Breaking
3 Feb 2026, Tue

ഹരിതവിപ്ലവ നായകൻ ഡോ. എം.എസ്.സ്വാമിനാഥന് ജന്മശതാബ്ദി; ആഘോഷങ്ങളിൽ ഒതുങ്ങരുത് നിത്യഹരിത വിപ്ലവം

ഹരിതവിപ്ലവത്തിന്റെ ശിൽപിയായി ലോകം ആദരിക്കുന്ന ഡോ. എം.എസ്.സ്വാമിനാഥന്റെ ജന്മശതാബ്ദി അത്യുത്സാഹത്തോടെയാണു രാജ്യം ആഘോഷിക്കുന്നത്. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ആഘോഷങ്ങൾക്കു തുടക്കമിട്ടു കഴിഞ്ഞു. ഡോ.സ്വാമിനാഥന്റെ സ്മരണാർഥം സ്റ്റാംപ്, നാണയം പുറത്തിറക്കൽ, ഭക്ഷ്യ–സമാധാന മേഖലകളിലെ മികച്ച പ്രവർത്തനത്തിന് ആഗോളതലത്തിൽ പുരസ്കാരം നൽകൽ തുടങ്ങിയവയെല്ലാം ജന്മശതാബ്ദിയുടെ ഭാഗമായുണ്ട്. തീർച്ചയായും അർഹമായ ആദരം തന്നെ. പ്രകൃതിവിഭവങ്ങളുടെയും ജൈവവൈവിധ്യങ്ങളുടെയും സുസ്ഥിരമായ പരിപാലനം, ഭക്ഷ്യ– പോഷക സുരക്ഷ ഉറപ്പുവരുത്തുന്ന സുസ്ഥിര കൃഷിരീതികൾ, കാലാവസ്ഥാവ്യതിയാനങ്ങളെ ഉൾക്കൊള്ളാനാവുന്ന പ്രതിരോധശേഷി, എല്ലാവർക്കും ഉപജീവനത്തിനു തുല്യഅവസരം നൽകി സാങ്കേതികവിദ്യകളുടെ ഉചിതമായ വിനിയോഗം, അവഗണിക്കപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പങ്കാളിത്തം എന്നിവ അടങ്ങുന്ന നിത്യഹരിത കാർഷിക വിപ്ലവമായിരുന്നു ഡോ.എം.എസ്.സ്വാമിനാഥന്റെ സങ്കൽപം. ആ ആശയം ഉൾക്കൊണ്ടുതന്നെയാണ് ശതാബ്ദി സമ്മേളനത്തിന് ‘ജൈവ ആനന്ദം’ (ബയോ ഹാപ്പിനസ്) എന്നു പേരിട്ടിരിക്കുന്നതും.

പറക്കിത്താനത്ത് സൂര്യകാന്തിപ്പാടം ഒരുങ്ങുന്നു

ഡോ. സ്വാമിനാഥന്റെ സംഭാവനകൾ അനുസ്മരിക്കുന്നതോടൊപ്പം, അദ്ദേഹത്തിന്റെ ആശയങ്ങൾ ഭാവിയിലേക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ആലോചിക്കാൻ കൂടിയുള്ള അവസരമാണിത്. ഭക്ഷ്യ–പോഷക സുരക്ഷയ്ക്കു വേണ്ടിയുള്ള സുസ്ഥിരകൃഷി എന്ന ആശയം സംബന്ധിച്ച്, ഹരിതവിപ്ലവത്തിന്റെ അംഗീകൃത തത്വങ്ങൾ ഒരിക്കൽക്കൂടി പരിശോധിക്കേണ്ടത് ആവശ്യമായിരിക്കുന്നു. നമ്മുടെ കാർഷികരംഗത്തു ഹരിതവിപ്ലവം നടത്തിയ ഇടപെടലുകളിൽ ചിലത് നിർബന്ധമായും പുനഃപരിശോധിക്കേണ്ടതുണ്ട്. പ്രകൃതിയെ ദോഷകരമായി ബാധിക്കുന്ന രീതികൾ നിർത്തലാക്കുകയും വേണം. അങ്ങനെ ചെയ്യുന്നത്, ആഴത്തിൽ പതിഞ്ഞുപോയ പല താൽപര്യങ്ങളെയും വ്രണപ്പെടുത്തിയേക്കാം എന്നതുകൊണ്ടുതന്നെ, അതു നടപ്പാക്കാൻ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണ്.

ഉൽപാദനത്തെയും സർക്കാർ സഹായത്തോടെയുള്ള വിതരണത്തെയും യോജിപ്പിച്ചുള്ള നയപരിപാടികൾവഴി അതിദാരിദ്ര്യം വലിയൊരളവു വരെ ഇല്ലാതാക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും പോഷകാഹാരക്കുറവ് വലിയൊരു വെല്ലുവിളിയായി തുടരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും അതിനോടു പൊരുത്തപ്പെടാനുള്ള വഴികളും ഇന്നും നമ്മുടെ നയരൂപീകരണ വേദികളിൽ ചർച്ചാവിഷയം മാത്രമാണ്. അവയൊന്നും കാര്യമായി പ്രവൃത്തിതലത്തിലേക്ക് എത്താറില്ല. ഒറ്റപ്പെട്ട ചില വിജയകഥകൾ മാത്രമാണു നമുക്കു പറയാനുള്ളത്. അവയാകട്ടെ നല്ല ഉദ്ദേശ്യത്തോടെ ചില കൂട്ടായ്മകൾ നടത്തിയ പരീക്ഷണങ്ങളിൽ നിന്നുണ്ടായതും.

കാർഷികമേഖലയിലെ സ്ത്രീപങ്കാളിത്തം ഡോ. സ്വാമിനാഥന്റെ ഇഷ്ടവിഷയമായിരുന്നെങ്കിലും, അവസരതുല്യത എന്ന ലക്ഷ്യത്തിലേക്കു നമ്മൾ ഇനിയും യാത്ര തുടങ്ങിയിട്ടുകൂടിയില്ല. അനുയോജ്യമായ സാങ്കേതികവിദ്യ ഏതെന്നു തീരുമാനിക്കുന്നതിൽ നമ്മൾ ഇന്നും ആശയക്കുഴപ്പത്തിലാണ്.

കാർഷികമേഖലയിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചകളെല്ലാം ആധുനിക സാങ്കേതിക വിദ്യയും പുരാതനവിജ്ഞാനവും തമ്മിലുള്ള വാഗ്വാദം മാത്രമായി തുടരുന്നു. പരമ്പരാഗതമായ അറിവുകളും ആധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്നൊരു ഘട്ടത്തിലായിരിക്കാം ഒരുപക്ഷേ, ശരിയായ വഴിത്തിരിവ് സംഭവിക്കുക; അത്തരമൊരു സാധ്യതയാകട്ടെ നമ്മൾ ഇതുവരെ പരിശോധിച്ചിട്ടു പോലുമില്ല.

ഡോ.എം.എസ്. സ്വാമിനാഥനെപ്പോലൊരു ഇതിഹാസത്തിന്റെ സംഭാവനകൾ ആഘോഷിക്കുന്നത് പതിവുകെട്ടുകാഴ്ചകളിൽ ഒതുങ്ങിക്കൂടാ. ഈ ആഘോഷങ്ങൾ നമുക്കു മുന്നോട്ടുള്ള സുദീർഘമായ യാത്രയിലെ നാഴികക്കല്ലുകളായി മാറേണ്ടതുണ്ട്. ഭക്ഷണത്തിലോ കൃഷിയിലോ പോഷകാഹാരത്തിലോ താൽപര്യമുള്ള– എന്നു വേണ്ട, ഈ ഭൂമിയിലെ ജീവിതത്തിൽ താൽപര്യമുള്ള– ഏതൊരാളും ആ യാത്രയിൽ പങ്കാളിയാകണം. നമുക്ക് ഇത്രയേറെ നൽകിയൊരു മനുഷ്യനു തിരികെ നൽകാവുന്ന ഏറ്റവും മികച്ച ആദരം അതായിരിക്കും. അതിനു വേണ്ടിയുള്ള ചർച്ചകൾ തുടരുമെന്നെങ്കിലും ഈ അവസരത്തിൽ നമുക്കു പ്രതിജ്ഞയെടുക്കാം; മാറ്റങ്ങൾ വരിക തന്നെ ചെയ്യും.

മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ

∙ ജനനം : 1925 ഓഗസ്റ്റ് ഏഴിന്

∙ പദവികൾ: രാജ്യസഭാംഗം (2007 – 2013), ഇന്ത്യൻ അഗ്രികൾചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ (1966–1972), ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്ടർ ജനറൽ (1972 – 1979), ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ലുഗവേഷണ കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ.

∙ പുരസ്കാരങ്ങൾ : ഭാരതരത്നം (മരണാനന്തരം) പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ, മാഗ്സസെ അവാർഡ്, പ്രഥമ ലോക ഭക്ഷ്യ സമ്മാനം, ബോർലോഗ് അവാർഡ്.

∙ മരണം : 2023 സെപ്റ്റംബർ 28

(മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ലേഖകൻ കേന്ദ്ര കാർഷിക, ഭക്ഷ്യ സെക്രട്ടറിയായിരുന്നു)

By admin

Leave a Reply

Your email address will not be published. Required fields are marked *