Breaking
31 Jan 2026, Sat

അയൺമാന്റെ ജാർവിസ് പോലെ ഇതാ ഒരു സ്മാർട് ഗ്ലാസ്; ഒരു ഫോണിന്റെ വിലയ്ക്ക് ലഭിക്കുമോ?

അയൺമാന്റെ ജാർവിസ് എന്ന അതിബുദ്ധിമാനായ നിർമിത ബുദ്ധിയെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെ, നമ്മുടെ എല്ലാ കാര്യങ്ങളും ഓർത്തു വയ്ക്കാൻ കഴിവുള്ള ഒരു യഥാർത്ഥ എഐ അസിസ്റ്റന്റ് കണ്ണടയിലുണ്ടെങ്കിലോ? അത്തരത്തിൽ കാണുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെല്ലാം ഓർത്തുവെക്കാൻ ശേഷിയുള്ള ഒരു സ്മാർട്ട് കണ്ണടയുമായി എത്തുകയാണ് സിങ്കപ്പൂർ ആസ്ഥാനമായുള്ള ബ്രില്ല്യന്റ് ലാബ്സ്. ‘ഹെയ്‌ലോ’ (Halo) എന്ന് പേരിട്ടിരിക്കുന്ന ഈ എഐ കണ്ണട, വെയറബിൾ സാങ്കേതികവിദ്യയിൽ പുതിയൊരു അധ്യായം കുറിച്ചേക്കും.

ആ അമ്പരപ്പിക്കുന്ന വാർത്ത എത്തി, ഒരു നിർദ്ദേശത്തിൽ ഒരു ‘ലോകം’ സൃഷ്ടിക്കാം; ഗൂഗിളിന്റെ ‘ജീനി 3’ വരുന്നു

പുതിയ കാലത്തെ സെൻസറുകൾ, ബോൺ കണ്ടക്ഷൻ ഓഡിയോ സ്പീക്കറുകൾ, ഫുൾ കളർ ഡിസ്‌പ്ലേ തുടങ്ങിയ ആധുനിക ഹാർഡ്‌വെയർ മികവുകളോടെയാണ് ഹെയ്‌ലോ എത്തുന്നത്. തത്സമയ വിവർത്തനം, ചുറ്റുപാടുകൾ തിരിച്ചറിയാനുള്ള കഴിവ് തുടങ്ങിയ ഒട്ടേറെ ഫീച്ചറുകളും ഇതിലുണ്ട്. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ എഐ സ്മാർട്ട് ഗ്ലാസ് എന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

കണ്ണും കാതുമാകുന്ന ‘നോവ’

ഹെയ്‌ലോയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും പുറത്തുവന്നിട്ടില്ലെങ്കിലും, എഐ സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇത് ഒരു മികച്ച മോഡലായിരിക്കും എന്നാണ് വിലയിരുത്തൽ. ഈ സ്മാർട്ട് ഗ്ലാസസിന്റെ തലച്ചോറായി പ്രവർത്തിക്കുന്നത് ‘നോവ’ (Noa) എന്ന് പേരുള്ള ഓപ്പൺ സോഴ്‌സ് നിർമ്മിത ബുദ്ധിയാണ്. ഉപയോക്താവിന്റെ ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങൾ ‘കണ്ടും കേട്ടും’ ഒരു മനുഷ്യനെപ്പോലെ പ്രതികരിക്കാനും വിവരങ്ങൾ നൽകാനും നോവയ്ക്ക് സാധിക്കും. ശബ്ദമുഖരിതമായ ചുറ്റുപാടുകളിൽ പോലും നോവ കൃത്യമായി പ്രവർത്തിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓർമ്മകൾ സൃഷ്ടിക്കുന്ന കണ്ണട

‘ഏജന്റിക് മെമ്മറി’ എന്ന പുതിയ സംവിധാനമാണ് ഹെയ്‌ലോയുടെ മറ്റൊരു പ്രത്യേകത. ഒരു ഡയറി പോലെ, ഉപയോക്താവിന്റെ ഓരോ ദിവസത്തെയും അനുഭവങ്ങൾ ഈ കണ്ണട ശേഖരിച്ച് സൂക്ഷിക്കും. ഹെയ്‌ലോയിലെ സെൻസറുകൾ ഉപയോക്താവിന്റെ കാഴ്ചകൾ, സംഭാഷണങ്ങൾ എന്നിവ സന്ദർഭമറിഞ്ഞ് റെക്കോർഡ് ചെയ്യുകയും ഓർമ്മിക്കുകയും ചെയ്യും.

എഐ ചിപ്പുകൾ ചൈനയിലേക്ക് കയറ്റി അയച്ചു, നടപടിയെടുക്കാനൊരുങ്ങി അമേരിക്ക

ഒരു വ്യക്തിയെ ആദ്യമായി കണ്ടത് എപ്പോഴാണ്, അയാൾ എവിടെ നിന്നാണ് വന്നത് തുടങ്ങിയ വിവരങ്ങൾ വർഷങ്ങൾക്കു ശേഷവും ഓർത്തെടുക്കാൻ ഈ കണ്ണടക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എന്നാൽ ഇത്തരം ഒരു ഉപകരണം സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുള്ള സ്വാധീനത്തെക്കുറിച്ച് ആശങ്കകളും ഉയരുന്നുണ്ട്. ആളുകൾ തമ്മിലുള്ള സ്വാഭാവികമായ ഇടപെടലുകളെ ഇത് ബാധിക്കുമോ എന്ന ചോദ്യവും പ്രസക്തമാണ്.

ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നു

ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ കമ്പനിക്കും അറിയാം. അതുകൊണ്ടാണ് നോവ ശേഖരിക്കുന്ന ഡാറ്റ ഗണിതപരമായ ഫോർമാറ്റിലേക്ക് മാറ്റുമെന്നും അത് പിന്നീട് വീഡിയോയോ ഓഡിയോയോ ചിത്രങ്ങളോ ആയി മാറ്റാൻ കഴിയില്ലെന്നും അവർ വ്യക്തമാക്കുന്നത്. ഉപയോക്താവുമായി ബന്ധപ്പെട്ട ഡാറ്റയുടെ പൂർണ്ണ നിയന്ത്രണം ഉടമയ്ക്ക് മാത്രമായിരിക്കുമെന്നും, ഈ വിവരങ്ങൾ ഒരു തേർഡ് പാർട്ടി കമ്പനിക്കും നൽകില്ലെന്നും ബ്രില്ല്യന്റ് ലാബ്സ് ഉറപ്പുനൽകുന്നു.

കസ്റ്റം ആപ്പുകൾ നിർമ്മിക്കാം

ഹെയ്‌ലോയിലെ ‘വൈബ് മോഡ്’ എന്ന ഫീച്ചർ ഉപയോഗിച്ച് ഉപയോക്താവിന് സ്വന്തമായി എഐ ആപ്പുകൾ നിർമ്മിക്കാം. അതിന് ശബ്ദത്തിലൂടെ നോവയ്ക്ക് നിർദേശം നൽകിയാൽ മാത്രം മതി. ഈ ഫീച്ചർ ഹെയ്‌ലോയെ ലോകത്തെ ആദ്യത്തെ ഡെവലപ്പർ-ഫ്രണ്ട്ലി സ്മാർട്ട് ഗ്ലാസുകളിൽ ഒന്നാക്കി മാറ്റുന്നു.

ആനയെ പശുക്കുട്ടിയാക്കിയ ഗൂഗിൾ! ഈ അതിബുദ്ധിമാനെ വല്ലാതെ ‘നമ്പാതെ’..

ഏകദേശം 40 ഗ്രാം മാത്രം ഭാരമുള്ള ഹെയ്‌ലോയ്ക്ക് ഒറ്റ ചാർജിൽ 14 മണിക്കൂർ വരെ പ്രവർത്തിക്കാൻ കഴിയും. അലിഫ് സെമികണ്ടക്ടർ കമ്പനി വികസിപ്പിച്ച ബി1 പ്രൊസസറാണ് ഇതിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. ഏകദേശം 299 ഡോളർ (ഏകദേശം 30,000 രൂപ) ആയിരിക്കും ഹെയ്‌ലോയുടെ വില. ആപ്പിൾ, മെറ്റാ തുടങ്ങിയ കമ്പനികളും ഇത്തരത്തിലുള്ള സ്മാർട്ട് ഗ്ലാസുകൾ വിപണിയിൽ ഇറക്കാൻ സാധ്യതയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *