Breaking
6 Feb 2026, Fri

‘ആലുവ ചുടുകട്ട’ പോലൊരു മൊബൈൽ: വെള്ളത്തിൽ മുങ്ങിയാലും ‘ഫുൾ ചാർജ്’, തറയിൽ വീണാൽ തറ പൊട്ടും; വിതരണക്കാരെ തേടി കമ്പനി

അയ്യേ ഇതാണോ പരിഷ്കാരം? പരിഷ്കാരമെന്ന് പറഞ്ഞിട്ട് ഇതൊരുമാതിരി തലേമുഴുവൻ എണ്ണയും പുരട്ടി 36 ഇഞ്ച് ബെല്ലും പാള ബെൽറ്റുമെന്നു പണ്ട് നമ്മുടെ കോട്ടയം കുഞ്ഞച്ചൻ ചേട്ടൻ പറഞ്ഞതു പോലൊരു പരിഷ്കാരം കഴിഞ്ഞ ദിവസം കണ്ടതിനേക്കുറിച്ചാണ് ഈ കഥ. പരിഷ്കാരത്തെക്കുറിച്ചു പറയുമ്പോൾ മൊബൈൽ ഫോണുകളെ മാറ്റി നിർത്തിക്കൊണ്ടു നമുക്കൊരു ചർച്ചയുണ്ടോ? മൊബൈൽ പരിഷ്കാരം, കാലാന്തരെ എന്നാണല്ലോ.

ദീപാവലി വൈബിൽ ദുബായ്: വമ്പൻ വെടിക്കെട്ട്, ആഘോഷത്തിൽ നീരാടി രാജ്യം; ഇന്ത്യൻ സ്കൂളുകൾക്ക് 3 ദിവസത്തെ അവധി

യുഎഇയിൽ ‘അനുമതിയില്ലാത്ത നടപ്പ്’, മലയാളി ദമ്പതികൾക്കെതിരെ നടപടി; ദുബായിൽ യുവാവിന് 10 വർഷം തടവ്: 7 രാജ്യാന്തര വാർത്തകൾ

ഈ മൊബൈൽ ഫോണിൽ ടിവിയുണ്ടോ, ഫാനുണ്ടോ, ടോർച്ചുണ്ടോ, പാട്ടുണ്ടോ, റേഡിയോ ഉണ്ടോ എന്നു ചോദിക്കുന്നതിനേക്കാൾ എന്തൊക്കെ ഇല്ലാ എന്നതു കണ്ടുപിടിക്കാനാണ് കൂടുതൽ എളുപ്പം. കൂട്ടത്തിൽ ഫോണും വിളിക്കാം എന്നതായി ഇപ്പോൾ മൊബൈൽ ഫോണിലെ സൗകര്യങ്ങളുടെ കാര്യം. മൊബൈൽ ഫോൺ വന്നതോടെ ആർക്കെല്ലാം പണി പോയി, ആരെല്ലാം കിടപ്പിലായി, ആരെല്ലാം മാറിപ്പോയി എന്നൊക്കെ ഒരു സർവേ എടുത്താൽ ഉത്തരം ഞെട്ടിക്കും.

മൊബൈൽ വന്നപ്പോൾ ലാൻഡ് ഫോൺ ഇല്ലാണ്ടായില്ലേ. ടിവിയുടെ കാര്യവും റേഡിയോയുടെ കാര്യവും പറയേണ്ട. പിടിച്ചു നിൽക്കാൻ പാടുപെടുന്നവരുടെ കൂട്ടത്തിൽ ക്യാമറകളാണ് മുന്നിൽ. എപ്പോഴാണ് ചീട്ടുകീറുന്നതെന്ന കാര്യത്തിൽ അന്തിമ തീരുമാനം വരാത്തതിനാൽ അങ്ങനെ കഴുത്തിൽ തൂങ്ങി കിടക്കുന്നെന്നു മാത്രം. എന്തിനേറെ പറയുന്നു, ബാങ്കുകളിലെ സെക്യൂരിറ്റികൾ മുതൽ ക്ലർക്കുമാരുടെയും കാഷ്യർമാരുടെയും വരെ പണി ഈ മൊബൈൽ ഫോൺ തെറിപ്പിച്ചില്ലേ? അതും പോരാഞ്ഞിട്ട് എത്രയോ ബാങ്ക് ശാഖകൾ പൂട്ടിച്ചിരിക്കുന്നു.

അങ്ങനെ പരിഷ്കാരികൾക്കിടയിൽ മൊബൈൽ ഫോൺ പച്ചപിടിച്ചു നിൽക്കുന്നതിനിടെയാണ് ജൈറ്റക്സിൽ പുതിയൊരു പരിഷ്കാരിയെ കണ്ടത്. കണ്ടാൽ പണ്ട് നാട്ടിലെ വീടു പണിക്ക് ഉപയോഗിച്ചിരുന്ന ആലുവ ചുടുകട്ട പോലിരിക്കും. അത്ര വലുപ്പവും അത്രത്തോളം ഭാരവും. നീളം കുറച്ചും വീതികുറച്ചും പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന മൊബൈലിന് ഇതെന്താണ് ഇങ്ങനൊരു രൂപം? സംഗതി പതിവു പോലെ ചൈനയുടെ സൃഷ്ടിയാണ്. ഈ മൊബൈൽ തറയിൽ വീണു പൊട്ടുമെന്ന പേടി വേണ്ട. കാരണം, ഇതു തറയിൽ വീണാൽ മൊബൈലാവില്ല, തറയാകും പൊട്ടുക. എന്താണ് ഇതിന്റെ പ്രത്യേകത? ഇതുമായി നിങ്ങൾക്കു വെള്ളത്തിനടയിൽ പോകാം. എത്രകാലം വേണമെങ്കിലും ഈ ഫോണും പിടിച്ചു വെള്ളത്തിനടിയിൽ താമസിക്കാം. അതാണ് പ്രത്യേകത.

അപ്പോൾ വെള്ളത്തിനടിയിൽ കിടന്നു ഫോൺ വിളിക്കാമോ എന്നതു സ്വാഭാവിക ചോദ്യമാണല്ലോ? ഫോൺ പരിചയപ്പെടുത്താൻ നിന്ന ചൈനീസ് സുന്ദരി അതിനു പറഞ്ഞ ഉത്തരം മറ്റൊരു ചോദ്യമായിരുന്നു, അതിനു വെള്ളത്തിനടിയിൽ എങ്ങനെ നിങ്ങൾ സംസാരിക്കും? അടിയിൽ പോയിട്ട് നിങ്ങൾ എന്തിനാണ് ഫോൺ വിളിക്കുന്നത്? അതു തന്നെയല്ല വെള്ളത്തിനടിയിൽ റേഞ്ച് കിട്ടുമോ? ആഹാ, അതു കൊള്ളാം, വെള്ളത്തിലിട്ട് തിളപ്പിക്കാവുന്ന ഫോൺ ഉണ്ടാക്കിയിട്ട്, ഈ ചോദ്യങ്ങളോക്കെ അവർ നമ്മളോടു ചോദിക്കുന്നതു കേട്ടാൽ തോന്നും നമ്മളാണ് ഈ ഫോൺ ഉണ്ടാക്കിയതെന്ന്.

അവിടം കൊണ്ടും തീരുന്നില്ല. ഈ ഫോൺ ഐസ് കട്ടയ്ക്കുള്ളിലും പ്രവർത്തിക്കും. തണ്ണുത്തുറഞ്ഞ ഐസ് കട്ടകൾക്കിടയിൽ ഈ ഫോൺ സുരക്ഷിതമായിരിക്കും. തണുത്തുറഞ്ഞ ഫോൺ മരുഭൂമിയിൽ മണ്ണിനടിയിൽ കുഴിച്ചിട്ടെന്നു വിചാരിക്കുക. അപ്പോഴും ഫോണിന് കുഴപ്പമൊന്നും ഉണ്ടാകില്ല. േവണമെങ്കിൽ അന്ത്യയാത്രയിലും ഒപ്പം കൂട്ടാമെന്നു ചുരുക്കം.

അതും പോരാത്തതിന് ഫോണിന്റെ പുറത്ത് പതിപ്പിച്ച 3 ലൈറ്റുകൾ ഓൺ ചെയ്താൽ, ഒരു നൈറ്റ് പാർട്ടിക്കുള്ള വെളിച്ചമായി. ബാറ്ററിയാണെങ്കിൽ ഉപയോഗിച്ചാലും ഉപയോഗിച്ചാലും തീരില്ല. വേണമെങ്കിൽ ഫോണിലെ കറന്റ് എടുത്ത് വീട്ടിലെ ലൈറ്റ് കത്തിക്കാം, അത്രയ്ക്കുണ്ട് ബാറ്ററി. ഈ ഫോൺ എന്തിനെന്നു ചോദിച്ചാൽ, പരിഷ്കരിച്ചു പരിഷ്കരിച്ചു അറിയാവുന്ന പരിഷ്കാരങ്ങളൊക്കെ തീർന്നപ്പോൾ തോന്നിയ മറ്റൊരു പരിഷ്കാരം എന്നേ പറയാനുള്ളു. യുഎഇയിൽ ഈ ഫോണുകൾക്ക് വിതരണക്കാരെ തേടിയാണ് കമ്പനി ജൈറ്റക്സിൽ വന്നത്. നാളെ, ഈ ഫോൺ കൈയിൽ ഇല്ലാത്തതത് ഒനാണക്കേടാവുമോ എന്തോ.

By admin

Leave a Reply

Your email address will not be published. Required fields are marked *