Breaking
5 Feb 2026, Thu

ഇന്ത്യ കാത്തിരിക്കുന്നത് അമേരിക്കയുടെ 68 അപ്പാച്ചെകൾക്കെന്ന് ട്രംപ് പക്ഷേ അണിയറയിൽ ഇന്ത്യയുടെ സ്വന്തം ‘പ്രചണ്ഡ്’!

അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കായി ഇന്ത്യ വലിയൊരു ഓർഡർ നൽകിയിട്ടുണ്ടെന്നും, അഞ്ച് വർഷമായിട്ടും ഒന്നുപോലും ലഭിച്ചില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തിടെ അവകാശപ്പെട്ടിരുന്നു. ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയെന്നായിരുന്നു ട്രംപിന്റെ പരാമർശം. എന്നാൽ, 6 അപ്പാച്ചെ ഹെലികോപ്റ്ററുകൾക്കാണ് ഇന്ത്യ കരാർ നൽകിയതെന്നും, അവയെല്ലാം ഇന്ത്യൻ സൈന്യത്തിന് ലഭിച്ചുകഴിഞ്ഞെന്നുമാണ് വിവരം. ഇന്ത്യ ഇനി ഉറ്റുനോക്കുന്നത് വിദേശ നിർമ്മിത അപ്പാച്ചെയെക്കാൾ, തദ്ദേശീയമായി നിർമ്മിക്കുന്ന ‘പ്രചണ്ഡ്’ ഹെലികോപ്റ്ററുകളെയാണ്.

2020-ൽ ഇന്ത്യൻ ആർമിക്കായി 6 അപ്പാച്ചെ (AH-64E) ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ കരാർ ഒപ്പിട്ടത്. ഏകദേശം 930 മില്യൺ ഡോളറിന്റെ (അനുബന്ധ ഉപകരണങ്ങൾ ഉൾപ്പെടെ) ഈ കരാർ പ്രകാരം 2025 ഡിസംബറോടെ 6 ഹെലികോപ്റ്ററുകളും ഇന്ത്യയിൽ എത്തിക്കഴിഞ്ഞു. ഇവ ജോധ്പൂർ ബേസിൽ വിന്യസിച്ചിട്ടുമുണ്ട്.

ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കെൽപ്പുള്ള പോരാളി

അതേസമയം ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന 156 ‘പ്രചണ്ഡ്’ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ (LCH) വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ 66 എണ്ണം വ്യോമസേനയ്ക്കുള്ളതാണ്.മാറ്റുരയ്ക്കുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്ക് ഹെലികോപ്റ്ററാണ് അപ്പാച്ചെയെങ്കിൽ, ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കെൽപ്പുള്ള പോരാളിയാണ് ഇന്ത്യയുടെ പ്രചണ്ഡ്. ഇവ തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇങ്ങനെ:

അപ്പാച്ചെ: ‘പറക്കും ടാങ്ക്’ (Flying Tank) എന്നാണ് അപ്പാച്ചെ അറിയപ്പെടുന്നത്. ശത്രുക്കളുടെ ടാങ്കുകളെ തകർക്കാനും, ഭീകരവാദ ക്യാമ്പുകൾക്ക് നേരെ കനത്ത ആക്രമണം നടത്താനുമാണ് ഇത് ഉപയോഗിക്കുന്നത്. ഹെൽഫയർ മിസൈലുകളാണ് ഇതിന്റെ കരുത്ത്.

പ്രചണ്ഡ്: മലനിരകളിലെ യുദ്ധത്തിനായാണ് ഇത് പ്രധാനമായും രൂപകല്പന ചെയ്തിരിക്കുന്നത്.

കാർഗിൽ യുദ്ധസമയത്താണ് ഉയരമുള്ള മലനിരകളിൽ പറന്നുചെന്ന് ശത്രുക്കളെ ആക്രമിക്കാൻ കെൽപ്പുള്ള ഒരു ഹെലികോപ്റ്ററിന്റെ കുറവ് ഇന്ത്യയ്ക്ക് അനുഭവപ്പെട്ടത്. ആ പാഠത്തിൽ നിന്നാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) ‘പ്രചണ്ഡ്’ രൂപകല്പന ചെയ്തത്.

സമതലങ്ങളിലും മരുഭൂമികളിലും അപ്പാച്ചെ രാജാവാണ്

അപ്പാച്ചെ: സമതലങ്ങളിലും മരുഭൂമികളിലും അപ്പാച്ചെ രാജാവാണ്. എന്നാൽ സിയാച്ചിൻ പോലുള്ള അതിശൈത്യമുള്ള, ഉയരം കൂടിയ മലനിരകളിൽ പ്രവർത്തിക്കാൻ അപ്പാച്ചെയ്ക്ക് പരിമിതികളുണ്ട്. വായുവിൽ നിന്ന് ഭൂമിയിലേക്ക് തൊടുക്കാവുന്ന ഹെൽഫയർ മിസൈലുകൾ, 70 എംഎം ഹൈഡ്ര റോക്കറ്റുകൾ, സ്റ്റിങർ മിസൈലുകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ആയുധ പാക്കേജ് അപ്പാച്ചെയിൽ വഹിക്കാൻ കഴിയും. 1,200 റൗണ്ടുകളുള്ള 30 എംഎം ചെയിൻ തോക്കും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

360-ഡിഗ്രി കവറേജ് വാഗ്ദാനം ചെയ്യുന്ന ഫയർ കൺട്രോൾ റഡാറുള്ള ലോകത്തിലെ ഏക ആക്രമണ ഹെലികോപ്റ്ററാണ് അപ്പാച്ചെ എന്ന് ബോയിങ് പറയുന്നു.

ഭാവിയിൽ ‘ധ്രുവാസ്ത്ര’ പോലുള്ള ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും

അതേസമയം പ്രചണ്ഡ്, സിയാച്ചിൻ ഗ്ലേസിയറിൽ (സമുദ്രനിരപ്പിൽ നിന്ന് 5,000 മീറ്ററിലധികം ഉയരത്തിൽ) ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും സാധിക്കുന്ന ലോകത്തെ ഏക അറ്റാക്ക് ഹെലികോപ്റ്ററാണിതെന്നാണ് അവകാശവാദം.മുൻഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന 20 എം.എം ടററ്റ് ഗൺ (M621 cannon). പൈലറ്റിന്റെ ഹെൽമറ്റിന്റെ ചലനത്തിനനുസരിച്ച് ഈ തോക്ക് തിരിയുകയും ലക്ഷ്യം ഭേദിക്കുകയും ചെയ്യും.ആകാശത്ത് നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസ്ട്രൽ (Mistral) മിസൈലുകളുണ്ട്. ഭാവിയിൽ ‘ധ്രുവാസ്ത്ര’ പോലുള്ള ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളും ഇതിൽ ഘടിപ്പിക്കും.

അമേരിക്കൻ കമ്പനിയായ ബോയിങ് ആണ് അപ്പാച്ചെയുടെ നിർമാതാക്കൾ. അറ്റകുറ്റപ്പണികൾക്കും മറ്റും വിദേശ സഹായം ആവശ്യമായി വരുന്നു.ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL) പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിക്കുന്നു. അറ്റകുറ്റപ്പണികൾ എളുപ്പമാണ്, ചെലവ് കുറവുമാണെന്നത് ഇന്ത്യൻ ആർമിക്ക് നിർണായകമാകുന്നത്.

വമ്പൻ ആക്രമണങ്ങൾക്ക് അപ്പാച്ചെയും , അതിർത്തിയിലെ മലനിരകളിലെ കാവലിന് 150-ലധികം പ്രചണ്ഡ് ഹെലികോപ്റ്ററുകളും എന്ന രീതിയിലായിരിക്കും ഇന്ത്യയുടെ പ്രതിരോധ നയമെന്ന് വിദഗ്ദരുടെ നിഗമനം. 68 അപ്പാച്ചെകൾക്ക് ഓർഡർ നൽകി കാത്തിരിക്കുകയല്ല, മറിച്ച് സ്വന്തം ആവശ്യത്തിനുള്ള ആയുധങ്ങൾ സ്വയം നിർമ്മിക്കുന്ന തിരക്കിലാണ് ഇന്ത്യ.അമേരിക്കയുടെ അപ്പാച്ചെ ‘ഹെവി വെയിറ്റ്’ ബോക്സറാണെങ്കിൽ, ഇന്ത്യയുടെ പ്രചണ്ഡ് വേഗത്തിൽ നീങ്ങാൻ കഴിയുന്ന ‘ലൈറ്റ് വെയിറ്റ്’ പോരാളിയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *