കഷ്ടപ്പെട്ട് പഠിച്ച് മെച്ചപ്പെട്ട ജോലി നേടുക. ചുരുങ്ങിയ വർഷത്തിനുള്ളിൽ ശമ്പളത്തിന്റെ ബലത്തിൽ വീടു വാങ്ങി ആയുസ്സിന്റെ നല്ലൊരു ഭാഗം വായ്പ അടച്ചുകൊണ്ടേയിരിക്കുക. ലോകത്ത് എല്ലായിടത്തും ശരാശരി മനുഷ്യരുടെ അവസ്ഥ ഇങ്ങനെയൊക്കെ തന്നെയാണ്. ഇതിനുപുറമേ പലയിടങ്ങളിലും ഭവന വിലയും വാടക നിരക്കും കുതിച്ചു കയറുന്നത് വീടെന്ന സ്വപ്നം സാധാരണക്കാർക്ക് അപ്രാപ്യമാക്കുന്നുമുണ്ട്.
പലരും ഒഴുക്കിനൊത്ത് നീന്താം എന്ന മട്ടിൽ ബാധ്യതകൾ എടുത്തുവച്ച് മുന്നോട്ടുപോവുകയാണെങ്കിൽ ചുരുക്കം ചിലരെങ്കിലും വേറിട്ട മാർഗങ്ങളിലൂടെ ചിന്തിച്ച് ജീവിതം ലളിതമാക്കാനും ശ്രമിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ഓസ്ട്രേലിയ സ്വദേശിനി 26 വയസ്സുകാരി കിയ ഹമ്പർസ്റ്റോൺ.
സ്വന്തം കാലിൽ നിൽക്കണമെന്ന് വന്നപ്പോൾ മുതൽ ഒറ്റ തീരുമാനമായിരുന്നു അവരുടെ മനസ്സിൽ. ദീർഘകാല ബാധ്യതകൾ എടുത്തു വയ്ക്കാതെ സ്വസ്ഥമായി ജീവിക്കാൻ സാധിക്കണം. നിലവിലെ ഭവന പ്രതിസന്ധികളിൽ നിന്നും രക്ഷപ്പെട്ട് അങ്ങനെയൊരു താമസസ്ഥലം എങ്ങനെ ഒരുക്കും എന്നായി ചിന്ത. ഒടുവിൽ കിട്ടിയ ഉത്തരം ഒരു ട്രക്കിനെ വീടായി മാറ്റുക എന്നതാണ്.
ADVERTISEMENT
കോവിഡ് കാലത്ത് സ്വന്തമായി ഇത്തരത്തിൽ ഒരു ചെറു വീട് ഉണ്ടാക്കിയ പരിചയസമ്പത്തിന്റെ ബലത്തിലായിരുന്നു ഈ തീരുമാനം. അന്ന് വെറും 12000 ഡോളർ (അന്നത്തെ ഏകദേശം 9 ലക്ഷം ഇന്ത്യൻ രൂപ) ചിലവിലാണ് കിയ ഒരു ട്രക്ക് വീടുണ്ടാക്കിയത്.രണ്ടു വർഷക്കാലം വാടകയില്ലാതെ സുരക്ഷിതമായി കഴിയാനുള്ള ഇടമായി അത് ഉപയോഗിച്ചു. ഒടുവിൽ 35000 ഡോളറിന് (31.8 ലക്ഷം രൂപ) അത് കൈമാറുകയും ചെയ്തു. പിന്നീടുള്ള രണ്ടു വർഷക്കാലം ഓസ്ട്രേലിയയിലുടനീളം ക്യാമ്പിങ് ട്രിപ്പ് നടത്താൻ ഈ തുകയാണ് ഉപയോഗിച്ചത്.
ഇപ്പോൾ പുതിയ വീട് വേണമെന്ന സാഹചര്യം വന്നപ്പോൾ 5000 ഡോളർ (4.5 ലക്ഷം രൂപ) നൽകി 1988 മോഡൽ ഇസുസു ട്രക്കും ട്രെയിലറും വാങ്ങുകയായിരുന്നു. ട്രക്കിനെ 13 മീറ്റർ നീളമുള്ള ഒരു മൊബൈൽ ഹോമാക്കിയാണ് മാറ്റുന്നത്. അതിനുവേണ്ട ജോലികളെല്ലാം കിയ സ്വയമാണ് ചെയ്യുന്നതും.
View this post on Instagram
തുരുമ്പെടുത്ത ഭാഗങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനും ഫൈബർഗ്ലാസ് പാച്ചുകൾ ചേർക്കുന്നതിനുമൊക്കെ മണിക്കൂറുകളുടെ അധ്വാനം വേണ്ടി വരുന്നുണ്ട്. ചെലവ് കുറയ്ക്കാൻ സാധ്യമായ ഇടങ്ങളിലൊക്കെ വസ്തുക്കൾ പുനരുപയോഗിക്കുന്നു. ട്രക്ക് വീടിനായി വേണ്ടിവരുന്ന ചെലവ് 40,000 ഡോളറാണ് (36.3 ലക്ഷം രൂപ). ഓസ്ട്രേലിയയിലെ പ്രധാന മേഖലകളിൽ വീട് വാങ്ങണമെങ്കിൽ 7 ലക്ഷം ഡോളർ മുതൽ മുകളിലേക്ക് നൽകണമെന്നതാണ് നിലവിലെ കണക്കെന്നിരിക്കെ ട്രക്ക് വീട് എത്ര ലാഭകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
View this post on Instagram
ADVERTISEMENT
താമസത്തിന് ഒരിടം ഒരുക്കാൻ പ്രായോഗികമായ വഴി കണ്ടെത്തുക എന്നതിനൊപ്പം വാടകയില്ലാതെ കഴിയുന്നതിന്റെ സമാധാനം ആസ്വദിക്കുക എന്നതാണ് കിയയുടെ പ്രധാന ലക്ഷ്യം. ഭവന പ്രതിസന്ധി കുരുക്കിൽപ്പെട്ട് നല്ലകാലം മുഴുവൻ ലോൺ അടച്ചും വാടക കൊടുത്തും തീർക്കുന്നവർക്ക് മുന്നിൽ പരമ്പരാഗത പ്രോപ്പർട്ടി മാർക്കറ്റുകളെ ആശ്രയിക്കാതെ സുഖമായി ജീവിക്കാൻ മറ്റു മാർഗങ്ങളുമുണ്ടെന്ന് തെളിയിക്കുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. അതിനായി ട്രക്ക് വീട് നിർമിക്കുന്നതുമായ ബന്ധപ്പെട്ട വിവരങ്ങൾ നിരന്തരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നു.
View this post on Instagram
തന്റെ ഈ പ്രായത്തിൽ വീടിനായി ഒരു വായ്പ എടുത്താൽ വിരമിക്കുന്ന കാലം വരെ തിരിച്ചടവുകൾ ഉണ്ടാകും. നല്ലകാലം മുഴുവൻ അങ്ങനെ ബാധ്യതപ്പെടാനുള്ളതുമല്ല എന്നാണ് കിയ നൽകുന്ന ഉപദേശം.
സുഖമായ താമസവും യാത്രാസൗകര്യവും ഒറ്റയടിക്ക് ഉറപ്പാക്കാനാകുന്നു എന്നതാണ് ട്രക്ക് വീടിന്റെ മേന്മയായി കിയ എടുത്തുപറയുന്നത്. കിയയുടെ വീട് നിർമാണം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ ഐഡിയയെ പ്രശംസിച്ചുകൊണ്ടാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. വീടിനായി ബാധ്യത എടുത്തു വച്ച പലരും ഇങ്ങനെയൊരു തീരുമാനത്തിലെത്താൻ സാധിക്കാഞ്ഞതിന്റെ വിഷമവും പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം പ്രായോഗിക മാർഗ്ഗങ്ങളിലൂടെ താമസ സൗകര്യങ്ങൾ ഒരുക്കിയാൽ പലയിടങ്ങളിലും ഭവന പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കാൻ അത് സഹായിക്കും എന്നും കമന്റുകളുണ്ട്.
ADVERTISEMENT

