Breaking
6 Feb 2026, Fri

5ജി സേവനമൊരുക്കാൻ ബിഎസ്എൻഎൽ; ലക്ഷ്യം കൂടുതൽ പാക്കേജുകളുമായി ഉപഭോക്താക്കളെ ആകർഷിക്കുക

മഞ്ചേരി ∙ രജത ജൂബിലി ആഘോഷിക്കുന്ന ബിഎസ്എൻഎൽ അടുത്ത വർഷം ആദ്യം ജില്ലയിൽ 5ജി സേവനം നൽകാൻ ഒരുങ്ങുന്നു. ഇതിനകം 4ജി കവറേജ് നഗര, ഗ്രാമീണ മേഖലയിൽ പൂർണമായെന്നും 5ജിയിലേക്ക് മാറുന്നതിന്റെ പ്രാഥമിക പ്രവർത്തനം തുടങ്ങിയെന്നും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബിഎസ്എൻഎൽ കവറേജ് വർധിപ്പിക്കുന്നത്. 5ജി സേവനം തുടങ്ങുന്നതോടെ കൂടുതൽ പാക്കേജുകളുമായി ആളുകളെ ആകർഷിക്കുകയാണ് ലക്ഷ്യം.

ഇതിന്റെ ഭാഗമായി 600 ടവറുകൾ സ്ഥാപിച്ചു. നേരത്തെ 250 ടവറുകളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇതിനു പുറമേ, 90 ടവറുകളുടെ നിർമാണം പുരോഗമിക്കുന്നു. ബിഎസ്എൻഎൽ കവറേജ് ലഭിക്കാതിരുന്ന പുഞ്ചക്കൊല്ലി, വാണിയമ്പുഴ, മുണ്ടക്കടവ്, കോടമ്പുഴ തുടങ്ങിയ മലയോര മേഖലകളിൽ കവറേജ് ലഭ്യമാക്കിയതോടെ സമ്പൂർണ കവറേജ് ലഭ്യമാക്കാനായി. രജതജൂബിലിയുടെ ഭാഗമായി ഒരു രൂപയുടെ സിം കാർഡ് ഓഫർ നീട്ടി. ഇതിനകം 60,000 ഫൈബർ കണക്‌ഷൻ നൽകാനായി. മറ്റു സേവന ദാതാക്കളിൽ നിന്നു ബിഎസ്എൽഎലിലേക്ക് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിച്ചു. റവന്യു വരുമാനത്തിൽ വർധനയുണ്ടായെന്നും ബിഎസ്എൻഎൽ അധികൃതർ പറഞ്ഞു.

റോഡ് ഷോ ഇന്ന്

∙ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം ഒന്നു മുതൽ ജില്ലയിൽ വിവിധ പരിപാടികളാണ് നടക്കുന്നത്. ഡിപ്പാർട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസ് 2000 ഒക്ടോബർ ഒന്നിനാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് രൂപീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി മഞ്ചേരി ബിഎസ്എൻഎല്ലിന്റെ നേതൃത്വത്തിൽ ഇന്നു പാണ്ടിക്കാട്ടു നിന്ന് റോഡ് ഷോ തുടങ്ങും. തിരുവാലി, എടവണ്ണ, അരീക്കോട്, കാവനൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം വൈകിട്ട് 5ന് മഞ്ചേരിയിൽ സമാപിക്കും. സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും. യു.എ.ലത്തീഫ് എംഎൽഎ ആധ്യക്ഷ്യം വഹിക്കും. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചിത്രരചനാ മത്സര വിജയികൾക്കു സമ്മാനം വിതരണം നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *