ന്യൂഡൽഹി ∙ കരസേനയുടെ പ്രധാന പരിശീലന കേന്ദ്രങ്ങളിലെല്ലാം ഡ്രോൺ പരിശീലനം ആരംഭിക്കാൻ പദ്ധതി. പാക്കിസ്ഥാനെതിരായ ഓപ്പറേഷൻ സിന്ദൂറിൽ ഡ്രോണുകൾ വഹിച്ച പ്രാധാന്യം പരിഗണിച്ചാണിത്. പാക്കിസ്ഥാനിൽ നിന്നുള്ള ആയിരക്കണക്കിനു ഡ്രോണുകളെയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തത്. പാക്കിസ്ഥാനെതിരായ ആക്രമണത്തിൽ ഇന്ത്യൻ സൈന്യം വ്യാപകമായി ഡ്രോണുകൾ ഉപയോഗിച്ചിരുന്നു.
ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി, ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമി, മധ്യപ്രദേശ് മൗവിലെ ഇൻഫൻട്രി അക്കാദമി തുടങ്ങി രാജ്യത്തെ 19 കരസേനാ പരിശീലന കേന്ദ്രങ്ങളിലെല്ലാം ഡ്രോൺ സെന്ററുകൾ ആരംഭിക്കാനാണു നീക്കം. ഇതിനായി സേന താൽപര്യപത്രം ക്ഷണിച്ചു. എല്ലാ റാങ്കിലുമുള്ള സൈനികർക്ക് പരിശീലന പാഠ്യപദ്ധതി തയാറാക്കാനും പതിവ് ആയുധപരിശീലനത്തിൽ ഡ്രോണുകൾ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. വിവിധയിനം ഡ്രോണുകൾ, പരിശീലന സിമുലേറ്ററുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തണം. സംവിധാനങ്ങൾ അടുത്ത ജനുവരിയിൽ സജ്ജീകരിക്കാനാണു ലക്ഷ്യമിടുന്നത്.

