ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വധങ്ങളിലൊന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോൺ. എഫ് കെന്നഡിയുടേത്. 1963ൽ നടന്ന ഈ വധത്തിനടുത്തു നിന്നെടുത്ത ചിത്രങ്ങളിൽ ബ്രൗൺ നിറത്തിലുള്ള കോട്ടും തലയിൽ സ്കാർഫുമണിഞ്ഞ ഒരു വനിത കയ്യിലൊരു ക്യാമറയുമായി നിൽക്കുന്നതു കാണാം. കെന്നഡി വെടിയേറ്റു വീണശേഷം ആളുകൾ പലയിടങ്ങളിലായി ചിതറിയോടി. എന്നാൽ ഈ വനിത അവിടെത്തന്നെ ക്യാമറയുമായി നിന്നു. പിന്നീട് അവർ ആൾക്കൂട്ടത്തിലേക്കു മറഞ്ഞു.
ഈ വനിത ആരെന്നോ, എന്തിനാണ് അവർ അവിടെ വന്നതെന്നോ ഇന്നും ആർക്കും അറിയില്ല. ബാബുഷ്ക ലേഡിയെന്ന് അമേരിക്കക്കാർ ഈ വനിതയെ വിശേഷിപ്പിക്കാൻ തുടങ്ങി.റഷ്യയിലെ മുതിർന്ന വനിതകൾ സ്കാർഫുകൾ തലയിൽ കെട്ടിയിരുന്നു, അവരെ ബാബുഷ്കയെന്നാണു വിളിച്ചിരുന്നത്. അതിനാലാണ് ഈ പേര് ഈ വനിതയ്ക്കും ചാർത്തിക്കൊടുത്തത്.
ഇവരുടെ കൈവശമുള്ള ക്യാമറയിലെ ചിത്രങ്ങളിൽ കെന്നഡി വധത്തിലുൾsപ്പെട്ടവരെ പിടികൂടാനുള്ള സൂചനകളുണ്ടാകുമെന്ന് അന്വേഷണോദ്യോഗസ്ഥർ വിശ്വസിക്കുന്നു. എഫ്ബിഐയും മറ്റും കിണഞ്ഞു ശ്രമിച്ചിട്ടും ഇവരെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. 1970ൽ ബെവർലി ഒലിവർ എന്ന വനിത താൻ ബാബുഷ്ക ലേഡിയാണെന്നു പറഞ്ഞെത്തി. എന്നാൽ ഈ വാദം വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.
ആരായിരുന്നു ആ കൊലപാതകത്തിനു പിന്നിൽ?
വെറും 46 വയസ്സുള്ളപ്പോഴാണ് യുഎസ്സിന്റെ ചുറുചുറുക്കുള്ള പ്രസിഡന്റായ കെന്നഡി മരിക്കുന്നത്.കെന്നഡിയുടെ ഭാര്യ ജാക്വിലിൻ, ടെക്സസ് ഗവർണറായ ജോൺ ബി കോണെലി ജൂനിയർ എന്നിവർക്കും വെടിയേറ്റിരുന്നു.പരുക്കുകളോടെ അവർ രക്ഷപ്പെട്ടു.ആരായിരുന്നു ആ കൊലപാതകത്തിനു പിന്നിൽ? സിഐഎ, അമേരിക്കൻ മാഫിയ, ലിൻഡന്‍ ജോൺസൺ, ഫിദൽ കാസ്ട്രോ,കെജിബി തുടങ്ങി പല ഉന്നതരും ഉന്നത സ്ഥാപനങ്ങളും സംശയനിഴലിലായി.ഇന്നും അമേരിക്കക്കാരുടെ പ്രിയപ്പെട്ട നിഗൂഢസിദ്ധാന്തങ്ങളിൽ പലതും ഈ വധവുമായി ബന്ധപ്പെട്ടതാണ്.
Image Credit: Canva AI
1963 നവംബർ അവസാനപാദം,അമേരിക്കൻ സംസ്ഥാനമായ ടെക്സസിലെ ഡാലസിൽ ഇലക്ഷൻ പ്രചരണ റാലി നടത്തവേയാണ് ലോകം ഞെട്ടിയ ഈ സംഭവം അരങ്ങേറിയത്.ടെക്സസ് ബുക് ഡിപ്പോസിറ്ററിയുടെ തെക്കുകിഴക്കൻ മൂലയിലെ ആറു നില കെട്ടിടത്തിൽ നിന്ന് ഒരു അക്രമി മൂന്നു തവണ വെടിയുതിർത്തു.തലയ്ക്കും പുറത്തും വെടിയേറ്റ് പ്രസിഡന്റ് പിന്നിലേക്കു വീണു.ഉടനടി അടുത്തുള്ള ആശുപത്രിയിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും രക്ഷയുണ്ടായില്ല.
അന്ന് ശീതയുദ്ധ കാലമായിരുന്നു. അമേരിക്ക നയിക്കുന്ന മുതലാളിത്ത ചേരിയും സോവിയറ്റ് റഷ്യ നയിച്ച സോഷ്യലിസ്റ്റ് ചേരിയും തമ്മിൽ വലിയ കിടമത്സരവും സംഘർഷ മനോഭാവവും നില നിന്നു.മുതലാളിത്ത ചേരിയുടെ ഏറ്റവും പ്രമുഖ നേതാവും ചാമ്പ്യനുമായിരുന്നു കെന്നഡി.ക്യൂബയിലെ കാസ്ട്രോ ഭരണത്തെ അട്ടിമറിക്കാന്‍ നടത്തിയ ‘ബേ ഓഫ് പിഗ്സ്’ ആക്രമണം പോലുള്ള ശ്രമങ്ങളും , ക്യൂബയിൽ റഷ്യ മിസൈൽ താവളം സ്ഥാപിക്കുന്നതിനെതിരെ നാവിക ഉപരോധം ഏർപ്പെടുത്തിയതും മറ്റു നയങ്ങളുമൊക്കെ കെന്നഡിയെ രാജ്യാന്തര തലത്തില്‍ പ്രശസ്തനാക്കിയിരുന്നു.
അതിനാൽ തന്നെ ശീതയുദ്ധം നിലനിൽക്കുന്ന സമയത്തു സംഭവിച്ച കെന്നഡി വധം ലോകം വീണ്ടും പ്രശ്നങ്ങളിലേക്കു പോകുമോയെന്ന ആശങ്ക ഉടനടി ഉയർത്തി. ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യത വരെ ചുരുങ്ങിയ സമയത്തിൽ പലരും ചർച്ച ചെയ്തു.
എന്നാൽ കുറച്ചു മണിക്കൂറുകൾക്കുള്ളില്‍ തന്നെ കെന്നഡിയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു. ലീ ഹാർവി ഓസ്‌വാൾഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നു അത്. കെന്നഡിയുടെ നയങ്ങളോട് എതിർപ്പുള്ളയാളായിരുന്നു ലീ. പിന്നീട് ലീയെ കെന്നഡിയുടെ ആരാധകനും ഒരു നിശാക്ലബ് ഉടമയുമായ ജാക്ക് റൂബി വെടിവച്ചു കൊന്നു. കൊലയാളിയെ അറസ്റ്റ് ചെയ്തെങ്കിലും അതു പൂർണമായി വിശ്വസിക്കാൻ പലരും തയാറായിരുന്നില്ല.2017ൽ നടത്തിയ ഒരു അഭിപ്രായ സർവേയിലും യുഎസ്സിലെ 67 ശതമാനം പേർ കെന്നഡിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു വിശ്വസിക്കുന്നതായി വെളിപ്പെട്ടു.

