മൊബൈൽ ഉപഭോക്താക്കളെ പിഴിഞ്ഞിരുന്ന ടെലികോം കമ്പനികളുടെ 28 ദിവസത്തെ റീചാർജ് തന്ത്രത്തിന് പൂട്ടുവീഴുന്നു. ഇനിമുതൽ നിർബന്ധമായും 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. പാർലമെന്റിൽ താൻ ഉയർത്തിയ ശക്തമായ ആവശ്യത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന ചൂഷണത്തിന് ഇതോടെ തിരശ്ശീല വീഴും.
What you should read next
മെറ്റയെ ‘കുടുക്കി’യത് ആ രഹസ്യ അന്വേഷണം; കൗമാരക്കാരെ ചൂഷണം ചെയ്തു, 56 കോടി പിഴയിട്ട് കോടതി
മാറ്റത്തിനായുള്ള പോരാട്ടം ഇങ്ങനെ(കൊടിക്കുന്നിൽ പങ്കുവച്ച എഫ്ബി പോസ്റ്റിൽനിന്നും):
തുടക്കം (2025 ഡിസംബർ 17): പാർലമെന്റിന്റെ വിന്റർ സെഷനിൽ ഈ വിഷയം ആദ്യമായി ലോക്സഭയിൽ അൺസ്റ്റാർ ചോദ്യമായി ഉന്നയിച്ചു. 28 ദിവസത്തെ സൈക്കിൾ വഴി വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിക്കുന്ന ചൂഷണം സഭയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന് മറുപടിയായി കമ്മ്യൂണിക്കേഷൻ സഹമന്ത്രി ഡോ. പെമ്മ സാനി ചന്ദ്രശേഖർ വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പുനൽകി.
തുടർനടപടി (2026 മാർച്ച് 11): ബജറ്റ് സമ്മേളന വേളയിൽ വീണ്ടും ഈ വിഷയം ഉന്നയിക്കുകയും ശക്തമായ ഫോളോ-അപ്പ് നടത്തുകയും ചെയ്തു. അനുകൂലമായ നടപടി സ്വീകരിക്കുമെന്ന മന്ത്രാലയത്തിന്റെ ഉറപ്പ് ഇതോടെ യാഥാർത്ഥ്യമായിരിക്കുകയാണ്.
What you should read next
നേട്ടം ആർക്ക്?
ഇതുവരെ 28 ദിവസത്തെ പ്ലാനുകൾ കാരണം വർഷത്തിൽ 13 തവണ ഉപഭോക്താക്കൾ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. പുതിയ നിർദ്ദേശം വരുന്നതോടെ:വർഷത്തിൽ 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും. ഉപഭോക്താക്കളുടെ ഒരു മാസത്തെ അധിക ബാധ്യത ഒഴിവാകും.
അതേസമയം എഎപിയുടെ രാഘവ് ഛദ്ദ എംപിയാണ് ലോക് സഭയിൽ ഇതിനായി ഇടപെടലുകൾ നടത്തിയതെന്നാണ് പോസ്റ്റിലെ കമന്റുകളിലെ ചില അവകാശവാദങ്ങൾ. വിഷയത്തിൽ രാഘവ് ഛദ്ദ ലോക് സഭയിൽ നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ ലിങ്കുകളും എഫ്ബി പോസ്റ്റിനടിയിൽ പേസ്റ്റ് ചെയ്യുന്നുണ്ട്. എന്നാൽ ആദ്യം മുതലേ ഈ വിഷയം ഉന്നയിച്ച് മറുപടി വാങ്ങിയത് കൊടിക്കുന്നിൽ സുരേഷ് എംപിയാണെന്നാണ് മറുവാദങ്ങൾ.

