Breaking
5 Feb 2026, Thu

സൊമാറ്റോ സ്ഥാപകന്റെ മുഖത്തു കണ്ട ആ രഹസ്യ ഉപകരണം എന്ത്? അമ്പരന്ന് സമൂഹമാധ്യമങ്ങൾ

ഇന്ത്യന്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ കൊഴുക്കുന്ന ചര്‍ച്ച ഒരു ചെറിയ ഉപകരണത്തെക്കുറിച്ചാണ്? ഇന്ത്യയിൽ നിന്ന് ഉടലെടുത്ത അദ്ഭുത ടെക്‌നോളജിയാണോ അത്? സൊമാറ്റൊയുടെ സഹസ്ഥാപകന്‍ ദീപിന്ദര്‍ ഗോയല്‍ ഫിഗറിങ് ഔട്ട് പോഡ്കാസ്റ്റിലെ ഇന്റര്‍വ്യൂ ഇതിനോടകം വൈറലായികഴിഞ്ഞിരിക്കുകയാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളേക്കാളേറെ അദ്ദേഹത്തിന്റെ മുഖത്ത് ലോകത്ത് ഇതുവരെ അധികം ആരും കാണാത്ത ഒരു ഉപകരണം കണ്ടതാണ് ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്. അത് ഒരു ഡിവൈസ് ആണെന്നൊക്കെ പിന്നീടാണ് മനസിലാകുന്നത്. അദ്ദേഹത്തിന്റെ പുരികത്തിന്റെ വശത്തായി ഒരു കൊച്ചു ലോഹ കഷണം ഒട്ടിച്ചുവച്ചിരിക്കുന്നത് കണ്ടാണ് അത് എന്താണ് എന്ന് ആളുകള്‍ ചോദിച്ചു തുടങ്ങിയത്.

പഴയ ‘ഓട്ടു പാത്രം’ തേടി നടക്കുന്ന നാസ! വിഗ്രഹമോഷണക്കേസിലെ ഇറിഡിയം എന്ന ‘പ്രതിയുടെ’ യാഥാർഥ്യം അറിയാം

തമാശ ചര്‍ച്ചകള്‍ ഗൗരവത്തിലാകുന്നു

ലോഹ കഷണം ഒരു ച്യുവിങ് ഗം ആയിരിക്കാമെന്നും, അതല്ല ദീപിന്ദറിന്റെ ഫോണിനും മറ്റ് ഉപകരണങ്ങള്‍ക്കുമുള്ള ഒരു ചാര്‍ജിങ് കണക്ഷന്‍ ആയിരിക്കാമെന്നുമൊക്കെ പറഞ്ഞ് തമാശരൂപേണ പുരോഗമിക്കുകയായിരുന്നു സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച. എന്നാല്‍, ആ കൊച്ച് ഉപകരണത്തെ ഗൗരവത്തിലെടുക്കേണ്ട ഒന്നാണ് എന്ന് മനസിലായതോടെ തമാശ മാറി അത്ഭുതത്തിനു വഴിവയ്ക്കുകയായിരുന്നു.

അത് ടെംപ്ള്‍!

ദീപിന്ദറിന്റെ നെറ്റിയുടെ വശത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ഉപകരണത്തിന് നല്‍കിയിരിക്കുന്ന പേര് ടെംപ്ള്‍ (Temple). മുഖത്തിന്റെ ആ ഭാഗത്തെ ഇംഗ്ലിഷില്‍ വിളിക്കുന്ന വാക്കാണത്. രക്തമൊഴുക്ക് തത്സമയം നിരീക്ഷിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഉപകരണമാണ് അത്. അതും പോരെങ്കില്‍ ദീപിന്ദറിന്റെ സൊമാറ്റോയുടെ മാതൃകമ്പനിയായ ഇറ്റേണലിന്റെ കീഴിലാണ് പുതിയ ഡിവൈസ് വികസിപ്പിച്ചുവരുന്നത്. ഒരു കൊല്ലത്തോളമായി ഇത് ദീപിന്ദര്‍ പരീക്ഷണാര്‍ത്ഥം അണിയുന്നുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

ലക്ഷം തൊട്ട് ആളുകളെ ഭ്രമിപ്പിച്ച സ്വർണലോഹം! കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ച് ഒരു കൂട്ടം ആളുകൾ, ഫലം ഇങ്ങനെ

ടെംപ്‌ളിന്റെ പ്രാധാന്യം

തലച്ചോറിലെ രക്തചംക്രമണം നിരന്തരം വീക്ഷിക്കുക എന്ന ദൗത്യമാണ് ടെംപ്‌ളിന് ഉള്ളത്. തലച്ചോറിന്റെ മൊത്തത്തിലുളള ആരോഗ്യം, പ്രായമാകല്‍ പ്രക്രീയവഴി തലച്ചോറില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കുക എന്ന ദൗത്യമാണ് ടെംപ്‌ളിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് അണിയുന്ന ആള്‍ക്ക് തന്റെ തലച്ചോറിലെ രക്തയോട്ടത്തിന്റെ പാറ്റേണ്‍ കാണാന്‍ അനുവദിക്കുന്നു എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.

ജോലിയെടുക്കുമ്പോള്‍ രക്തചംക്രമണം എങ്ങനെയാണ്, വിശ്രമസമയത്ത് എങ്ങനെയാണ്, സമ്മര്‍ദ്ദം വരുമ്പോള്‍ എന്തുമാറ്റം വരുന്നത് എന്നൊക്കെ സ്വയം കണ്ട് തിട്ടപ്പെടുത്താനാണ് ടെംപ്ള്‍ ഉപകരിക്കുക. തലച്ചോറിന് സ്ഥിരതയുള്ള രക്തചംക്രമണമാണ് ഉചിതം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളായിരിക്കും ടെംപ്ള്‍ തത്സമയം അറിയിച്ചുകൊണ്ടിരിക്കുകയത്രെ.

തലച്ചോറിലെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ ബാധിക്കും?

തലച്ചോറിലെ രക്തചംക്രമണ വ്യവസ്ഥയില്‍ വരുന്ന മാറ്റം പല തരത്തില്‍ നമ്മെ ബാധിക്കും. ക്ഷീണം, ശ്രദ്ധയില്ലായ്മ, ഓര്‍മ്മ പ്രശ്‌നങ്ങള്‍, പ്രായമാകല്‍ പ്രക്രീയ വഴി വന്നെത്താവുന്ന പ്രശ്‌നങ്ങള്‍, ഗ്രാഹണശേഷിക്കു വരുന്ന മാറ്റങ്ങള്‍ തുടങ്ങിയവയൊക്കെ ഇതിന്റെ പ്രതിഫലനമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഗവേഷകര്‍ വര്‍ഷങ്ങളായി പഠിച്ചു വരികയാണ്.

അതിനാകട്ടെ കൂറ്റന്‍ ബ്രെയിന്‍ ഇമേജിങ് മെഷീനുകളാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പോലും നിരന്തരമുള്ള നിരീക്ഷണം അത്ര എളുപ്പമോ, സാധ്യമോ അല്ല താനും. അവിടെയാണ് ടെംപ്‌ളിന്റെ പ്രസക്തി. കൂറ്റന്‍ മെഷീനുകള്‍ക്ക് ചെയ്യാനാകുന്നതെല്ലാം ടെംപ്‌ളിന് ചെയ്യാനായേക്കില്ല. എന്നാല്‍ അവയ്ക്ക് നടത്താന്‍ സാധിക്കാത്ത ഒരു കാര്യം ചെയ്യാനുമാകും-നിരന്തര നിരീക്ഷണം.

എന്താണ് ദീപിന്ദര്‍ പറയുന്ന ‘ഗ്രാവിറ്റി ഏജിങ് ഹൈപ്പോത്തസിസ്’?

ഭൂമിയുടെ ഗുരുത്വാകര്‍ഷണം രക്തത്തെ താഴേക്ക് നിരവധി വര്‍ഷങ്ങളായി ആകര്‍ഷിക്കുന്നത് രക്തചംക്രമണത്തെ ബാധിച്ചേക്കാം എന്ന വാദമാണ് ഗ്രാവിറ്റി ഏജിങ് ഹൈപ്പോത്തസിസ് എന്ന് അറിയപ്പെടുന്നത്. പ്രായമായി തുടങ്ങുന്നതോടെ തലച്ചോറില്‍ എത്തുന്ന രക്തത്തിന്റെ അളവ് കുറഞ്ഞേക്കാമെന്നാണ് ഗ്രാവിറ്റി ഏജിങ് പരികല്‍പ്പനയെക്കുറിച്ച് വാചാലരാകുന്നവര്‍ വാദിക്കുന്നത്. അങ്ങനെ വരുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്നും അവര്‍ പറയുന്നു. കൂടാതെ, ഇങ്ങനെ തലച്ചോറില്‍ രക്തം എത്തുന്നത് കുറയുന്നത് പ്രായമാകല്‍ പ്രക്രീയയെ ത്വരിതപ്പെടുത്തിയേക്കാമെന്നും അവര്‍ വാദിക്കുന്നു.

സുൽത്താൻ പരിഗണിക്കാത്ത ഡ വീഞ്ചിയുടെ ആ പാലം:5 നൂറ്റാണ്ടിനിപ്പുറം എംഐടിയുടെ അമ്പരപ്പിക്കുന്ന കണ്ടെത്തൽ

ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്ത വാദം

സമൂഹ മാധ്യമങ്ങളിലും മറ്റും ഗ്രാവിറ്റി ഏജിങ് ഹൈപ്പോത്തസിസിന് ആരാധകരുണ്ടെങ്കിലും ശാസ്ത്ര ലോകം അത് അങ്ങനെ അംഗീകരിച്ചിട്ടില്ല. ശാസ്ത്രം പറയുന്നത് ഈ ഒരു കാരണം കൊണ്ടു മാത്രമായിരിക്കില്ല പ്രായമാകല്‍ നടക്കുന്നത് എന്നാണ്. ജനിതക ഘടകങ്ങള്‍, ജീവിക്കുന്ന പരിസ്ഥിതി, ജീവിത രീതി, രോഗങ്ങള്‍ തുടങ്ങി പല കാര്യങ്ങളും പ്രായമാകല്‍ പ്രക്രീയയെ ത്വരിതപ്പെടുത്തുന്നുണ്ടാകാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.

ഇപ്പോഴും ടെംപ്ള്‍ വാങ്ങാന്‍ കിട്ടില്ല

സൊമാറ്റൊ സഹസ്ഥാപകന്‍ ദീപിന്ദര്‍ ഗോയലിന്റെ നെറ്റിയുടെ ഒരു വശത്ത് ടെംപ്ള്‍ ഇരിക്കുന്നുണ്ടെങ്കിലും അത് ഇപ്പോഴും വിപണില്‍ വില്‍ക്കാന്‍ ആരംഭിച്ചിച്ചില്ല. അത് ഇറ്റേണല്‍ കമ്പനി സ്വകാര്യമായി വകസിപ്പിച്ചുവരുന്ന ഉല്‍പ്പന്നമാണ്. ദീപിന്ദറിന് പല സ്വകാര്യ ഗവേഷണ വിഷയങ്ങളുമുണ്ട്. അവ അദ്ദേഹത്തിന്റെ കമ്പനിയിയിലെ കണ്ടിന്യൂ റീസേര്‍ച്ച് (Continue Research) എന്ന വിഭാഗമാണ് കൈകാര്യം ചെയ്യുന്നത്. അതില്‍ ഒന്നുമാത്രമാണ് ടെംപ്ള്‍.

ടെംപ്ള്‍ പദ്ധതിയുടെ ചെലവ് ഏകദേശം 25 ദശലക്ഷം ഡോളറാണ് എന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അവതരണത്തിന് കടമ്പകള്‍ കടക്കണം

ദീപിന്ദര്‍ ടെംപ്ള്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അണിയുന്നുണ്ടെങ്കിലും ഇത് പൊതു വിപണിയില്‍ വില്‍ക്കണമെങ്കില്‍ പല കടമ്പകള്‍ കടക്കേണ്ടതായി വരും. ഇത് ഉപയോഗിച്ചാല്‍ മറ്റ് പ്രശ്‌നങ്ങള്‍ വരില്ലെന്ന് അധികാരികള്‍ സാക്ഷ്യപ്പെടുത്തേണ്ടതായി വരും. കൂടാതെ, അതിന് എന്തു വിലയിടണം എന്നതടക്കം പല കാര്യങ്ങളും നിര്‍ണ്ണയിക്കേണ്ടാതായും ഉണ്ട്. നിലവില്‍ ടെംപ്ള്‍ പരീക്ഷണ ഘട്ടത്തിലുള്ള ഒരു ഉല്‍പ്പന്നം മാത്രമാണ്.

അമ്പരപ്പിക്കുന്ന ശാസ്ത്രം; 130 വർഷങ്ങൾക്ക് ശേഷം ടാസ്മാനിയൻ ടൈഗർ ഉയിർത്തെഴുന്നേൽക്കുന്നു!

ഇന്ത്യന്‍ ടെക്‌നോളജി മേഖല ഉണരുമോ?

പുതിയ താത്പര്യങ്ങള്‍ താലോലിക്കുകയും അതിന് പണമെറിയുകയും ചെയ്യുന്ന ബിസിനസുകാര്‍ ഇന്ത്യയിലും ഉണ്ട് എന്നത് രാജ്യത്തെ ടെക്‌നോളജി മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് പകര്‍ന്നേക്കും. ഇതുവരെ പടിഞ്ഞാറന്‍ സാങ്കേതികവിദ്യയുടെ വാലില്‍ ഞാന്നു നടന്നിരുന്ന ബിസിനസുകാര്‍ക്കും ഇത് പുതിയ ദിശ നല്‍കിയേക്കാം എന്നിടത്താണ് ടെംപ്‌ളിന്റെ പ്രസക്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *