ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഇന്ത്യയിലെ പ്രധാന ഫോസില്‍ സൈറ്റുകളിലൊന്നായി മാറാന്‍ ഒരുങ്ങുകയാണ് തെക്കൻ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പ്രശസ്തവിനോദസഞ്ചാര കേന്ദ്രമായ സിന്തൻ ടോപ്. മൻസൂർ ജാവേദ്, ഡോ. റൂഫ് ഹംസ, മുഹമ്മദ് യൂസഫ് ഗാനി എന്നിവരാണ് അനന്ത്‌നാഗിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള സിന്തൻ ടോപ്പിന് സമീപം നാല് പ്രധാന ഫോസിൽ സൈറ്റുകൾ കണ്ടെത്തിയിരിക്കുന്നത്. അനന്ത്‌നാഗ്, കുൽഗാം ജില്ലകളിൽ നിന്നുള്ള സംഘം ജെ കെ സയൻസ് കമ്മ്യൂണിക്കേറ്റേഴ്‌സ് നെറ്റ്‌വർക്കിലെ അംഗങ്ങളാണ്.
വൈവിധ്യങ്ങളായ ഫോസിലുകളാല്‍ സമ്പന്നമായ ഈ പ്രദേശത്തിന് 300 മുതൽ 400 ദശലക്ഷം വർഷം വരെ പഴക്കമുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പാലിയോസോയിക് കാലഘട്ടത്തിലെ ഫോസിലുകളാണ് കണ്ടെത്തിയിരിക്കുന്നത്. റേഡിയോകാർബൺ വിശകലനത്തിലൂടെ മാത്രമേ കൃത്യമായ കാലപ്പഴക്കം സ്ഥിരീകരിക്കാൻ കഴിയൂവെന്നും വിദഗ്ദര്‍ പറയുന്നു.
ദക്‌സം മുതൽ സിന്താൻ ടോപ്പ് വരെയുള്ള പര്യവേഷണത്തിനിടെയാണ് ഫോസിൽ സൈറ്റുകൾ കണ്ടെത്തിയത്. പ്രദേശത്തെ ഏറ്റവും പഴക്കമുള്ള ഫോസിൽ സൈറ്റുകളിൽ ഒന്നായിരിക്കാം ഇതെന്ന് സസ്യശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. റൂഫ് ഹംസ പറഞ്ഞു. ഈ പ്രദേശത്തെ റോഡുകളുടെ നിർമ്മാണവും വീതി കൂട്ടലും തുടർന്നുള്ള മണ്ണൊലിപ്പും കാരണമാണ് ഖനനത്തിന്‍റെ പോലും ആവശ്യമില്ലാതെ തന്നെ ഈ ഫോസിലുകള്‍ തുറന്നുകാട്ടപ്പെട്ടതെന്ന് മൻസൂർ ജാവൈദ് കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് ഫോസിലുകൾ ഇതിനകം ഉപരിതലത്തിൽ ദൃശ്യമാണ്. ഇത് ആഴത്തിലുള്ള ഗണ്യമായ ഫോസിൽ നിക്ഷേപത്തെയാണ് സൂചിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചറിഞ്ഞ ചില ഫോസിലുകളില്‍ ബ്രയോസോവ, ഓസ്‌ട്രാകോഡുകൾ, ബ്രാച്ചിയോപോഡുകൾ, സസ്യ ഫോസിലുകൾ എന്നിവ ഉൾപ്പെടുന്നു. കൂടുതൽ ഫോസിലുകള്‍ തിരിച്ചറിയാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് മൻസൂർ പറഞ്ഞു. ഈ സൈറ്റുകൾ സംരക്ഷിക്കണമെന്നും സംഘം സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
അതേസമയം, ഈ പ്രദേശത്ത് ഫോസിലുകള്‍ നേരത്തെ നന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജിയോളജി ആൻഡ് മൈനിംഗ് വകുപ്പിലെ സീനിയർ ജിയോളജിസ്റ്റ് മൊഹ്‌സിൻ നൂർ പറയുന്നു. സാമ്പിളുകൾ ബുദ്ഗാമിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. പ്രകൃതിദത്തവും മാനുഷികവുമായ പ്രവർത്തനങ്ങൾ കാരണം കൂടുതല്‍ ഫോസിലുകൾ ഇടയ്ക്കിടെ കണ്ടെത്താറുണ്ട് . സാധ്യതയുള്ള പ്രദേശങ്ങൾ ഖനനം ചെയ്യുന്നത് കൂടുതല്‍ ഫോസിൽ നിക്ഷേപങ്ങളെ അനാവരണം ചെയ്യും, ഇത് ശാസ്ത്ര സമൂഹത്തിന് വിലപ്പെട്ട സംഭാവനകളാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഗവേഷണങ്ങള്‍ക്കായി സാമ്പിളുകൾ ഭാഭാ ആറ്റോമിക് റിസർച്ച് സെൻ്ററിലേക്ക് അയയ്ക്കാൻ ആർക്കൈവ്സ്, ആർക്കിയോളജി, മ്യൂസിയം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ ശുപാർശ ചെയ്തു കഴിഞ്ഞു.
തെക്കൻ കശ്മീരിലുടനീളം 13 സ്ഥലങ്ങൾ ഇതിനകം ഫോസിലുകളുടെ നിക്ഷേപം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇവയില്‍ മിക്ക ഫോസിൽ സൈറ്റുകളും കണ്ടെത്തിയത് വിദേശ ഗവേഷകരോ പ്രൊഫഷണലുകളോ ആണ്. നിലവിൽ, ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള സെവാൻ പ്രദേശമാണ് കശ്മീരിലെ ഏറ്റവും പഴയ ഫോസിൽ സൈറ്റായി കണക്കാക്കപ്പെടുന്നത്.
Content retrieved from: https://www.manoramanews.com/technology/science/2024/11/11/fossil-sites-discovered-in-jammu-kashmir-anantnag.html.

