വാട്‌സാപ്പിന് വെല്ലുവിളിയായി സോഹോ കോർപ്പറേഷൻ അവതരിപ്പിച്ച ‘അരാട്ടെ’ (Arattai) ആപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിക്കുന്നു. ആപ്പിനെക്കുറിച്ച് ഇപ്പോൾ എന്തുകൊണ്ടാണ് സംസാരമൊന്നുമില്ലാത്തത് എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവിന്റെ ചോദ്യത്തിന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘ഇതൊരു മാരത്തൺ ആണ്, ഞങ്ങളതിന് തയാറെടുത്തു കഴിഞ്ഞു’, ഫീച്ചറുകൾ പൂർണമായാൽ വിപണനം ശക്തമാക്കുമെന്നാണ് വെമ്പുവിന്റെ വെളിപ്പെടുത്തൽ.
ബഹിരാകാശ യാത്രികർക്കും നല്ല ഫ്രഷ് മത്തിക്കറിയും അയല വറുത്തതുമൊക്കെ തിന്നാൻ പറ്റിയേക്കും..
ടെലഗ്രാമുമായുള്ള താരതമ്യം
വെറും 30 ജീവനക്കാർ മാത്രമുള്ള, ഓഫീസുകളില്ലാത്ത ടെലഗ്രാം എന്ന മെസേജിങ് ആപ്പിന്റെ മൂല്യം 30 ബില്യൺ ഡോളറാണെന്ന വാർത്ത ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് അരാട്ടെയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യമുന്നയിച്ചത്. ഇതിന് മറുപടിയായാണ് ശ്രീധർ വെമ്പു കമ്പനിയുടെ നയം വ്യക്തമാക്കിയത്.
ശ്രീധർ വെമ്പുവിന്റെ മറുപടി
“ഞങ്ങൾ ആഴ്ചതോറും അപ്‌ഡേറ്റുകൾ നൽകുന്നുണ്ട്. വളരെ പ്രധാനപ്പെട്ട ചില ഫീച്ചറുകളുടെ പണിപ്പുരയിലാണ് ഇപ്പോൾ. ഫീച്ചറുകളിൽ പൂർണതൃപ്തി വന്നാൽ മാത്രമേ ആപ്പിന്റെ മാർക്കറ്റിങ് ശക്തമാക്കുകയുള്ളൂ. ഇതൊരു മാരത്തൺ ആണ്. ഞങ്ങൾ അതിനായി തയാറെടുത്തു കഴിഞ്ഞു,”- വെമ്പു കുറിച്ചു.
അരട്ടെയുടെ കുതിപ്പ്
മെറ്റയുടെ വാട്‌സാപ്പിന് പകരക്കാരനായി 2021-ലാണ് ‘അരട്ടെ’ അവതരിപ്പിക്കപ്പെട്ടത്. തമിഴിൽ ‘വാചകമടി’ അല്ലെങ്കിൽ ‘സൗഹൃദ സംഭാഷണം’ എന്നർഥം വരുന്ന വാക്കാണ് ആപ്പിന് നൽകിയിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖർ പ്ലാറ്റ്‌ഫോമിൽ എത്തിയതോടെ ആപ്പിന് വലിയ പ്രചാരം ലഭിച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആപ്പ് സ്റ്റോർ റാങ്കിങിൽ ഒന്നാമതെത്തിയ അരട്ടെ, വെറും മൂന്ന് ദിവസത്തിനുള്ളിൽ 3,50,000 സൈൻ-അപ്പുകൾ നേടിയിരുന്നു.
പ്രധാന ഫീച്ചറുകൾ
ടെക്സ്റ്റ്, വോയ്സ് നോട്ട്, മീഡിയ ഷെയറിങ് എന്നിവയോട് കൂടിയ ചാറ്റുകൾ.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോട് കൂടിയ ഓഡിയോ, വിഡിയോ കോളുകൾ.
ഡെസ്ക്ടോപ്പ്, ആൻഡ്രോയിഡ് ടിവി എന്നിവയിലടക്കം മൾട്ടി-ഡിവൈസ് പിന്തുണ.
സ്റ്റോറികൾ, ചാനലുകൾ എന്നിവ വഴി വിവരങ്ങൾ പങ്കുവെക്കാനുള്ള സൗകര്യം.
എങ്കിലും, ഒടിപി (OTP) ലഭിക്കാനുള്ള കാലതാമസം, കോൺടാക്റ്റ് സിങ്ക് ചെയ്യുന്നതിലെ വേഗതക്കുറവ് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ ചില ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാട്സാപ്പിനെ പൂട്ടാൻവന്ന ആപ്, കേന്ദ്രമന്ത്രിയുൾപ്പെടെ പുകഴ്ത്തിയ അരാട്ടെയെക്കുറിച്ച് ഇപ്പോൾ ആരും പറയാത്തതെന്തുകൊണ്ട്?
സുരക്ഷയ്ക്ക് മുൻഗണന
കഴിഞ്ഞ മാസം ആപ്പിൽ സിസ്റ്റം വൈഡ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നടപ്പിലാക്കിയിരുന്നു. ഇതൊരു വലിയ മാറ്റമായതിനാൽ എല്ലാ ഉപയോക്താക്കൾക്കും നിർബന്ധിത അപ്‌ഗ്രേഡ് നൽകേണ്ടി വന്നുവെന്നും വെമ്പു വ്യക്തമാക്കിയിരുന്നു. കമ്പനിയിലെ തന്നെ ആറായിരത്തോളം ജീവനക്കാർ ഇത് പരീക്ഷിച്ച് വരികയാണെന്നും കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

