Breaking
5 Feb 2026, Thu

റോബട്ട് ഒളിംപിക്‌സിനു ചൈനയില്‍ തുടക്കം! ചിലയിടങ്ങളിൽ പുക; തൃപ്തിയുള്ളവരും ഇല്ലാത്തവരും ധാരാളം!

മനുഷ്യര്‍ തമ്മിലുള്ള കായിക മത്സരങ്ങള്‍ക്കു മാത്രമെ കാഴ്ചക്കാരുണ്ടാകൂ എന്ന പ്രവചനത്തെ പാടെ പൊളിച്ചെഴുതിക്കൊണ്ട് ലോകത്തെ ആദ്യത്തെ റോബട്ട് ഒളിംപിക്‌സിന് ചൈനയില്‍ തുടക്കമായി. അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍ തുടങ്ങി 16 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യാകാരമുള്ള റോബട്ടുകളാണ് മാറ്റുരയ്ക്കുന്നത്. മനുഷ്യര്‍ ഏര്‍പ്പെടുന്ന കായിക മത്സരങ്ങളായ ഫുട്‌ബോള്‍, ട്രാക്ക് ആന്‍ഡ് ഫീല്‍ഡ്, ടേബിള്‍ ടെന്നിസ് തുടങ്ങിയവയ്ക്കു പുറമെ, ചില പ്രത്യേക ഇനങ്ങളിലും മത്സരങ്ങളുണ്ട് എന്നതു തന്നെയാണ് വേള്‍ഡ് ഹ്യൂമനോയിഡ് റോബട്ട് ഗെയിംസ് ശ്രദ്ധേയമാകുന്നത്. മരുന്നുകള്‍ വേര്‍തിരിക്കുക, വസ്തുക്കള്‍ കൈകാര്യം ചെയ്യുക, വൃത്തിയാക്കല്‍ തുടങ്ങിയ ഇനങ്ങളാണ് അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കായിക മത്സര സമയത്ത് കോച്ചുകളാണ് കളിക്കാര്‍ക്കൊപ്പം എത്തുന്നതെങ്കില്‍ റോബട്ട് മത്സരവേദിയില്‍ ഗവേഷകരാണ് മത്സരാര്‍ത്ഥികള്‍ക്കൊപ്പം എത്തിയിരിക്കുന്നത് എന്നതു തന്നെ യന്തിരന്മാരുടെ പോരാട്ടം വേറിട്ടതാണ് എന്ന് വിളിച്ചറിയിക്കുന്നു. ആദ്യം സംഘടിപ്പിച്ച മത്സരങ്ങളിലൊന്നില്‍ ഏകദേശം 7 വയസുള്ള കുട്ടിയുടെയത്ര വലിപ്പമുള്ള 10 റോബട്ടുകള്‍ പിച്ചിലൂടെ തുള്ളിമറിഞ്ഞു നടക്കുന്ന കാഴ്ചയാണ് കാണാനായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയ്ക്ക് ഇടികിട്ടുകയും, എല്ലാം കൂടെ കൂനകൂട്ടിയ രീതിയില്‍ മറിഞ്ഞു വീഴുന്ന കാഴ്ചകളും ഒക്കെ കാണാനായി. അത്‌ലറ്റിക്‌സിലാകട്ടെ ഒരു റോബട്ട് മത്സരം നിയന്ത്രിക്കാന്‍ നിന്ന ഒരു മനുഷ്യന്റെ നേരെ പാഞ്ഞുകയറിയെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇയാള്‍ മറിഞ്ഞ് ഗ്രൗണ്ടില്‍ വീണു.

പുതിയ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ സെറ്റാണോ?

ഏറ്റവും പുതിയ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ സെറ്റാണോ ഇതെന്ന പ്രതീതിയാണ് പല റിപ്പോര്‍ട്ടര്‍മാര്‍ക്കും തോന്നിയത്. ഏകദേശം 500 ആന്‍ഡ്രോയിഡുകളാണ് മത്സരത്തിലെത്തിയിരിക്കുന്നതത്രെ. നടക്കുമ്പോള്‍ കാലു നേരെ നിറുത്താന്‍ പോലും പാടുപെടുന്നവ അടക്കം എത്തിയിട്ടുണ്ട്. കുങ് ഫു, 100 മീറ്റര്‍ ഓട്ട മത്സരം തുടങ്ങിയവയും ഉണ്ട്. മത്സരിക്കാനും വിജയിക്കാനുമാണ് ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്, എന്നാല്‍ അതോടൊപ്പം ഗവേഷണവും നടക്കുമെന്നാണ്, ജര്‍മനിയില്‍ നിന്നെത്തിയ എച്ച്ടിഡബ്ല്യൂകെ റോബട്ട് ഫുട്‌ബോള്‍ ടീമിനൊപ്പം എത്തിയ മാക്‌സ് പോള്‍ട്ടര്‍ പറഞ്ഞു.

റോബട്ടിക് മത്സരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുക തന്നെ ചെയ്യും എന്ന കാര്യത്തില്‍ കാണികള്‍ക്കോ പങ്കെടുക്കാനെത്തിയ ടിമുകള്‍ക്കൊപ്പം ഉള്ളവര്‍ക്കോ സംശയമില്ല. പലതരം പുതുമകളും പരീക്ഷിക്കപ്പെടുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൂടുതല്‍ ശേഷി ആര്‍ജ്ജിച്ച റോബട്ടുകളും എത്തിക്കൊണ്ടിരിക്കും എന്നതു തന്നെ നിരന്തരം പുതുമകള്‍ നിറഞ്ഞതായിരിക്കും ഇത്തരം മത്സരങ്ങള്‍ എന്ന് തീര്‍ച്ചപ്പെടുത്താനാകും. തട്ടിക്കൂട്ടിയ റോബട്ടുകളില്‍ ചില ഭാഗങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ തങ്ങള്‍ പരാജയപ്പെടും. പക്ഷെ, പരാജയപ്പെടുന്ന ഉല്‍പ്പന്നത്തില്‍ കൂടുതല്‍ പണവും അധ്വാനവും മുടക്കാതിരക്കാന്‍ ഇത് സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

വിചാരിച്ചപോലെ എത്തിയില്ലെന്നും പ്രതികരണം

സംഘടിപ്പിച്ച 1,500 മീറ്റര്‍ ഓട്ടമത്സരത്തില്‍ ചൈനയിലെ യൂണിട്രീയുടെ ഹ്യൂമനോയിഡ് റോബട്ടുകള്‍ അനായാസ വിജയം കരസ്ഥമാക്കി എന്ന് എഎഫ്പി റിപ്പോര്‍ട്ടു ചെയ്യുന്നു. വിജയി എടുത്ത സമയം-6:29:37. മനുഷ്യരുടെ റെക്കോഡ് സമയം-3:26:00.പതിനാറു രാജ്യങ്ങളെ പ്രതിനിധീകരിച്ച് 192 യൂണിവേഴ്‌സിറ്റികളും, 88 സ്വകാര്യ കമ്പനികളും മത്സരത്തിന് എത്തിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള യൂണിട്രീ, ഫോറിയര്‍ (Fourier) തുടങ്ങിയ കമ്പനികളും ഇതില്‍ പെടുന്നു. 4

എഐ, ഓട്ടോമേഷന്‍, തുടങ്ങിയ മേഖലകളില്‍ വന്നുകൊണ്ടിരിക്കുന്ന അസാധാരണ വഴക്കങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ഒളിംപിക്‌സിന്റെ സംഘാടകരില്‍ ബെയ്ജിങ് മുനിസിപ്പാലിറ്റിയും ഉണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചൈനയിൽ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച ചില റോബട്ടിക് മത്സരങ്ങള്‍ ഉദ്ദേശിച്ച രീതിയിലുള്ള പ്രതികരണമല്ല കാഴ്ചക്കാരില്‍ നിന്ന് ഉണ്ടാക്കിയതെന്നും പറയപ്പെടുന്നു.

ഇതെല്ലാം വെറും ‘സ്റ്റണ്ട്’ മാത്രമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞവരുണ്ട് എങ്കിലും പല വിശകലന വിദഗ്ധരും പറഞ്ഞത് ഇത്തരം പ്രദര്‍ശനങ്ങള്‍ റോബട്ടുകളുടെ ശക്തിയും പരിമിതിയും നേരിട്ട് പരീക്ഷിച്ചറിയാനുള്ള വേദികൂടെയാണ് എന്നാണ്. കൂടാതെ മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ പൊതുജന ജിജ്ഞാസ ഉണര്‍ന്നിരിക്കുന്നു എന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ വിശകലന വിഭാഗം ചൂണ്ടിക്കാണിക്കുന്നു. തത്സമയം തീരുമാനം എടുക്കേണ്ടി വരുന്ന സമയങ്ങളില്‍ റോബട്ടുകള്‍ക്ക് അവസരത്തിനൊത്ത് ഉയരാനാകുന്നുണ്ടോ എന്നൊക്കെ പരീക്ഷിച്ചറിയാനുള്ള അവസരമാണ് റോബട്ടിക് കായിക വിനോദങ്ങള്‍ എന്നു പറയുന്നു.

ചിലയിടത്ത് ചാരം, ചിലയിടത്ത് പുക

ലോകത്തെ ആദ്യത്തെ ഹ്യൂമനോയിഡ് റോബട്ട് മാരത്തൊണ്‍, റോബട്ട് കോണ്‍ഫറന്‍സ്, മനുഷ്യാകാര്‍ന്ന റോബട്ടുകള്‍ക്കായുള്ള റീട്ടെയില്‍ വില്‍പ്പനശാല തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടിരുന്നു. മാരത്തോണ് വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിരുന്നു. പങ്കെടുത്ത റോബട്ടുകളില്‍ നിന്ന് പുക ഉയര്‍ന്നതാണ് നാട്ടുകാരില്‍ ഭീതി വളര്‍ത്തിയത്. ചില റോബട്ടുകള്‍ക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചുമില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ഇതെല്ലാം ഇതുപൊലൊരു തുടക്ക ഘട്ടത്തില്‍ അപ്രതീക്ഷിതമല്ലെന്നും അഭിപ്രായങ്ങളുയരുന്നു.

റോബട്ടുകളുടെ വികസിപ്പിക്കലിന് ചൈന നല്‍കുന്ന പ്രാധാന്യമാണ് ഇതില്‍ നിന്ന് സ്പഷ്ടമാകുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നു. ഈ മേഖലയ്ക്ക് ചൈന കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 20 ബില്ല്യന്‍ ഡോളറിലേറെ സബ്‌സിഡിയായി നല്‍കിയെന്ന് പറയുന്നു. രാജ്യത്തെ എഐ, റോബട്ടിക്‌സ് സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ക്കായി 137 ബില്ല്യന്‍ ഡോളര്‍ വകമാറ്റാനും ചൈന ഉദ്ദേശിക്കുന്നു.

കൂടാതെ, ചൈന അടക്കം പല രാജ്യങ്ങളിലും ജനസമൂഹങ്ങള്‍ക്ക് പ്രായമായി കൊണ്ടിരിക്കുന്നു. ജോലികള്‍ക്കും, സഹായത്തിനും ഹ്യൂമനോയിഡ് റോബട്ടുകള്‍ക്കും മറ്റും സമൂഹങ്ങളില്‍ നിര്‍ണ്ണായക പങ്ക് താമസിയാതെ വഹിക്കേണ്ടി വന്നേക്കും. ഇവ ഉദ്ദശിക്കുന്ന രീതിയല്‍ പ്രവര്‍ത്തിക്കുമോ എന്നറിയാനുള്ള വേദികള്‍ കൂടെയാണ് വേള്‍ഡ് ഹ്യൂമനോയിഡ് റോബട്ട് ഗെയിംസ് പോലെയുള്ള വേദികള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *