Breaking
31 Jan 2026, Sat

ആന്‍ഡ്രോയിഡ് ഇഎൽഎസ് ഇന്ത്യയിലെത്തി, ആദ്യം ഉത്തര്‍പ്രദേശിൽ; അടിയന്തര സഹായം ഇനി അതിവേഗം! ട്രാക്കിങ് ടെക്നോളജിയോ?

അപകടം നടക്കുമ്പോഴും, മറ്റു വൈദ്യ സഹായത്തിനുമടക്കം അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാനായി പല രാജ്യങ്ങളിലും ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ച ഗൂഗിള്‍ ആന്‍ഡ്രോയിഡ് എമര്‍ജന്‍സി ലൊക്കേഷന്‍ സര്‍വീസ് (ഇഎൽഎസ്) സേവനത്തിന് ഇന്ത്യയിലും ഔദ്യോഗികമായി തുടക്കമിട്ടു. ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ നിര്‍ണ്ണായകമായേക്കാവുന്ന മിനിറ്റുകള്‍ പോലും നഷ്ടപ്പെടുത്താതെ, വിളിച്ച വ്യക്തി എവിടെയാണ് ഉള്ളത് എന്ന് വളരെ കൃത്യതയോടെ അറിഞ്ഞ് പ്രവര്‍ത്തിക്കാമെന്നതാണ് ഇഎൽഎസിൻ്റെ സവിശേഷത. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഡിസംബര്‍ 23ന് ഗൂഗിള്‍ ഇന്ത്യ പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.

കടലിനടിയിൽ സോണാർ റീഡിങിൽ അസാധാരണമായ ഒരു രൂപം, അമ്പരന്നു ഗവേഷകർ; ഉള്ളിൽ അമൂല്യ നിധിശേഖരം

ഇന്ത്യയില്‍ ഇഎൽഎസ് പൂര്‍ണ്ണമായും നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ് ഇപ്പോള്‍. സംസ്ഥാനത്ത് സഹായം ആവശ്യമുള്ളവര്‍ വിളിക്കേണ്ട നമ്പര്‍ 112 ആണ്. ഈ നമ്പറുമായി ബന്ധപ്പെടുത്തിയാണ് ഇഎൽഎസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. യുപിയില്‍ ഇപ്പോള്‍ ഈ നമ്പറില്‍ വിളിക്കുന്ന ആളെ ഏകദേശം 50 മീറ്ററിനുള്ളില്‍ കണ്ടെത്താന്‍ സഹായിക്കുമെന്നതാണ് ഇഎൽഎസിൻ്റെ സവിശേഷത. ഇതിന് പ്രത്യേക ഹാര്‍ഡ്‌വെയറോ, സോഫ്റ്റ്‌വെയറോ, ആപ്പോ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതായില്ല. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതിന് സജ്ജമാണ് എന്നാണ് ഗൂഗിള്‍ പറയുന്നത്.

ഉത്തര്‍പ്രദേശില്‍ ഇത് നടപ്പാക്കാന്‍ ഗൂഗിളും, സംസ്ഥാന പൊലീസും, പെര്‍ട്ട് ടെലകോം സൊലൂഷൻസ് (പെര്‍ട്ട്‌സോള്‍, PertSol) കമ്പനിയും തമ്മില്‍ സഹകരിച്ചു. അടിയന്തര സഹായമഭ്യര്‍ത്ഥിച്ച് എത്തുന്ന കോളുകള്‍ നടത്തിയ ആള്‍ എവിടെയാണ് ഉള്ളത് എന്നറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഇതുവരെ നിലനിന്നിരുന്ന പ്രശ്‌നത്തിന് ഇതോടെ പരിഹാരമാകുകയാണ് എന്ന നിലപാടാണ് കമ്പനിക്ക്.

സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ

എന്താണ് സവിശേഷത?

നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ് തുടങ്ങിയ ആധൂനിക ടെക്‌നോളജികള്‍ അടക്കം പ്രയോജനപ്പെടുത്തിയാണ് ഇഎൽഎസ് പ്രവർത്തിപ്പിക്കുന്നതത്രെ. വേണ്ടത്ര നെറ്റ്‌വര്‍ക്ക് സിഗ്നലും മറ്റും ഇല്ലാത്ത സന്ദര്‍ഭങ്ങളിലടക്കം അടിയന്തര സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ചയാളുടെ ഫോണ്‍ കൃത്യമായി എവിടെയാണ് എന്നറിയാന്‍ നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ഈ പ്രതിസന്ധിയെ ‘ലൊക്കേഷന്‍ ഗ്യാപ്പ്’ എന്നു വിളിക്കുന്നു. ഇതുവരെ നിലനിന്നിരുന്നത് സെൽ ടവർ ട്രയാംഗ്യുലേഷൻ (cell tower triangulation) എന്ന് അറിയപ്പെടുന്ന സംവിധാനം മാത്രമായിരുന്നു. എന്നാല്‍, ആന്‍ഡ്രോയിഡിലെ ഇഎൽഎസ് പല അടരുകളുള്ള ഒരു ടെക്‌നോളജിയാണെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു.

ബഹിരാകാശ യാത്രികർക്കും നല്ല ഫ്രഷ് മത്തിക്കറിയും അയല വറുത്തതുമൊക്കെ തിന്നാൻ പറ്റിയേക്കും..

പ്രവര്‍ത്തനം ഓട്ടമാറ്റിക്

ഇഎൽഎസിൻ്റെ കൃത്യതയ്ക്കായി ‘ഫ്യൂസ്ഡ് ലൊക്കേഷന്‍ പ്രൊവൈഡര്‍’ ഉപയോഗിക്കുന്നു. ജിപിഎസ്, വൈ-ഫൈ, സെല്ലുലാർ നെറ്റ് വർക്ക്സ് എന്നിവയിൽ നിന്നെല്ലാം ഉള്ള ഡേറ്റ സമ്മേളിപ്പിച്ചാണ് ഇഎൽഎസ് പ്രവർത്തിപ്പിക്കുന്നതും വിളിച്ചയാള്‍ എവിടെയാണ് എന്ന് അറിയുന്നതും. ആന്‍ഡ്രോയിഡ് ഇഎൽഎസിന് വളരെ കൃത്യതയോടെ വിളിച്ച സ്ഥലം അറിയാന്‍ സാധിക്കുമെന്നും, ഏകദേശം 50 മീറ്ററിനുള്ളില്‍ ആളെ കണ്ടെത്താന്‍ സാധിക്കുമെന്നും ഗൂഗിള്‍ പറയുന്നു.

എപ്പോഴൊക്കെ സഹായമഭ്യര്‍ത്ഥിച്ച് 112ലേക്കു വിളിക്കുന്നുവോ അപ്പോഴൊക്കെ ഇഎൽഎസ് തനിയെ പ്രവർത്തിക്കുമെന്നുമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. 112 ഡയല്‍ ചെയ്യുമ്പോള്‍ അടിയന്തര സഹായം അഭ്യര്‍ത്ഥിക്കുന്ന ഒരു എസ്എംഎസ് ആണ് ഫോണില്‍ നിന്ന് പുറപ്പെടുക. ഇതിന് പ്രത്യേക ആപ്പോ, ഹാര്‍ഡ്‌വെയറോ ഒന്നും വേണ്ട.

ഇഎൽഎസ് പ്രയോജനപ്പെടുത്തുന്ന മറ്റ് കാര്യങ്ങള്‍

ഇഎൽഎസിൻ്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ മറ്റ് സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. ഉദാഹരണത്തിന് സഹായമഭ്യർത്ഥിച്ചു വിളിക്കുന്ന ആളുടെ ഡിവൈസിൽ തിരഞ്ഞെടുത്തിരിക്കുന്ന ഭാഷ. പ്രതിസന്ധി നേരിടുന്ന ആളുമായി അയാള്‍ക്ക് അറിയാവുന്ന ഭാഷയില്‍ തന്നെ സംസാരിക്കാമെന്നതാണ് ഇതിന്റെ ഗുണം. ഡ്രോപ്-കോൾ റിലയബിലിറ്റി (drop-call reliabiltiy) ആണ് മറ്റൊന്ന്. സഹായം അഭ്യര്‍ത്ഥിച്ചുള്ള കോള്‍ നടത്തിക്കഴിഞ്ഞ് പിന്നെ സെല്‍ ടവറില്‍ നിന്നുള്ള സിഗ്നല്‍ സെക്കന്‍ഡുകള്‍ക്ക് ശേഷം ലഭ്യമാകാതെ വന്നാല്‍ പോലും ആള്‍ എവിടെയാണ് ഉള്ളത് എന്ന് കണ്ടെത്താം.

സ്വകാര്യത നിലനിര്‍ത്തുമെന്ന് ഗൂഗിള്‍

ഇഎൽഎസിൽ തങ്ങൾ വിളിക്കുന്ന ആളുടെ സ്വകാര്യത നിലനിർത്താൻ പ്രതിജ്ഞാബദ്ധരായിരിക്കുമെന്ന് കമ്പനി പറയുന്നു. അതിനാൽ തന്നെ ഇഎൽഎസ് ഫീച്ചർ എമർജൻസി സാഹചര്യത്തിൽ മാത്രമെ പ്രവർത്തിപ്പിക്കൂ എന്ന് ഗൂഗിൾ പറയുന്നു. ഒരാൾ എവിടെയാണ് എന്ന് അറിയിക്കുന്ന ഡേറ്റ ഹാൻഡ്‌സെറ്റിൽ നിന്ന് കൈമാറുന്നത് അടിയന്തര സഹായം എത്തിക്കുന്ന സംവിധാനത്തിനു മാത്രമായിരിക്കും. ഉത്തർപ്രദേശിൽ ഇത് UP112 ആയിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ എന്നായിരിക്കും ഇത് പ്രവർത്തനസജ്ജമാകുക എന്ന കാര്യം ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.

ഇത്തരത്തിൽ സഹായം അഭ്യർത്ഥിച്ചു വന്ന കോളുകൾക്ക് കൃത്യമായ സഹായം എത്തിച്ചു കൊടുക്കാൻ സാധിച്ചു എന്നതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും ഗൂഗിൾ പറയുന്നു. ഔദ്യോഗികമായി ഇത് പ്രവർത്തിപ്പിച്ചു തുടങ്ങുന്നതിനു മുമ്പ് ഏതാനും മാസം പരീക്ഷണാർത്ഥം പരീക്ഷിച്ചു നോക്കിയിരുന്നു. ഇതിനോടകം ലോകമെമ്പാടുമായി 20 ദശലക്ഷം കോളുകൾക്ക് സഹായമെത്തിക്കാൻ ആൻഡ്രോയിഡിന് സാധിച്ചിട്ടുണ്ടെന്നും ഗൂഗിൾ പറയുന്നു.

വീൽചെയറിൽ ആകാശ അതിരുതൊട്ട് മിഖയ്‌ല; ചരിത്രം തിരുത്തിയ ബ്ലൂ ഒറിജിൻ, ‘കരുതൽ’ എന്തൊക്കെയെന്ന് അറിയാം

പുതിയ ട്രാക്കിങ് ടെക്‌നോളജിയോ?

ഇഎൽഎസ് ഡേറ്റ തങ്ങൾ ശേഖരിക്കില്ലെന്ന് ഗൂഗിൾ ആണയിടുന്നു. കൂടാതെ, അടിയന്തര സാഹചര്യത്തിലൊഴികെ ഒരിക്കലും പ്രവർത്തിക്കാതെ ഫോണിൽ കിടക്കുകയായിരിക്കും ഇഎൽഎസ് എന്നും ഗൂഗിൾ അവകാശപ്പെടുന്നു. എന്നാൽ, ഇത്തരം അവകാശവാദങ്ങൾ എത്രമാത്രം സത്യമാണ് എന്ന കാര്യത്തിൽ സന്ദേഹം അറിയിക്കുന്നവരും ഉണ്ട്. കൂടാതെ, പല രാജ്യങ്ങളിലും ഇപ്പോൾ പ്രവർത്തിപ്പിക്കുന്ന ഈ ടെക്‌നോളജി സ്വേഛാധിപത്യ സ്വഭാവമുള്ള ഗവൺമെന്റുകളും ഭരണാധികാരികളും ദുരുപയോഗം ചെയ്തു തുടങ്ങില്ലേ എന്നും വിമർശകർ ചോദിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *