Breaking
17 Mar 2026, Tue

ലോകം മാറും, എഐയുടെ കൈപിടിച്ച് പോകാം ഭാവിയിലേക്ക്; പ്രതീക്ഷകൾ പങ്കുവച്ച ‘ടെക്സ്പെക്റ്റേഷൻസിനു’ സമാപനം

കൊച്ചി∙ ‘‘പണ്ടൊക്കെ രാവിലെ ആദ്യം വാട്‌സാപ്പിൽ എത്തുന്നത് ‘ഗുഡ് മോണിങ്’ സന്ദേശങ്ങളായിരുന്നു. എന്നാൽ ഇന്നത് ഒരു എഐയെപ്പറ്റിയുള്ള ലേഖനമാണ്, അല്ലെങ്കിൽ എഐ ജോലി കളയുമോ എന്ന ആശങ്കയാണ്’’– ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ വെർട്ടിക്കൽസ് പ്രസിഡന്റ് കുനാൽ പുരോഹിതിന്റെ ഈ വാക്കുകളിലുണ്ട് ലോകം എഐയിലേക്ക് കണികണ്ടുണർന്നു തുടങ്ങിയെന്ന സൂചന. ‘വേണ്ട’ എന്നു പറഞ്ഞ് തള്ളിക്കളയാൻ പോലും പറ്റാത്ത വിധം എഐ നമുക്കു മുന്നിലേക്കെത്തുന്നു. എഐയുടെ കൈപിടിച്ച് മുന്നോട്ടു പോകുമ്പോൾ ഭാവി നമുക്കു വേണ്ടി എന്താണു കാത്തുവച്ചിരിക്കുന്നത്? ആശങ്കകളല്ല, കൈനിറയെ പ്രതീക്ഷകളാണ് എഐയും ടെക്നോളജിയിലെ വളർച്ചയും നമുക്കു സമ്മാനിക്കുകയെന്ന ഉറപ്പുമായി മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ആറാം പതിപ്പിനു സമാപനം.

എഐ തൊഴിൽ ഇല്ലാതാക്കില്ല, പക്ഷേ ഒരു മാറ്റം സംഭവിക്കും: എങ്ങനെ അപ്‍സ്കിൽ ചെയ്യാം? കുനാൽ പുരോഹിത് സംസാരിക്കുന്നു

എഐ നിങ്ങൾക്കു മുന്നിൽ വലിയ വെല്ലുവിളികൾ കൊണ്ടു വരുന്നുണ്ട്. എന്നാൽ അവയെ എങ്ങനെ മറികടക്കാമെന്ന വഴിയും എഐ തന്നെ പറഞ്ഞു തരും. എന്തെല്ലാമാണ് എഐ നിർമിതം എന്നു നമുക്കു മനസ്സിലാക്കിത്തരാൻ എഐ തന്നെ വരുന്ന കാലമാണ് വരാനിരിക്കുന്നതെന്ന നടൻ രമേഷ് പിഷാരടിയുടെ വാക്കുകളിലുണ്ട് ഭാവി എന്തായിരിക്കുമെന്ന സൂചന. വർത്തമാനകാലത്തിനപ്പുറം, ഭാവിയിലേക്കു കണ്ണുപായിക്കാനുള്ള ആഹ്വാനവുമായാണ് ‘ക്രിസ്റ്റൽ ബോളിങ് 2030’ എന്ന വിഷയത്തില്‍ ടെക്സ്പെക്റ്റേഷനു തുടക്കം കുറിച്ചത്. ഐടി, ആരോഗ്യം, വാർത്ത, സമൂഹമാധ്യമങ്ങൾ, റീട്ടെയ്ൽ, സിനിമ, പരസ്യം, ബിസിനസ് തുടങ്ങി എല്ലാ മേഖലയിലും അടുത്ത അഞ്ചു വർഷത്തിനകം എന്തു മാറ്റമായിരിക്കും വരികയെന്ന ചിന്തകളും വിദഗ്ധര്‍ പങ്കുവച്ചു.

അടിത്തറയാകുന്ന എഐ

‘ഇന്ന്’ എന്നതിനപ്പുറത്തേക്ക് ഭാവി എന്താകുമെന്നു പ്രവചിക്കുക പോലും വളരെയേറെ ബുദ്ധിമുട്ടായി മാറിയ കാലമാണിതെന്നും, പതിറ്റാണ്ടുകളെ മുൻനിർത്തി ആസൂത്രണം ചെയ്തിരുന്ന ഭാവി ഇന്ന് മാസങ്ങൾക്കുള്ളിൽ മാറിമറിയുകയാണെന്നുമുള്ള മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യുവിന്റെ വാക്കുകളിലൂടെയാണ് ‘ടെക്സ്പെക്റ്റേഷൻസ് 2026’നു തുടക്കമായത്. മനുഷ്യ നാഗരികതയുടെ അടിത്തറയായി സാങ്കേതികത മാറുന്ന കാലമാണ് വരുന്നതെന്ന ചിന്തയാണ് ആശംസാപ്രസംഗം നടത്തിയ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ് പങ്കുവച്ചത്. ഇതിന്റെയെല്ലാം ചുവടുപിടിച്ചായിരുന്നു മുഖ്യപ്രഭാഷണം നടത്താൻ ആമസോൺ വെബ് സർവീസസ് ഇന്ത്യ-സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്ത എത്തിയത്. അദ്ദേഹം നൽകിയത് ഒരു മുന്നറിയിപ്പായിരുന്നു– എത്രത്തോളം ടെക്നോളജിയെ ജനാധിപത്യവൽക്കരിക്കാൻ സാധിക്കും എന്നതിനെ മാത്രം ആശ്രയിച്ചായിരിക്കും എഐയിലെ ഇന്ത്യയുടെ വളർച്ചയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

‘സിനിമയിലെ വികാരങ്ങൾക്ക് മുന്നിൽ എഐ വീഴും; മാറ്റം എല്ലാകാലത്തുമുണ്ട്, ഇപ്പോൾ വേഗം കൂടുതൽ’

ഡേറ്റ സുരക്ഷിതമാകണം

‘ദ് സ്വദേശി ഇഫക്ട്: ബിൽഡിങ് ഫ്രം ഇന്ത്യ, ഫോർ ദ് വേൾഡ്’ എന്ന വിഷയത്തിൽ ടാലി സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ തേജസ് ഗോയങ്ക പങ്കുവച്ചത് എങ്ങനെയാണ് ‘ടാലി’ എന്ന ഇന്ത്യൻ ഉൽപന്നം ലോകമെമ്പാടും സ്വീകാര്യമായതെന്നാണ്. എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്നതും ലളിതവുമായ പ്രവർത്തന രീതിയുമാണ് ടാലിയെ ജനങ്ങളിലേക്ക് കൂടുതൽ അടുക്കാൻ സഹായിച്ചത്. എങ്കിലും ടാലി പ്രവർത്തനം അവിടെ അവസാനിപ്പിച്ചില്ല. പുതിയ കാലത്ത് വലിയ പരീക്ഷണങ്ങളാണ് ടാലിയിലും നടക്കുന്നത്. ഫോണിൽ നിന്നും ടാലി ഉപയോഗിക്കാനും ഡോക്യുമെന്റുകൾ അപ്‍ലോഡ് ചെയ്യാനും സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും തേജസിന്റെ വാക്കുകൾ.

ടാലി സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ തേജസ് ഗോയങ്ക

ADVERTISEMENT

എഐ ഒരു പ്ലാറ്റ്ഫോം ആയി ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നാണ് അഡോബി വൈസ് പ്രസിഡന്റ് ഓഫ് എൻജിനീയറിങ് മൻമീത് ധോഡി വിശദമാക്കിയത്. ഉപയോക്താക്കളുടെ ഡേറ്റ ഉൾപ്പെടെ സുരക്ഷിതമാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. അഡോബി പോലൊരു കമ്പനി അതിന്റെ സുരക്ഷ ഉറപ്പു വരുത്തുമ്പോൾ ഓപ്പൺ എഐ പോലുള്ള സേവനങ്ങൾക്ക് ഡേറ്റ സുരക്ഷ ഉറപ്പാക്കാനാകുന്നില്ലെന്നും മൻമീത് പറഞ്ഞു.

What you should read next

ഫസ്റ്റ് ആവുകയല്ല, ബെസ്റ്റ് ആവുകയാണ് പ്രധാനം; അതാണ് ടാലിയുടെ വിജയം: തേജസ് ഗോയങ്ക

എഐ പോലുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാളും ബ്രാൻഡിന്റെ മൂല്യം ഉറപ്പിക്കുന്നതിനാണു കമ്പനികള്‍ പ്രധാന്യം നൽകേണ്ടതെന്ന ചിന്തയാണ്, ‘എഐ ഫസ്റ്റ് വേൾഡിൽ പരസ്യമേഖലയുടെ ഭാവി’ എന്ന വിഷയത്തിൽ ഓംനികോം അഡ്വർടൈസിങ് ഇന്ത്യ പ്രസിഡന്റ് ആൻഡ് എംഡി ആദിത്യ കാന്തി പങ്കുവച്ചത്. ഇതോടൊപ്പം സ്റ്റോറി ടെല്ലിങ്ങിനും പ്രാധാന്യം നൽകണം. വർഷമെത്ര കഴിഞ്ഞാലും ഇന്നും നിലനിൽക്കുന്ന കമ്പനികൾ ഇവയുടെ ഉറപ്പിന്മേലാണ് വളർന്നത്. അല്ലാതെ ഏതെങ്കിലുമൊരു പ്ലാറ്റ്‌ഫോമിന്റെ ബലത്തിലല്ല. ബിസിനസുകൾ വിജയിക്കാൻ ബ്രാൻഡ് ബിൽഡിങ്ങും സ്റ്റോറി ടെല്ലിങ്ങും ഒരു സ്കിൽ പോലെ വളർത്തിയെടുക്കണമെന്നും ആദിത്യ പറഞ്ഞു.

What you should read next

ഫെയ്സ്ബുക്കിന് പോളിസിയില്ല, ഉത്തരവാദിത്തം വേണം; ടെക്സ്പെക്റ്റേഷൻസിൽ ഫേ ഡിസൂസ

എഐ ഡോക്ടറാകില്ല, പക്ഷേ…

എഐയും ജീനോമിക്സും എങ്ങനെ ആരോഗ്യമേഖലയിലെ മാറ്റങ്ങളിൽ സഹായിക്കും എന്ന വിഷയത്തിലെ ചർച്ചകളിലുണ്ടായത് ചില മുന്നറിയിപ്പുകളാണ്. സാങ്കേതികതയെ ഉപയോഗപ്പെടുത്താൻ തയാറാകാത്ത ഡോക്ടർമാരും ആശുപത്രികളും ഇല്ലാതാകുമെന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതേസമയം മനുഷ്യ ഡോക്ടർമാർ എഐക്കു മുന്നിൽ ഇല്ലാതാവില്ല. ‘ഡോക്ടർ വിത്ത് എഐ ആൻഡ് ജീനോമിക്സ്’ ആയിരിക്കും ഭാവിയിലെ ഡോക്ടർമാർ. അപ്പോഴും ഒരു രോഗം വരുമ്പോൾ ആദ്യം ചാറ്റ്ജിപിടിയോടല്ല ചോദിക്കേണ്ടതെന്നതും, ചാറ്റ്ജിപിടി വഴി നമ്മുടെ മെഡിക്കൽ രേഖകൾ പരിശോധിക്കുന്നത് വലിയ ദുരന്തങ്ങളിലേക്കു നയിക്കുമെന്നുമുള്ള മുന്നറിയിപ്പും പാനൽ ചർച്ചയിലെ ഡോക്ടർമാർ നൽകി.

What you should read next

ഐടിക്കാരേക്കാളും ശമ്പളം: എഐ വഴി വരുന്നു പുതിയ ജോലികൾ

എഐ ഉപയോഗിച്ച് എല്ലാം സൗജന്യമായി ചെയ്യാൻ സാധിക്കുമ്പോഴും നാം നൽകുന്ന വിവരങ്ങൾ അഥവാ നമ്മുടെ ഡേറ്റ എഐ എന്തിനെല്ലാം ഉപയോഗിക്കുന്നുവെന്ന് അറിയാനുള്ള അവകാശം ഉപയോക്താവിനുണ്ടെന്നും അതുറപ്പാക്കണമെന്നുമാണ് ‘റീട്ടെയ്ൽ– വാണിജ്യ മേഖലയുടെ ഭാവിയെ എങ്ങനെയാകും എഐയും ടെക്നോളജിയും മാറ്റിമറിക്കുക’ എന്ന പാനൽ ചർച്ചയിലെ പ്രധാന നിർദേശമായെത്തിയത്. ഓരോ യൂസറുടെയും ഡേറ്റ ഉപയോഗിക്കുന്നുണ്ടെങ്കിൽത്തന്നെ ഓരോ യൂസറുടെയും വിശ്വാസം നശിപ്പിക്കാത്ത വിധമായിരിക്കണം എഐ ഉപയോഗിക്കേണ്ടതെന്ന നിർദേശവും വന്നു.

‘ആരോഗ്യപരമായ പ്രശ്നങ്ങളെ കണ്ടെത്തി എങ്ങനെയാണ് എഐയും ജീനോമിക്സും നിങ്ങളുടെ സമയം, പണം, ജീവൻ എന്നിവയെ രക്ഷിച്ചെടുക്കുന്നത്’ എന്ന വിഷയത്തിൽ ഷുഗർസ്ട്രിങ്ങ്സ്.എഐയുടെ കോ ഫൗണ്ടറും സിഇഒയുമായ ടോണി ജോസ്, ആസ്റ്റർ മെഡിസിറ്റി സിഇഒ നളന്ദ ജയദേവ്, ആസ്റ്റർ മെഡിസിറ്റി മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് അരുൺ ആർ വാര്യർ,ആസ്റ്റർ മെഡിസിറ്റി ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് അനിൽ കുമാർ ആർ എന്നിവർ സംസാരിക്കുന്നു.

‘എഐ ചരമക്കുറിപ്പെഴുതില്ല’

ADVERTISEMENT

‘‘ഐടി സർവീസുകളുടെ ‘ചരമക്കുറിപ്പ്’ നേരത്തേതന്നെ പലരും എഴുതിയിട്ടുണ്ട്, ക്ലൗഡ് സർവീസ് വന്നപ്പോഴും അത് കേട്ടു, ഇപ്പോൾ എഐ വന്നപ്പോഴും കേൾക്കുന്നു. എന്നാൽ എൻജിനീയറുടെ ‘റോൾ’ മാറുന്നുവെന്നതു മാത്രമേ ഇവിടെ സംഭവിക്കുന്നുള്ളൂ. അവർക്കായി അപ്‌സ്കെയിലിങ് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അങ്ങനെ ജൂനിയർ സോഫ്റ്റ്്‌വെയർ എൻജിനീയർ എന്നത് എഐ അസിസ്റ്റഡ് പ്രോഡക്ട് എൻജിനീയർ ആയി, സീനിയർ ഡവലപ്പർ എന്നത് സിസ്റ്റം ആൻഡ് ഏജന്റ് ആർക്കിടെക്ട് ആയി. ടെക് ലീഡ് ഇപ്പോഴില്ല, അദ്ദേഹം എഐ ഡെലിവറി ഓർക്കസ്ട്രേറ്റർ ആയി മാറി’’– എഐ നമ്മുടെ ജോലി കളയില്ല, പകരം കൃത്യമായി അപ്സ്കെയിൽ ചെയ്താൽ ആ ജോലിയുടെ സ്വഭാവം മാറുക മാത്രമാണ് ചെയ്യുന്നതെന്ന പ്രതീക്ഷ പങ്കുവച്ചത് ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ വെർട്ടിക്കൽസ് പ്രസിഡന്റ് കുനാൽ പുരോഹിതാണ്.

ടെക് മഹീന്ദ്ര നെക്സ്റ്റ് ജെൻ വെർട്ടിക്കൽസ് പ്രസിഡന്റ് കുനാൽ പുരോഹിത്

എഐയുടെ കടന്നുവരവ് ഐടി മേഖലയിൽ ഉൾപ്പെടെ തൊഴില്‍നഷ്ടത്തിനിടയാക്കുമെന്നു പറയുമ്പോഴും ഒട്ടേറെ പുതിയ തൊഴിലവസരങ്ങള്‍ തുറക്കുന്നതിനെപ്പറ്റിയും നിലവിലെ തൊഴിലിനെ എങ്ങനെ നവീകരിച്ച് മുന്നേറാനാകുമെന്നതിനെപ്പറ്റിയും ചർച്ച ചെയ്യേണ്ട സമയമായെണിതെന്നാണ് ‘കാറ്റലിസ്റ്റ്സ് 2030: ഇന്ത്യാസ് നെക്സ്റ്റ് വേവ് ഓഫ് സ്കെയ്‌ലബ്ൾ ടെക് ഇന്നവേറ്റേഴ്സ്’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ ഉയർന്നുവന്ന നിർദേശം. ഐടി മേഖലയിൽ എഐ മാറ്റം വരുത്തുന്നതിനൊപ്പം അതോടനുബന്ധിച്ച മറ്റു മേഖലകളിലും തൊഴിലവസരങ്ങൾ പുതിയതായി വരും. ഇലക്ട്രിഷ്യന്മാർക്കും ഫിറ്റർമാർക്കും വലിയ തുക ശമ്പളം ലഭിക്കുന്ന കാലവും എഐ സമ്മാനിക്കുമെന്ന പ്രതീക്ഷയും ടെക്/ സ്റ്റാർട്ടപ് വിദഗ്ധർ പങ്കുവച്ചു.

‘ന്യൂസ്, ക്രിയേറ്റേഴ്സ് & ദ് ന്യൂ സോഷ്യൽ യൂണിവേഴ്സ്’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ബീറ്റ്റൂട്ട് ന്യൂസ് സ്ഥാപകയും മാധ്യമപ്രവർത്തകയുമായ ഫേ ഡിസൂസ, സോഷ്യൽ മീഡിയ സെലിബ്രിറ്റി ഡോ. അനിൽ ഏബ്രഹാം, ഓൺമനോരമ എഡിറ്റർ ജോഷ്വ യുജീൻ എന്നിവർ

‘ഡിജിറ്റൽ ട്വിന്നിനെ’ പണിക്കു വിടുന്ന കാലം

എഐ കാലത്ത് വാർത്തകളുടെ വിശ്വാസ്യത ചോരാതെ അന്തസ്സ് വീണ്ടെടുക്കുന്നതിനെപ്പറ്റിയാണ് മാധ്യമപ്രവർത്തക ഫേ ഡിസൂസ ചിന്തകൾ പങ്കുവച്ചത്. പ്രേക്ഷകർക്ക് വേണ്ടത് ഇതായിരിക്കും എന്ന രീതിയിൽ വാർത്തകൾ നൽകുന്നത് അപകടകരമായ പ്രവണതയാണ്. കൃത്യമായ നിലപാടെടുത്ത് വാർത്തകൾ നൽകിയാൽ പ്രേക്ഷകർ നിങ്ങളെ തേടിവരുമെന്നും ഫേ ഡിസൂസ പറഞ്ഞു. നർമം കലർത്തി പല വിഷയങ്ങളിലും അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ വിമർശനങ്ങളും ഹേറ്റ് ക്യാംപയിനും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ടെന്ന കാര്യമാണ് സോഷ്യൽ മീഡിയ സെലിബ്രിറ്റി ഡോ.അനിൽ ഏബ്രഹാം പങ്കുവച്ചത്.

രമേഷ് പിഷാരടി,ജയസൂര്യ, മനോരമ ഓൺലൈൻ അസോസിയേറ്റ് പ്രൊഡ്യൂസർ ലക്ഷ്മി പാർവതി

2030ലെ സിനിമ എങ്ങനെയായിരിക്കും എന്നതിലും എഐ വിഷയമായി. നടന്മാർ ‘ഡിജിറ്റൽ ട്വിൻസിനെ’ അഭിനയിക്കാൻ വിടുന്ന ഒരു കാലമുണ്ടെങ്കിൽ താൻ അനുവദിക്കില്ലെന്നാണ് നടൻ ജയസൂര്യ പറഞ്ഞത്. സ്വന്തമായി ജോലിയെടുക്കുന്നതിലെ സന്തോഷമാണ് അദ്ദേഹം കാരണമായി പറഞ്ഞത്. എന്നാൽ തന്റെ നാല് ഡിജിറ്റൽ ട്വിൻസിനെ പല ജില്ലകളിൽ ‘പണിയെടുക്കാൻ’ വിട്ട് പണമുണ്ടാക്കുമെന്ന നടൻ രമേഷ് പിഷാരടിയുടെ വാക്കുകൾ സദസ്സിൽ ചിരി പടർത്തി. ഇത്തരത്തിൽ ചിന്തകളും ചിരിയും നിറഞ്ഞ സെഷനുകളോടെയായിരുന്നു ടെക്സ്പെക്റ്റേഷൻസ് ആറാം പതിപ്പിന് സമാപനമായത്.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *