Breaking
1 Feb 2026, Sun

അണുബോംബിൽ നിന്ന് രക്ഷപ്പെട്ട കൊക്കൂറയും ഹിരോഷിമയുടെ അതിജീവനവും

ലോകചരിത്രത്തിൽ ഹിരോഷിമയും നാഗസാക്കിയും എന്നപോലെ തന്നെ പ്രധാനപ്പെട്ട ഒരു പേരാണ് കൊക്കൂറ. ഭാഗ്യം കൊണ്ട് ആണവാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു നഗരം. ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത നഗരങ്ങളിലൊന്നാണ് ജപ്പാനിലെ ഈ കൊക്കൂറ. ഹിരോഷിമ, നാഗസാക്കി ആണവാക്രമണങ്ങളുമായി ബന്ധപ്പെട്ട അതിന്റെ ചരിത്രം ഇങ്ങനെ…

ആ അമ്പരപ്പിക്കുന്ന വാർത്ത എത്തി, ഒരു നിർദ്ദേശത്തിൽ ഒരു ‘ലോകം’ സൃഷ്ടിക്കാം; ഗൂഗിളിന്റെ ‘ജീനി 3’ വരുന്നു

ഹിരോഷിമയും നാഗസാക്കിയും: രണ്ട് ദുരന്തങ്ങളുടെ ഓർമ്മ

1945 ഓഗസ്റ്റ് ആറ്, ലോകചരിത്രത്തിലെ ഒരു കറുത്ത അധ്യായമാണ്. ഹിരോഷിമ നഗരത്തെ വെണ്ണീറാക്കിക്കൊണ്ട് ‘ലിറ്റിൽ ബോയ്’ എന്ന അണുബോംബ് വീണത് ഈ ദിവസമാണ്. ലോകത്തെ ആദ്യത്തെ ആണവാക്രമണമായിരുന്നു അത്. അതിനുശേഷം, ഓഗസ്റ്റ് ഒൻപതിന്, രണ്ടാമത്തെ ബോംബായ ‘ഫാറ്റ് മാൻ’ നാഗസാക്കിയിലും പതിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് ഈ രണ്ട് ആക്രമണങ്ങളിലായി കൊല്ലപ്പെട്ടത്.

കൊക്കൂറയുടെ ഭാഗ്യം, നാഗസാക്കിയുടെ ദുർവിധി

നാഗസാക്കിയിൽ ബോംബിട്ടത് യാദൃച്ഛികമായിരുന്നില്ല, മറിച്ച് കൊക്കൂറ നഗരത്തിന്റെ ഭാഗ്യം കാരണമാണ്. യഥാർത്ഥത്തിൽ യുഎസ് ബോംബിടാൻ ഉദ്ദേശിച്ചിരുന്നത് കൊക്കൂറയിലായിരുന്നു. ജപ്പാനിലെ ക്യൂഷു ദ്വീപിന്റെ വടക്കൻ മുനമ്പിലുള്ള കൊക്കൂറയിൽ ജപ്പാന്റെ ഒട്ടേറെ ആയുധപ്പുരകളും സൈനിക ബാരക്കുകളും സ്ഥിതി ചെയ്തിരുന്നതിനാൽ ഈ നഗരം നശിപ്പിക്കാൻ അമേരിക്കയ്ക്ക് പ്രത്യേക താല്പര്യമുണ്ടായിരുന്നു.

‘ഫാറ്റ് മാൻ’ ബോംബുമായി കൊക്കൂറയെ ലക്ഷ്യമാക്കി ‘ബോക്സ്കാർ’ എന്ന അമേരിക്കൻ ബി29 യുദ്ധവിമാനം 1945 ഓഗസ്റ്റ് ഒൻപതിന് പറന്നുയർന്നു. എന്നാൽ മോശം കാലാവസ്ഥയുടെ രൂപത്തിൽ കൊക്കൂറയുടെ ഭാഗ്യം അവരെ തുണച്ചു. നഗരത്തിന് മുകളിലെ ഇടതൂർന്ന മേഘങ്ങൾ കാരണം പൈലറ്റായ മേജർ ചാൾസ് സ്വീനിക്ക് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. പലതവണ നഗരത്തിന് മുകളിൽ വട്ടംചുറ്റി പറന്നിട്ടും ബോംബ് ഇടാൻ കഴിഞ്ഞില്ല.

പുകമേഘം ഒരുക്കിയ പ്രതിരോധം

ഇതിനെക്കുറിച്ച് മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. 2014-ൽ ജാപ്പനീസ് മാധ്യമമായ മൈനിചി പുറത്തുവിട്ട ഒരു അഭിമുഖം പ്രകാരം, അന്ന് നഗരത്തിനു മുകളിൽ കണ്ട പുകമേഘം സ്വാഭാവികമായിരുന്നില്ല. ഹിരോഷിമയിൽ അണുബോംബ് വീണതറിഞ്ഞ് കടുത്ത ഭീതിയിലായിരുന്ന കൊക്കൂറ നഗരത്തിലെ സ്റ്റീൽ പ്ലാന്റുകളിലെ തൊഴിലാളികൾ കൽക്കരി കത്തിച്ച് മനപ്പൂർവം വലിയ പുകമേഘം സൃഷ്ടിക്കുകയായിരുന്നത്രേ. ഈ പ്രതിരോധം നഗരത്തെ രക്ഷിച്ചു.

നാഗസാക്കിയിൽ ബോംബ് വീണപ്പോൾ

കൊക്കൂറയിൽ ലക്ഷ്യം കാണാൻ സാധിക്കാതെ വന്നപ്പോൾ, ‘ബോക്സ്കാർ’ വിമാനം ക്യൂഷുവിന്റെ പടിഞ്ഞാറൻ തീരത്തുള്ള നാഗസാക്കി നഗരം ലക്ഷ്യമാക്കി പറന്നു. അന്ന് ജപ്പാന്റെ പ്രധാന വ്യാവസായിക നഗരമായിരുന്നു നാഗസാക്കി. ജാപ്പനീസ് നാവികസേനയ്ക്കുള്ള ടോർപിഡോകൾ നിർമ്മിച്ചിരുന്നതും ഇവിടെയാണ്.

നാഗസാക്കിയിലും മേഘങ്ങളുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് തെളിഞ്ഞ ആകാശം അമേരിക്കൻ വ്യോമസേനയ്ക്ക് സഹായകമായി. പ്ലൂട്ടോണിയം ബോംബായ ‘ഫാറ്റ്മാൻ’ നാഗസാക്കിയിൽ പതിച്ചു. സ്ഫോടകശേഷി കൂടുതലായിരുന്നതിനാൽ, വൻനാശനഷ്ടം സംഭവിച്ചു. മുക്കാൽ ലക്ഷത്തോളം പേർ തൽക്ഷണം മരിച്ചു. നഗരത്തിലെ കോളേജുകളും ആരാധനാലയങ്ങളും വ്യവസായ ശാലകളും ചാരമായി.

ആനയെ പശുക്കുട്ടിയാക്കിയ ഗൂഗിൾ! ഈ അതിബുദ്ധിമാനെ വല്ലാതെ ‘നമ്പാതെ’..

നാഗസാക്കിയുടെയും ഹിരോഷിമയുടെയും ഇന്നത്തെ അവസ്ഥ

നാഗസാക്കിയിലെ സ്ഫോടനത്തെ അതിജീവിച്ചവരും അവരുടെ പിൻതലമുറക്കാരും അതിന്റെ ദുരിതങ്ങൾ പേറി ജീവിച്ചു.എന്നാൽ ഇന്ന്, നാഗസാക്കി ഒരു വലിയ നഗരമായി വളർന്നു. ഏകദേശം നാലരലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നു.യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് പാഠമുൾക്കൊണ്ട്, ആണവായുധമുക്തമായ ഒരു ലോകത്തിനായി നഗരം നിരന്തരം ശബ്ദമുയർത്തുന്നു.

1945 ഓഗസ്റ്റ് ആറിന് ലോകത്തിലെ ആദ്യത്തെ അണുബോംബ് വീണ നഗരമാണ് ഹിരോഷിമ. യുദ്ധക്കെടുതികളുടെയും അതിജീവനത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി ഈ നഗരം ഇന്ന് ലോകത്തിനു മുന്നിൽ തലയുയർത്തി നിൽക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *