർക്കിടെക്റ്റുകൾക്കും വിദ്യാർത്ഥികൾക്കും പെൻസിലുകൾ ഒഴിച്ചുകൂടാനാവാത്തതും സുലഭമായതുമായ ഉപകരണമായി മാറി.

By admin

Leave a Reply

Your email address will not be published. Required fields are marked *