Breaking
12 Apr 2026, Sun

‘ആ 2.8 കോടി എനിക്ക് വേണ്ട’, വൻ ഓഫറിനോട് ‘നോ’ പറഞ്ഞ് 16കാരൻ! ‘എവിയോൺ’ ഇനി കർഷകർക്ക് സ്വന്തം

സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാൽ കൈയ്യിൽ കിട്ടുക ഏകദേശം 2.8 കോടി രൂപ (300,000 ഡോളർ). സാധാരണക്കാരനായ ഏതൊരു കൗമാരക്കാരനും കണ്ണും പൂട്ടി സമ്മതിക്കുന്ന ഓഫർ. എന്നാൽ മേരിലാൻഡിലെ പൂൾസ്‌വിൽ ഹൈസ്‌കൂളിലെ വിദ്യാർഥിയായ രുദ്രോജസ് കുൻവർ എന്ന ഇന്ത്യൻ വംശജൻ ആ ഓഫറിനോട് പറഞ്ഞത് ‘നോ’ എന്നാണ്. പണത്തേക്കാൾ ഉപരി താൻ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ലോകമെമ്പാടുമുള്ള കർഷകരിലേക്ക് ലാഭേച്ഛയില്ലാതെ എത്തണമെന്ന ഉറച്ച തീരുമാനമാണ് ഈ കൊച്ചു മിടുക്കനെ ഇന്ന് ആഗോളതലത്തിൽ ചർച്ചാവിഷയമാക്കുന്നത്.

∙ പണക്കൊഴുപ്പിന് മുകളിൽ പറക്കുന്ന സ്വപ്നങ്ങൾ

വെൻച്വർ ക്യാപിറ്റലിസ്റ്റുകൾ സ്റ്റാർട്ടപ്പുകൾക്ക് പിന്നാലെ പണവുമായി പായുന്ന കാലമാണിത്. രുദ്രോജസ് വികസിപ്പിച്ചെടുത്ത ‘എവിയോൺ’ (Evion) എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ ഒരു നിക്ഷേപകൻ പഠനം ഉപേക്ഷിച്ചു പൂർണസമയവും ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 3 ലക്ഷം ഡോളറാണ് (2.8 കോടി രൂപ) വാഗ്ദാനം ചെയ്തത്.

‘തീർച്ചയായും അത് ആലോചിച്ചു തീരുമാനിക്കാൻ പ്രയാസമുള്ള ആഴ്ചകളായിരുന്നു. അത് വലിയൊരു തുകയാണ്,’ രുദ്രോജസ് ഓർക്കുന്നു. എന്നാൽ, കേവലം ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പിന്റെ ഭാഗമായാൽ തന്റെ ലക്ഷ്യം വഴിതെറ്റിപ്പോകുമെന്ന് അവൻ ഭയപ്പെട്ടു. സാധാരണക്കാരായ കർഷകർക്ക് താങ്ങാനാവുന്ന തരത്തിൽ ഈ സേവനം നിലനിർത്താനായിരുന്നു അവന്റെ തീരുമാനം.

പോഷകസമൃദ്ധവും ആദായകരവുമായ ‘അദ്ഭുതപ്പഴം’, കേരളത്തിന്റെ മണ്ണിലും വിളയും ഈ പഴം

∙ ഉത്സവപ്പറമ്പിൽ പിറന്ന ആശയം

മേരിലാൻഡിലെ മോണ്ട്ഗോമറി കൗണ്ടിയിലെ ഒരു പ്രാദേശിക കമ്മ്യൂണിറ്റി ഫെസ്റ്റിവലിൽ വച്ചാണ് രുദ്രോജസിന്റെ ജീവിതം മാറിമറിഞ്ഞത്. കൃഷിക്ക് വലിയ പ്രാധാന്യമുള്ള ആ പ്രദേശത്തെ കർഷകരുമായി സംസാരിച്ചപ്പോൾ അവൻ ഒരു കാര്യം മനസ്സിലാക്കി, വിളകളുടെ രോഗങ്ങളെക്കുറിച്ചോ വളപ്രയോഗത്തെക്കുറിച്ചോ കർഷകർക്ക് വ്യക്തമായ ധാരണയില്ല. പലപ്പോഴും കേവലം ഊഹങ്ങൾ മാത്രമാണ് അവരുടെ കൃഷിയെ നയിക്കുന്നത്.

ADVERTISEMENT

‘ഒരു ചെടിയിലെ നിറവ്യത്യാസം എന്താണെന്ന് എങ്ങനെ തിരിച്ചറിയുന്നു എന്ന് ഞാൻ ഒരു കർഷകനോട് ചോദിച്ചു. ഏകദേശം ഊഹിക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മറ്റു പല കർഷകർക്കും ഇതേ പ്രശ്നമുണ്ടെന്ന് എനിക്ക് മനസ്സിലായി,’ രുദ്രോജസ് പറയുന്നു. ഈ തിരിച്ചറിവാണ് ‘എവിയോൺ’ എന്ന ആശയത്തിലേക്ക് അവനെ എത്തിച്ചത്.

∙ എന്താണ് എവിയോൺ (Evion)?

വിലകൂടിയ സെൻസറുകളോ സങ്കീർണമായ ഡ്രോണുകളോ ആവശ്യമില്ലാത്ത ഒരു എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമാണ് എവിയോൺ. ഇതിന്റെ പ്രവർത്തനരീതി ലളിതമാണ്. കർഷകർക്ക് അവരുടെ പക്കലുള്ള സാധാരണ ക്യാമറ ഡ്രോണുകൾ ഉപയോഗിച്ച് കൃഷിയിടങ്ങളുടെ ചിത്രങ്ങൾ എടുക്കാം. ഈ ചിത്രങ്ങൾ എവിയോൺ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ടെസ്‌ലയുടെ (Tesla) ക്യാമറ അധിഷ്ഠിത സ്വയം നിയന്ത്രിത സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വികസിപ്പിച്ച എഐ മോഡൽ ഈ ചിത്രങ്ങൾ വിശകലനം ചെയ്യുന്നു. വയലിന്റെ ഏത് ഭാഗത്താണ് വെള്ളം കുറവുള്ളതെന്നും എവിടെയാണ് വളം ആവശ്യമെന്നും കാണിക്കുന്ന ഒരു ‘കളർ കോഡഡ്’ മാപ്പ് (പച്ച – ആരോഗ്യമുള്ളത്, ചുവപ്പ് – ശ്രദ്ധിക്കേണ്ടത്) ഇത് നൽകുന്നു. ഇതിലൂടെ വളത്തിന്റെയും ജലത്തിന്റെയും അനാവശ്യ ഉപയോഗം കുറയ്ക്കാനും വിളവെടുപ്പ് കൃത്യമായി പ്രവചിക്കാനും കർഷകർക്ക് സാധിക്കുന്നു.

കിലോയ്ക്ക് വില 3 ലക്ഷം വരെ! ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ഇനി ടെറസ്സിലും കായ്ക്കും

∙ വെല്ലുവിളികൾ

തുടക്കത്തിൽ സ്വയം പറക്കുന്ന ഡ്രോണുകൾ നിർമിക്കാനായിരുന്നു രുദ്രോജസിന്റെ പദ്ധതി. എന്നാൽ അത് ചെലവേറിയ കാര്യമാണെന്ന് മനസ്സിലാക്കിയതോടെ അവൻ സോഫ്റ്റ്‌വെയറിലേക്ക് ശ്രദ്ധ മാറ്റി. സാങ്കേതിക വിദ്യയിൽ മിടുക്കനായ ജേക്കബ് ലീ എന്ന സുഹൃത്തിനെ പങ്കാളിയാക്കി. തങ്ങളുടെ ഉൽപന്നം കർഷകരിലേക്ക് എത്തിക്കാൻ ഇവർ തിരഞ്ഞെടുത്തത് ലിങ്ക്ഡ്ഇൻ (LinkedIn), കോൾഡ് ഇമെയിലുകൾ എന്നിവയായിരുന്നു. കാർഷിക ലാഭരഹിത സംഘടനകളുമായി ചേർന്ന് നടത്തിയ പരീക്ഷണങ്ങൾ (Pilot Runs) വലിയ വിജയമായി. ഇന്ന് വടക്കേ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ എന്നിവിടങ്ങളിലെ കർഷകർ എവിയോണിന്റെ സഹായം തേടുന്നു.

∙ ലാഭമല്ല, ലക്ഷ്യം സേവനം

സാധാരണയായി ഇത്തരം സാങ്കേതികവിദ്യകൾ വലിയ കോർപറേറ്റ് കമ്പനികൾക്ക് മാത്രമാണ് പ്രാപ്യമാകാറുള്ളത്. എന്നാൽ ചെറുകിട-ഇടത്തരം കർഷകർക്ക് ഇത് സൗജന്യമായോ കുറഞ്ഞ ചെലവിലോ ലഭ്യമാക്കുക എന്നതാണ് രുദ്രോജസിന്റെ ലക്ഷ്യം. പണം വാഗ്ദാനം ചെയ്ത നിക്ഷേപകനെ നിരസിക്കാൻ പ്രധാന കാരണവും ഇതുതന്നെയായിരുന്നു. ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനിയായി എവിയോൺ മാറാൻ അവൻ ആഗ്രഹിച്ചില്ല.

ADVERTISEMENT

∙ ഭാവിയെക്കുറിച്ച്

16-ാം വയസ്സിൽ തന്നെ ലോകശ്രദ്ധ നേടിയ രുദ്രോജസ് തന്റെ പഠനവും സ്റ്റാർട്ടപ്പും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾ നടത്താനും, നൂതനമായ സാങ്കേതികവിദ്യകൾ സാധാരണക്കാർക്കായി എത്തിക്കാനും അവൻ ആഗ്രഹിക്കുന്നു.

‘സ്റ്റാർട്ടപ്പ് യാത്രയിൽ ഒരുപാട് അനിശ്ചിതത്വങ്ങളുണ്ട്. പലപ്പോഴും ഒന്നും ശരിയാകില്ല എന്ന് തോന്നും. എന്നാൽ പെട്ടെന്ന് ലഭിക്കുന്ന ഒരു ചെറിയ വിജയം നമ്മളെ മുന്നോട്ട് നയിക്കും,’ രുദ്രോജസിന്റെ വാക്കുകളിൽ ഒരു വലിയ സംരംഭകന്റെ പക്വതയുണ്ട്. പണത്തിനും പദവിക്കും അപ്പുറം താൻ വിശ്വസിക്കുന്ന ആദർശത്തിനു വേണ്ടി നിലകൊള്ളുന്ന രുദ്രോജസ് കുൻവർ, വരുംതലമുറയിലെ സംരംഭകർക്ക് ഒരു വലിയ പാഠപുസ്തകമാണ്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം LinkedIn നിന്ന് എടുത്തതാണ്

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *