Breaking
5 Feb 2026, Thu

അദ്ഭുതം! കുറഞ്ഞ ചെലവിൽ 200% അധിക വിളവ്; എല്ലാം മൊബൈലിൽ കാണാം, പ്രയോഗിച്ചത് നൂതന ടെക്നോളജി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികത ഉപയോഗിച്ച് കൃഷി കൂടുതൽ ലളിതവും ലാഭകരവുമാക്കാൻ ഒരുങ്ങുകയാണ് കേരളത്തിലെ വിവിധ പഞ്ചായത്തുകൾ. കാർഷിക രംഗത്ത് എഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സ്മാർട്ട് ഫാമിങ് എന്ന നൂതന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയത് വിജയം കണ്ടുതുടങ്ങി. കിലയുടെയും സംസ്ഥാന ഹോർട്ടികൾചർ മിഷന്റെയും സഹകരണത്തോടെ പനവൂർ, ആനാട്, അരുവിക്കര, കരകുളം, വെമ്പായം എന്നീ അഞ്ച് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുത്ത 40 കർഷകർ മൊബൈൽ ആപ്പ് ഉപയോഗിച്ച് സ്മാർട് ഫാമിങ് രീതികൾ നടപ്പാക്കി വിജയിച്ചു കഴിഞ്ഞു.

അച്ചാറും പായസവും വിറ്റിരുന്ന വിജിയുടെ സംരംഭം പച്ചപിടിച്ചത് ഇങ്ങനെ… ഇന്ന് വിൽക്കുന്നത് നൂറോളം ഉൽപന്നങ്ങൾ

∙ പരീക്ഷണത്തിന് രണ്ടു രീതിയിൽ കൃഷി

ഇതിനായി ഓരോ കർഷകനും ഓരോ സെന്റ് വീതം ഭൂമിയിൽ പരമ്പരാഗത കാർഷിക രീതിയിലും സ്മാർട് ഫാമിങ് രീതിയിലും ഒരേ സമയം കൃഷി ചെയ്തു. സ്മാർട് ഫാമിങ്ങിൽ വിളവ് ഉൽപാദനം 200 ശതമാനത്തിൽ അധികമായിരുന്നെന്ന് അധികൃതർ പറഞ്ഞു. നിർമിത ബുദ്ധി ഉപയോഗിച്ച് മനുഷ്യ പ്രയത്നം ലഘൂകരിച്ച്, കൃഷിയിടങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയാണ് സ്മാർട് ഫാമിങ്. ഡേറ്റ അനലിറ്റിക്‌സ് വഴി ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് പ്രവചനങ്ങൾ നടത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത. സ്മാർട് ഫാമിങ് പരീക്ഷണം വിജയം കണ്ടതോടെ മറ്റ് കർഷകരെ ഇതിലേക്ക് ആകർഷിക്കാൻ ബോധവൽക്കരണ പരിപാടികളും സർക്കാർ തലത്തിൽ നടക്കുന്നു.

കിലോയ്ക്ക് 1500 രൂപ, എണ്ണയ്ക്ക് 20000! ഇത് യൗവ്വനം നിലനിർത്തും അദ്ഭുത പഴം; സ്വർഗീയഫലം ടെറസ്സിലും വളർത്താം

∙ പ്രധാനമായും രണ്ട് ഉപകരണങ്ങൾ

കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനത്തിലെ (സിടിസിആർഐ) പ്രിൻസിപ്പൽ സയന്റിസ്റ്റ് വി.എസ്.സന്തോഷ് മിത്ര വികസിപ്പിച്ചെടുത്തതും സോളാർ പവറിൽ പ്രവർത്തിക്കുന്നതുമായ ഇ-ക്രോപ്പ് ഡിവൈസും സ്മാർട് ഫെർട്ടിഗേഷൻ ഡിവൈസും ആണ് ഇതിനായി ഉപയോഗിച്ചത്. ഇതിൽ ഇ-ക്രോപ്പ് ഡിവൈസിലൂടെ 20 കിലോമീറ്റർ ചുറ്റളവിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ ലഭ്യമാകുന്നതിന് ഒപ്പം കൃഷി സംബന്ധമായ മികച്ച നിർദേശങ്ങൾ, കൃഷിക്കാവശ്യമായ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ്, പരിപാലന രീതി എന്നിവ സംബന്ധിച്ച വിവരങ്ങളും കർഷകരുടെ മൊബൈലിൽ ലഭ്യമാക്കാനാവും. ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റത്തോട് കൂടിയാണ് സ്മാർട് ഫെർട്ടിഗേഷൻ ഡിവൈസ് സ്ഥാപിക്കുക. ഇ-ക്രോപ്പ് ഡിവൈസിൽ നിന്നു ലഭിക്കുന്ന ഡേറ്റ അനുസരിച്ച് സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ മൂലകങ്ങളുടെയും ജലത്തിന്റെയും അളവ് നിയന്ത്രിച്ച് ആവശ്യമായ രീതിയിൽ വെള്ളവും വളവും നൽകുന്നതിന് ഈ ഉപകരണത്തിന് കഴിയും.

മോഹൻലാലിനെ കന്നുതെളി പഠിപ്പിച്ച ‘ജാക്കി ചാൻ’; യുഎസ് ഡോക്യുമെന്ററിയിലെ മലയാളി

∙ എന്താണ് സ്മാർട് ഫാമിങ്?

കംപ്യൂട്ടർ/ഇലക്ട്രോണിക്സ് സാങ്കേതികവിദ്യകളുടെ സഹായത്തോടെ ചെയ്യുന്ന സൂക്ഷ്മ കൃഷിയാണ് സ്മാർട് ഫാമിങ്. കാർഷിക രംഗത്തെ ആധുനികവൽക്കരണത്തിൽ ഡേറ്റാ ശേഖരണം പ്രധാന പങ്ക് വഹിക്കുന്നു. കാലാവസ്ഥ, മണ്ണ്, രോഗകീടങ്ങൾ, വിപണി, ഉൽപാദനക്ഷമത, സംസ്കരണം, തുടങ്ങിയ എല്ലാ മേഖലകളിൽനിന്നും തനതു സവിശേഷതകളുള്ള, പല തരത്തിലും വലുപ്പത്തിലുമുള്ള ഡേറ്റ ശേഖരിക്കണം. കൃഷി അനുബന്ധ മേഖലകളായ മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നീ മേഖലകളിൽനിന്നും ഇത്തരത്തിൽ ഡേറ്റാ ശേഖരിക്കാം. അസംസ്‌കൃത വസ്തുക്കളുടെ സമുചിതമായ ഉപയോഗത്തിലൂടെ ഉൽപാദനം വർധിപ്പിക്കുകയും അതേസമയം അസംസ്‌കൃത വസ്തുക്കളുടെ ഉപയോഗം കുറയ്ക്കുക, പ്രകൃതി സംരക്ഷണം ഉറപ്പാക്കുക എന്നിവയുമാണ് സ്മാർട് ഫാമിങ്ങിന്റെ പ്രധാന ലക്ഷ്യങ്ങൾ. സെൻസറുകൾ പോലെയുള്ള സ്മാർട് ഉപകരണങ്ങളുടെ പ്രയോഗമാണ് ഇതിനെ മറ്റു കൃഷി സമ്പ്രദായങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. കൃഷി ഭൂമിയിൽ നിന്നോ, കന്നുകാലികളിൽ നിന്നോ, വിപണിയിൽ നിന്നോ തത്സമയം സെൻസറുകൾ വഴി ശേഖരിക്കുന്ന ഡേറ്റ അപ്പപ്പോൾ തന്നെ വിശകലനം ചെയ്തു വേണ്ട നടപടികൾ എടുക്കുകയാണ് സ്മാർട് ഫാമിങ്ങിൽ പൊതുവേ ചെയ്യുന്നത്.

∙ പരമാവധി വിളവു നേടാൻ ഇ–ക്രോപ്

സ്വന്തം ആവശ്യങ്ങൾ കർഷകനെ ചെടിതന്നെ അറിയിക്കുക എന്ന ആശയമാണ് ഇലക്ട്രോണിക് ക്രോപ് അഥവാ ഇ–ക്രോപ് എന്ന സാങ്കേതികവിദ്യയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് സൂര്യപ്രകാശത്തിൽനിന്നു വെള്ളത്തിന്റെയും പോഷകങ്ങളുടെയും സഹായത്തോടെ ചെടികൾ സ്വയം ആഹാരം പാകംചെയ്യുകയും സ്വന്തം ആവശ്യം കഴിഞ്ഞു ബാക്കിയുള്ളത് സംഭരിച്ചു വയ്ക്കുകയും ചെയ്യുന്നു. ഇതാണ് നാം വിളവായി കൊയ്തെടുക്കുന്നത്. ചെടിയിൽ നടക്കുന്ന ഈ പ്രക്രിയ മുഴുവൻ കൃത്യമായി പുനരാവിഷ്കരിക്കുന്ന ഇലക്ട്രോണിക് ക്രോപ് എന്ന സാങ്കേതികവിദ്യ ഗണിതശാസ്ത്ര സമവാക്യങ്ങളിൽ അധിഷ്ഠിതമാണ്. ഇതുവഴി ചെടിയുടെ വിളവ് കൃത്യമായി കണക്കാക്കാൻ കഴിയും. ചെടി നിൽക്കുന്ന സ്ഥലത്തെ അന്തരീക്ഷത്തിലുള്ള താപനില, ആർദ്രത, ജലാംശം, സൗരോർജ്ജം, കാറ്റിന്റെ വേഗം, മണ്ണിലെ ജലാംശം തുടങ്ങി ചെടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന എല്ലാറ്റിനെയും കുറിച്ച് സെൻസറുകൾ വഴി മനസ്സിലാക്കി അതതു ദിവസം ചെടി ഉൽപാദിപ്പിക്കുന്ന വിളവും അതുവരെ ആകെ ഉൽപാദിപ്പിച്ച വിളവും കണക്കാക്കുന്നു.

ജീവനുള്ള ചെടി അതു വളരുന്ന സാഹചര്യത്തിൽ ആഹാരം ഉൽപാദിപ്പിക്കുമ്പോൾ അതിന്റെ ഇലക്ട്രോണിക് പതിപ്പായ ഇ–ക്രോപ്, അതേ ചെടി അതേ സാഹചര്യത്തിൽ എത്ര ആഹാരം ഉണ്ടാക്കി എന്ന് കണക്കാക്കുന്നു. ശേഷിക്കുന്ന ആയുസ്സിൽ ചെടി എത്ര ഉൽപാദിപ്പിക്കുമെന്നും എത്ര ഉൽപാദിപ്പിക്കാനുള്ള ശേഷി അതിനുണ്ടെന്നുംകൂടി ഇതിലൂടെ കണക്കാക്കാം. ചെടിയുടെ ശേഷിക്കുന്ന കാലയളവിലെ കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ചെടിയുടെ മൊത്തം വിളവു കണക്കാക്കുന്നത്.

ചെടിക്കു പരമാവധി വിളവു ലഭിക്കാൻ ഓരോ ദിവസവും അതിനു നൽകേണ്ട വെള്ളം, വളം എന്നിവയുടെ അളവ് ഇ–ക്രോപ് ഉപകരണം കൃത്യമായി കണക്കാക്കി കൃഷിക്കാരന്റെ മൊബൈലിലേക്ക് എസ്എംഎസ് സന്ദേശമായി അയച്ചുകൊടുക്കും. ഒരേ കാലാവസ്ഥ അനുഭവപ്പെടുന്ന ഭൂപ്രദേശത്തിനു മൊത്തമായി ഉപദേശം നൽകാൻ ഒരു ഇ–ക്രോപ് ഉപകരണം മതി. ഒരേ ഉപകരണത്തിൽ എത്ര വിളകളുടെ വളർച്ച വേണമെങ്കിലും പുനരാവിഷ്കരിക്കാം. ഉദാഹരണത്തിന് ഒരേ കാലാവസ്ഥയുള്ള ഒരു പ്രദേശത്തു കുറച്ചു സ്ഥലത്ത് ഒരു കർഷകൻ നെല്ലും വേറെ കുറച്ചു സ്ഥലത്ത് വേറൊരു കർഷകൻ മരച്ചീനിയും മറ്റൊരു സ്ഥലത്തു മറ്റൊരു കർഷകന്‍ വാഴയും കൃഷി ചെയ്തെന്നിരിക്കട്ടെ. ഈ പ്രദേശത്തു മൊത്തമായി ഒരു ഇ–ക്രോപ് സ്ഥാപിച്ചിട്ട് കർഷകരുടെ വിലാസം, മൊബൈൽ നമ്പർ, വിളകളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവ അതിനു നല്‍കുക. കാലാവസ്ഥയുടെയും മണ്ണിന്റെയും വിളയുടെയും സവിശേഷതകൾ സ്വയം വിശകലനം ചെയ്ത് ഇ–ക്രോപ് അവയുടെ വളർച്ച പുനരാവിഷ്കരിക്കുകയും ഓരോ വിളയ്ക്കും വേണ്ട ഉപദേശം അതതു കർഷകന്റെ മൊബൈലിലേക്ക് അയച്ചുകൊടുക്കുകയും ചെയ്യും.

വിളവു സംബന്ധിച്ച പ്രവചനം കൃഷിഭൂമിയിൽനിന്നു നേരിട്ടു നടത്തുന്നതിനാൽ കൃത്യത കൂടും. വിളവു വർധിപ്പിക്കാനായി ഓരോ ദിവസവും നൽകേണ്ട വളത്തിന്റെയും വെള്ളത്തിന്റെയും അളവ് കൃത്യതയോടെ ഈ ഉപകരണം നൽകുന്നു. ഇതനുസരിച്ചു കൃഷി ചെയ്യുന്നതിലൂടെ അമിതമായ നനയും വളമിടലും ഒഴിവാക്കി ചെലവു കുറയ്ക്കുകയും ചെയ്യാം.

By admin

Leave a Reply

Your email address will not be published. Required fields are marked *