മനുഷ്യചരിത്രത്തിൽ ഭീകരതയുടെ ഒരധ്യായമായിരുന്നു ഒന്നാം ലോകയുദ്ധം. ലക്ഷക്കണക്കിനു പേർക്ക് ജീവൻ വെടിയേണ്ടി വന്ന ഈ മഹായുദ്ധകാലത്ത് ക്രൂരതയുടെ പല സംഭവങ്ങളും അരങ്ങേറി. എന്നാൽ ആ സംഭവങ്ങളിൽ കേൾക്കുന്നവരുടെ രക്തം മരവിപ്പിക്കുന്ന ഒരു സംഭവകഥയുണ്ട്. അതാണു ബെല്ല കിസ് എന്ന സീരിയൽ കില്ലറുടെ കഥ.
ലോകത്തുള്ള എല്ലാവർക്കും ‘ അക്കൗണ്ടിൽ പണം’ നൽകും, ജോലിയെല്ലാം മസ്കിന്റെ റോബട് ചെയ്യും! ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജന പദ്ധതി
1877ൽ ഓസ്ട്രോ–ഹംഗേറിയൻ സാമ്രാജ്യത്തിലെ ബുഡാപെസ്റ്റിൽ ജനിച്ച ബെല കിസ് ഒരു തകരപ്പണിക്കാരനായിരുന്നു. എന്നാൽ അതിലൊതുങ്ങിനിന്നില്ല അയാളുടെ ജീവിതം.
ദുർമന്ത്രവാദവും
ധാരാളം സ്ത്രീകൾ അയാൾക്കു കാമുകിമാരായി ഉണ്ടായിരുന്നു. ദുർമന്ത്രവാദം ചെയ്യാനും ഇയാൾക്കു താൽപര്യമേറെയായിരുന്നു. ബുഡാപെസ്റ്റിനു സമീപം സിൻകോട്ടയെന്ന പട്ടണത്തിലേക്ക് അയാൾ താമസത്തിനെത്തി. ഒരു വാടകവീട് താമസിക്കാനായി എടുത്തു. വീട്ടുജോലികൾ ചെയ്യാനായി ജാകുബെക് എന്ന സ്ത്രീയെയും അയാൾ നിയമിച്ചു.
നാട്ടുകാരോടെല്ലാം നന്നായി ഇടപഴകുന്നയാളും ജനപ്രിയനുമായിരുന്നു കിസ്. ആയിടെ അയാൾ തന്റെ വീട്ടുവളപ്പിൽ ധാരാളം വീപ്പകൾ സ്ഥാപിച്ചു. ചോദിച്ചവരോട് പറഞ്ഞ കാരണം ഇതായിരുന്നു. ഒരു വലിയ യുദ്ധം വരുമെന്നൊരു തോന്നൽ. അപ്പോൾ പെട്രോളിനു വിലകൂടുമല്ലോ. കുറച്ചുവാങ്ങി സൂക്ഷിക്കാമെന്നു കരുതി.
കിസിന്റെ അനുമാനം ശരിയായിരുന്നു. 1914 ജൂണിൽ ആസ്ട്രോ–ഹംഗേറിയൻ സാമ്രാജ്യത്തിന്റെ അധിപനായ ഫ്രാൻസ് ഫെർഡിനൻഡ് സെർബിയയിൽ കൊല്ലപ്പെട്ടതോടെ ഒന്നാം ലോകയുദ്ധത്തിന്റെ കാഹളം മുഴങ്ങി. താമസിയാതെ നിർബന്ധിത സൈനികസേവനം നടപ്പാക്കി. ആസ്ട്രോ–ഹംഗേറിയൻ സേനയിലേക്ക് 37 വയസ്സുള്ള കിസും നിയോഗിക്കപ്പെട്ടു.2 വർഷത്തിലേറെക്കാലം കിസ് യുദ്ധഭൂമിയിലായിരുന്നു. ഇക്കാലത്ത് അയാളെക്കുറിച്ച് ആർക്കും ഒരു വിവരവും ഉണ്ടായിരുന്നില്ല.
മറ്റു പല സൈനികരെയും പോലെ കിസ് മരിച്ചിരിക്കാമെന്നു വാടകവീടിന്റെ ഉടമ വിചാരിച്ചു. മറ്റൊരാൾക്കു വീട് വാടകയ്ക്കു കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി കിസിന്റെ സാധനങ്ങൾ ഒഴിപ്പിക്കാനും വീട് വൃത്തിയാക്കാനും ഉടമ വീട്ടിലെത്തി. ആദ്യം അദ്ദേഹം ചെയ്തത് വീപ്പകൾ സൈന്യത്തിനു കൊടുക്കാമെന്നു തീരുമാനമെടുത്തതാണ്. യുദ്ധമായതിനാൽ പെട്രോളിന് നല്ല ഡിമാൻഡുണ്ട്.
ഉടമയും സൈനികരും ചേർന്ന് വീപ്പകൾ തുറന്നു. എന്നാൽ….
അതിനുള്ളിൽ പെട്രോൾ അല്ലായിരുന്നു, മറിച്ച് സ്പിരിറ്റിൽ മുക്കിയ ഒരു സ്ത്രീയുടെ ശവമായിരുന്നു. കഴുത്തു ഞെരിച്ച നിലയിലായിരുന്നു അത്. തുടർന്നു പരിശോധന നടത്തിയതോടെ ആകെ 24 സ്ത്രീകളുടെ ശവങ്ങൾ കണ്ടെത്തി.
ഇരട്ടക്കോണിയുടെ വിസ്മയവും ഇരട്ട വ്യക്തിത്വത്തിന്റെ അമ്പരപ്പും: ഡിഎൻഎയുടെ ‘ഗോഡ്ഫാദർ’ നൊബേൽ വിറ്റത് എന്തിന്?
കിസിന്റെ വീട്ടുജോലിക്കാരിയായ ജാകുബെക്കിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിസിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാൻ സൈന്യത്തിന്റെ ഉന്നതനേതൃത്വം നിർദേശവും പുറപ്പെടുവിച്ചു. എന്നാൽ കിസ് അതിനൊക്കെ മുൻപുതന്നെ കടന്നുകളഞ്ഞിരുന്നു. പിന്നീടയാളെ ഒരിക്കലും കിട്ടിയിട്ടില്ല. പലരാജ്യങ്ങളിൽ ഇയാളെ കണ്ടെന്ന റിപ്പോർട്ടുകൾ വെളിയിൽ വന്നെങ്കിലും ഇതൊന്നും ഒരു അറസ്റ്റിലേക്കു നയിച്ചില്ല.

