Breaking
23 Mar 2026, Mon

ഇങ്ങനെ ഇതാദ്യം, വില കുറഞ്ഞ മാക്ക്ബുക്കുമായി ആപ്പിള്‍? ആദ്യ ഫോള്‍ഡബ്ള്‍ ഐഫോണ്‍ ഉടൻ!

നാളിതുവരെ തങ്ങള്‍ നടത്തിയിട്ടില്ലാത്ത ഒരു നീക്കത്തിന് ഒരുങ്ങുകയാണ് ആപ്പിള്‍ കമ്പനി എന്ന് ബ്ലൂംബര്‍ഗ്. വില കുറഞ്ഞ ഒരു മാക്ക്ബുക്ക് അടുത്ത മാസങ്ങളില്‍ പുറത്തിറക്കിയേക്കും. ഇതാകട്ടെ ഗൂഗിളിന്റെ ക്രോംബുക്കുകളോടും, വില കുറഞ്ഞ വിന്‍ഡോസ് ലാപ്‌ടോപ്പുകളോടും മത്സരിക്കുക എന്ന ഉദ്ദേശത്തോടെയായിരിക്കും വില്‍പ്പനയ്ക്ക് എത്തുകയത്രെ. മാര്‍ക്ക് ഗുര്‍മന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് ജെ700 എന്ന കോഡ് നാമം ഇട്ട് ആപ്പിള്‍ ഒരു ലാപ്‌ടോപ്പ് ഉണ്ടാക്കി വരുന്നുണ്ടെന്നാണ്. അതോടൊപ്പം, ഐഫോണ്‍ ശ്രേണിയെ സമൂലം പരിഷ്കരിക്കാനുള്ള ആപ്പിളിന്റെ ത്രിവത്സര പദ്ധതിയെക്കുറിച്ചും അറിയാം.

പിരമിഡ് സ്കാനിൽ തെളിഞ്ഞത് അമ്പരപ്പിക്കുന്ന രഹസ്യം, ഇനി അറിയേണ്ടത് ആ പ്രവേശനകവാടം; എന്തായിരിക്കും അടുത്തഘട്ടം

അല്‍പ്പം വലുപ്പക്കുറവുള്ള സ്ക്രീന്‍

വില കുറഞ്ഞ ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരിക്കലും താത്പര്യം കാണിക്കാത്ത കമ്പനി എന്ന പേരുള്ള ആപ്പിള്‍ അത്തരത്തിലൊരു ലാപ്‌ടോപ്പ് ഉണ്ടാക്കും എന്ന കാര്യം അചിന്ത്യമായിരുന്നു. എന്നാല്‍, ആര്‍ക്കും വാങ്ങാവുന്ന ഒന്നായിരിക്കും അതെന്ന് അര്‍ത്ഥമില്ല. വില 1000 ഡോളറില്‍ താഴെ ആയിരിക്കുമെന്നു മാത്രമേ പറയുന്നുള്ളു. ഏറ്റവും വില കുറഞ്ഞ മാക്ക്ബുക്ക് എയറിൻ്റെ സ്ക്രീനിനെക്കാള്‍ വലിപ്പക്കുറവ് ആണ് പ്രതീക്ഷിക്കുന്നത്. അതായത് 13.6-ഇഞ്ചില്‍ താഴെ. സ്ക്രീന്‍ എല്‍സിഡി ആയിരിക്കുമെന്നും കേള്‍ക്കുന്നു.

ഐഫോണ്‍ പ്രൊസസ്സര്‍

ഇന്റല്‍ പ്രൊസസറുകളെ ആശ്രയിച്ച് ലാപ്‌ടോപ്പ് പുറത്തിറക്കി വന്ന ആപ്പിള്‍ പിന്നീട് തങ്ങളുടെ സ്വന്തം എം സീരീസ് പ്രൊസസറുകള്‍ മാത്രം ഉപയോഗിച്ചായി ലാപ്‌ടോപ്പ് നിര്‍മ്മാണം. ഉടന്‍ ഇറക്കിയേക്കുമെന്നു പറയുന്ന വില കുറഞ്ഞ മാക്ക്ബുക്കിന് എം സീരീസ് പ്രൊസസ്സര്‍ ആയിരിക്കില്ല മറിച്ച് ഐഫോണ്‍ പ്രൊസസറായിരിക്കും ഉള്‍ക്കരുത്തു പകരുകയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇത് എം സീരീസ് പ്രൊസസറുകളുമായി ആപ്പിള്‍ ആദ്യമിറക്കിയ മാക്ക്ബുക്കുകളെക്കാള്‍ കരുത്തുറ്റ പ്രകടനം നടത്തിയേക്കുമെന്നും പറയുന്നു.

Image Credit: husayno/Istock

ഐഫോണ്‍ എസ്ഇ’ ആയിരിക്കില്ല

ഏറ്റവും വില കുറഞ്ഞ ശ്രേണി സ്മാര്‍ട്ട്‌ഫോണുകളെ ആപ്പിള്‍ വിളിച്ചിരുന്നത് ഐഫോണ്‍ എസ്ഇ എന്നായിരുന്നു. ഇതാകട്ടെ മുന്‍ ഐഫോണുകളില്‍ നിന്ന് ഡിസൈനില്‍ അടക്കം ധാരാളമായി കടംകൊണ്ടും ആയിരുന്നു നിര്‍മ്മിച്ചിരുന്നത്. എന്നാല്‍, വരുന്ന വില കുറഞ്ഞ ലാപ്‌ടോപ്പ് പൂര്‍ണ്ണമായും പുതിയ ഡിസൈന്‍ ആയിരിക്കും ഉപയോഗിക്കുകയത്രെ.

വില കുറഞ്ഞ ലാപ്‌ടോപ്പ് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം പരിഗണിക്കുക വില കുറഞ്ഞ വിന്‍ഡോസ് ലാപ്‌ടോപ്പുകളോ ക്രോംബുക്കുകളോ ആയിരിക്കാമെന്നതിനാലാണ് പുതിയ നീക്കമത്രെ. ഇവയ്ക്ക് 250 ഡോളര്‍ ഒക്കെ വില വരും. ഉറപ്പായും, അതിനേക്കാള്‍ വില വന്നേക്കാമെങ്കിലും ആപ്പിള്‍ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയിലേക്ക് എത്താന്‍ താത്പര്യമുള്ളവര്‍ മാക്ക്ബുക്ക് വാങ്ങാന്‍ താത്പര്യം കാട്ടിയേക്കുമെന്നാണ് കമ്പനി കരുതുന്നത്.

മൈക്രോസോഫ്റ്റ് വഴിയിലുപേക്ഷിച്ചവരെയും ആകര്‍ഷിക്കാം

വിന്‍ഡോസ് 10ല്‍ നിന്ന് 11ലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ പറ്റാതെ പോയ ലക്ഷക്കണക്കിന് വിന്‍ഡോസ് കമ്പ്യൂട്ടര്‍ ഉപയോക്താക്കളുണ്ട്. അവര്‍ക്കും ആകര്‍ഷകമായ രീതിയില്‍ തങ്ങളുടെ മാക്ക്ബുക്ക് അവതരിപ്പിക്കാന്‍ ആപ്പിള്‍ ശ്രമിച്ചേക്കാം.

Image Credit: canva AI

പുതിയ ലാപ്‌ടോപ്പ് രീതികള്‍ വരുമോ?

ഐഫോണ്‍ പ്രൊസസ്സര്‍ ഉപയോഗിക്കുന്നതിനാല്‍ എം സീരീസിനെ പോലെയല്ലാതെ കൂടുതല്‍ സ്വാഭാവികമായി ഐഫോണ്‍, ഐപാഡ് ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെങ്കില്‍ അതും ധാരാളം പേര്‍ക്ക് ആകര്‍ഷകമായിരിക്കാം. വലിയ സ്ക്രീനിൽ തങ്ങളുടെ പ്രീയപ്പെട്ട ഫോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റോള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും എന്നത് ഐഫോണ്‍ ഉപയോക്താക്കളെയും ആകര്‍ഷിച്ചേക്കും. ഐഫോണ്‍, ഐപാഡ് ആപ്പുകള്‍ എം സീരീസ് മാക്കുകളില്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും ലാപ്‌ടോപ്പുകള്‍ ചൂടാകുന്നു എന്ന പരാതി ചിലര്‍ക്കെങ്കിലും ഉണ്ട്.

ലോകത്തുള്ള എല്ലാവർക്കും ‘ അക്കൗണ്ടിൽ പണം’ നൽകും, ജോലിയെല്ലാം മസ്കിന്റെ റോബട് ചെയ്യും! ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജന പദ്ധതി

മറ്റൊരു ലക്ഷ്യം വിദ്യാര്‍ത്ഥികള്‍

വിദ്യാര്‍ത്ഥികള്‍ക്ക് മാക്ക്ബുക്ക് ശ്രേണിക്ക് ഓഫര്‍ നല്‍കിയാണ് അവരെക്കൊണ്ട് മാക്ക്ബുക്ക് വാങ്ങിപ്പിക്കുന്നത്. വില കുറഞ്ഞ മാക്ക് എന്ന സങ്കല്‍പ്പം വിദ്യാര്‍ത്ഥികള്‍ക്കും ആകര്‍ഷകമായേക്കാം.

ഐഫോണുകളെ പരിഷ്കരിക്കാനുള്ള രഹസ്യ പദ്ധതി നടപ്പാക്കി തുടങ്ങി

ഈ വര്‍ഷം ഇറക്കിയ ഐഫോണ്‍ എയര്‍ ആണ് ഈ പദ്ധതിയിലെ ഏറ്റവും ആദ്യത്തെ ഉല്‍പ്പന്നം. മാക്ക്ബുക്ക് എയര്‍ ശ്രേണിയില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച ഈ മോഡലിലൂടെ മെലിഞ്ഞ ഐഫോണ്‍ സങ്കല്‍പ്പം ഉപയോക്താക്കളുടെ കൈകളിലെത്തി തുടങ്ങി.

2026ല്‍ മടക്കാവുന്ന ഫോണ്‍

കാര്യങ്ങള്‍ ആപ്പിള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ തന്നെ പുരോഗമിച്ചാല്‍ 2026ല്‍ ആദ്യ ഫോള്‍ഡബ്ള്‍ ഐഫോണ്‍ പുറത്തിറക്കും. ഇതിന്റെ പേര് ഐഫോണ്‍ 18 ഫോള്‍ഡ് എന്നായിരിക്കാമെന്നാണ് സൂചന. സാംസങ് ഗ്യാലക്‌സി സെഡ് ഫോള്‍ഡിനൊട് ഇതിന് സാദൃശ്യം കണ്ടേക്കും. ഫെയ്‌സ്‌ഐഡി ഉണ്ടായേക്കില്ലെന്നും പകരം ടച്ച്‌ഐഡി ആയിരിക്കും ഉള്‍ക്കൊള്ളിക്കുക എന്നും പറയുന്നു. ഒന്നിലേറെ ക്യാമറകള്‍ ഉണ്ടായിരിക്കും. എന്നാല്‍ സിം സ്ലോട്ട് ഉണ്ടാകില്ലെന്നും പറയുന്നു. അത് ശരിയാണെങ്കില്‍ ഇസിം ഉപയോഗിക്കേണ്ടതായി വരും.

2027ല്‍ സമൂല പരിഷ്കരണം

2027 ഐഫോണിന്റെ 20-ാം പിറന്നാള്‍ വര്‍ഷമാണ്. അതിനായി ഐഫോണ്‍ ഡിസൈന്‍ സമൂലം പരിഷ്കരിക്കുമെന്നാണ് സൂചന. ഐഫോണ്‍ 20 എന്നായിരിക്കാം സീരീസിന്റെ പേര്. ഇന്നേവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ പരിഷ്കരിച്ചായിരിക്കും ഈ ശ്രേണി പുറത്തിറക്കുകയത്രെ. യൂസര്‍ ഇന്റര്‍ഫേസ് അടക്കം മാറിയേക്കും. നൂതനമായ പുതിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാമെന്നും പറയപ്പെടുന്നു.

Apple MacBook Air

Technology News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com

By admin

Leave a Reply

Your email address will not be published. Required fields are marked *