പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് അഥവാ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനും പ്രതിരോധ മേഖലയിലെ അതികായർ രംഗത്ത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് , അദാനി ഡിഫൻസ് എന്നിവയുൾപ്പെടെ ഏഴ് പ്രമുഖ കമ്പനികളാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായി സഹകരിച്ച് ഈ അഭിമാനകരമായ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യം പ്രകടിപ്പിച്ച് ‘ബിഡ്’ സമർപ്പിച്ചത്. സെപ്റ്റംബർ 30ന് ആയിരുന്നു ബിഡുകൾ സമർപ്പിക്കാനുള്ള അവസാന തീയതി. എയറോനോട്ടിക്കൽ ഡവലപ്‌മെന്റ് ഏജൻസിയാണ് ഈ സുപ്രധാന പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
കര-വ്യോമ-നാവിക സേനകൾ ഇനി ഒരൊറ്റ കമാൻഡിൽ; ലോകശക്തിയായി മാറാൻ ഇന്ത്യയുടെ സൈനിക പരിഷ്കരണം
അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾക്ക് ആധുനിക യുദ്ധമുഖത്ത് നിർണായക സ്വാധീനം ചെലുത്താൻ കഴിയും. ഇവയുടെ പ്രധാന പ്രത്യേകത, റഡാറുകളുടെ കണ്ണുവെട്ടിച്ച് ശത്രുരാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് കടന്നുചെല്ലാനുള്ള കഴിവാണ്. താഴ്ന്ന റഡാർ സിഗ്നേച്ചർ, അത്യാധുനിക സെൻസറുകൾ, ഡാറ്റാ ലിങ്കുകൾ, സൂപ്പർക്രൂയിസ് കഴിവ് (ശബ്ദവേഗതയിൽ ഇന്ധനക്ഷമതയോടെ സഞ്ചരിക്കാനുള്ള കഴിവ്) എന്നിവയെല്ലാം ഈ യുദ്ധവിമാനങ്ങളുടെ പ്രത്യേകതകളാണ്.
അമേരിക്കയുടെ എഫ്-22 റാപ്റ്റർ, എഫ്-35 ലൈറ്റ്നിങ് II, റഷ്യയുടെ SU-57, ചൈനയുടെ ജെ-20 തുടങ്ങിയവയാണ് നിലവിലുള്ള അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ.യാഥാർത്ഥ്യമാകുന്നതോടെ ഈ സാങ്കേതികവിദ്യ കൈവശമുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഉയരും.
മുൻ ഡിആർഡിഒ മിസൈൽ ശാസ്ത്രജ്ഞനും ബ്രഹ്മോസ് പദ്ധതിയിൽ നിർണ്ണായക പങ്ക് വഹിച്ചയാളുമായ എ. ശിവതാണു പിള്ളയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ ബിഡുകൾ വിലയിരുത്തുന്നത്. സാങ്കേതികവും വാണിജ്യപരവുമായ നിർദ്ദേശങ്ങൾ ഈ സമിതി വിശദമായി പരിശോധിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾക്ക് അത്യാധുനിക നിർമാണ ശേഷി മാത്രമല്ല, ഇത്രയും വലിയൊരു പദ്ധതി വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
ഇന്ത്യയുടെ ഏറ്റവും വലിയ സൈനിക ഗവേഷണ പദ്ധതി
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക ഗവേഷണ, വികസന ശ്രമങ്ങളിലൊന്നാണ്. പ്രോട്ടോടൈപ്പ് വിമാനങ്ങളുടെ രൂപകൽപ്പന, എൻജിനീയറിങ്, നിർമ്മാണം എന്നിവയ്ക്കായി ഏകദേശം 15,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദന ശേഷി വർദ്ധിപ്പിക്കുന്നതിൽ ഒരു നാഴികക്കല്ലായി മാറും.
തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ശനിയാഴ്ച; ഒന്നാം സമ്മാനം 25 കോടി രൂപ
Kerala Lottery Results
പ്രാഥമികമായി 120 വിമാനങ്ങൾ
വിജയകരമായ പരീക്ഷണ പറക്കലുകൾക്കും മൂല്യനിർണ്ണയത്തിനും ശേഷം, ഇന്ത്യൻ സർക്കാർ പ്രാഥമികമായി 120 വിമാനങ്ങൾക്ക് ഓർഡർ നൽകാൻ പദ്ധതിയിടുന്നു. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ കൂടുതൽ നൂതന വകഭേദങ്ങൾ പുറത്തിറങ്ങുന്നതോടെ മൊത്തം ഉത്പാദനം നൂറുകണക്കിന് യൂണിറ്റുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷം ആദ്യം പുറത്തിറക്കിയ താൽപ്പര്യപത്രമനുസരിച്ച് (EoI), തിരഞ്ഞെടുക്കപ്പെടുന്ന വികസന പങ്കാളി എട്ട് വർഷത്തിനുള്ളിൽ പൂർണ്ണമായി പ്രവർത്തനക്ഷമമായ ഒരു പ്രോട്ടോടൈപ്പ് വിമാനം വികസിപ്പിച്ച് നൽകണം. ഇത് പ്രകാരം, 2030-കളുടെ തുടക്കത്തിൽ ആദ്യ പറക്കൽ നടക്കുമെന്നും, 2035 ഓടെ സീരിയൽ ഉത്പാദനം ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. അടുത്ത ആറ് വർഷത്തിനുള്ളിൽ ഈ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുമെന്നാണ് സൂചന.
ഭൂമിയെ എന്നെങ്കിലും തമോഗർത്തം വിഴുങ്ങുമോ? സൂര്യന്റെ സ്ഥാനത്ത് ആ ‘ഭീകരൻ’ വന്നാൽ?
ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ കരുത്ത്
ഇന്ത്യൻ വ്യോമസേനയുടെ പോരാട്ട ശേഷി ഗണ്യമായി വർദ്ധിക്കുക മാത്രമല്ല, പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വാശ്രയത്വം നേടാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് ഈ പദ്ധതി വലിയ സംഭാവന നൽകും. ‘മേക്ക് ഇൻ ഇന്ത്യ’ സംരംഭത്തിന് ഊർജ്ജം പകരുന്നതോടൊപ്പം, പ്രതിരോധ മേഖലയിൽ ആഗോള ശക്തിയായി മാറാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങൾക്കും ഇത് കരുത്തേകും.
മറ്റൊരു പ്രതിരോധ പദ്ധതിയായ തേജസ് യുദ്ധവിമാനത്തിന്റെ വിജയകരമായ വികസനത്തിന് ശേഷം, AMCA പദ്ധതിയും ഇന്ത്യയുടെ എയ്റോസ്പേസ് വ്യവസായത്തിന് പുതിയ ദിശാബോധം നൽകുമെന്ന പ്രതീക്ഷയിലാണ് രാജ്യം.

