ദുബായ് ∙ രാജ്യത്ത് മഴയ്ക്കായി ഈ വർഷം ഇതുവരെ 185 ക്ലൗഡ് സീഡിങ് നടത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. ജൂലൈയിൽ മാത്രം 39 തവണ ക്ലൗഡ് സീഡിങ് നടത്തി. 10 മുതൽ 25 % വരെ മഴയുടെ അളവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലൗഡ് സീഡിങ് നടത്തിയത്. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ ശേഷിയുള്ള ഹൈഗ്രോസ്കോപ്പിക് കണികകൾ, വൈദ്യുതി തരംഗം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള വസ്തുക്കൾ എന്നിവ അടങ്ങുന്ന ഏറ്റവും ആധുനിക സാങ്കേതിക വിദ്യയാണ് മേഘോൽപാദനത്തിന് ഉപയോഗിച്ചത്.
കാനഡയിൽ തടാകത്തിൽ ‘സോപ്പ് തേച്ച് കുളി’: സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരെന്ന് വിമർശനം; വിഡിയോ വൈറൽ
ഹാൻഡ് ബാഗേജിൽ നിരോധനമുള്ള വസ്തുക്കൾ അറിഞ്ഞില്ലെങ്കിൽ കുടുങ്ങും; ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച് വിമാനത്താവളങ്ങൾ
അൽഐൻ മേഖലയിലാണ് ഇത്തവണ കൂടുതൽ മഴ മേഘങ്ങളുണ്ടായത്. വാർഷിക മഴ ഏറ്റവും കൂടുതൽ പെയ്തതും അൽഐനിലാണ്. എന്നാൽ, ഇനിയുള്ള ദിവസങ്ങളിൽ പെയ്യാൻ ശേഷിയുള്ള മേഘങ്ങളുടെ എണ്ണം കുറയുമെന്നും വെള്ളിയാഴ്ചയ്ക്ക് ശേഷം മഴയ്ക്കു സാധ്യതയില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനുവരി മുതൽ ജൂലൈ വരെ 166 തവണയാണ് ക്ലൗഡ് സീഡിങ്ങിനുള്ള വിമാനം പറന്നുയർന്നത്.
മഴമേഘങ്ങൾ സൃഷ്ടിക്കാൻ ഓരോ തവണ വിമാനം പറക്കുന്നതിനും 29,000 ദിർഹമാണ് സർക്കാരിനു ചെലവാകുന്നത്. ഓരോ വർഷവും 900 മണിക്കൂറാണ് ക്ലൗഡ് സീഡിങ് ദൗത്യത്തിനായി രാജ്യം മാറ്റിവച്ചിരിക്കുന്നത്. ഇതിനായി 4 വിമാനങ്ങളും പ്രത്യേക പരിശീലനം നേടിയ 12 പൈലറ്റുമാരുമുണ്ട്. കാലാവസ്ഥ നിരീക്ഷിക്കാൻ റഡാർ സംവിധാനവുമുണ്ട്.
രാജ്യാതിർത്തിക്കുള്ളിൽ ക്ലൗഡ് സിഡിങ് പൂർത്തിയാക്കാൻ 3 മണിക്കൂറാണ് വേണ്ടത്. Image Credit: WAM (File Image)
രാജ്യാതിർത്തിക്കുള്ളിൽ ക്ലൗഡ് സിഡിങ് പൂർത്തിയാക്കാൻ 3 മണിക്കൂറാണ് വേണ്ടത്. പറക്കും മുൻപ് തന്നെ സീഡിങ് ചെയ്യേണ്ട മേഘങ്ങൾ തീരുമാനിച്ചിട്ടുണ്ടാകും. വൃത്താകൃതിയിലാണ് വിമാനം പറക്കുക. മേഘങ്ങൾക്ക് ഇടയിലൂടെ പറക്കുമ്പോൾ മേഘങ്ങളെ ഘനീഭവിപ്പിക്കാനുള്ള ലവണങ്ങൾ പുറത്തേക്ക് വിടും.
∙ മഴയുടെ അളവ്
മഴമേഘോൽപാദനത്തിലൂടെ മാത്രം 16.8 മുതൽ 83.8 കോടി ക്യുബിക്ക് മീറ്റർ വരെ മഴ ഒരു വർഷം പെയ്യിക്കുന്നെന്നാണ് കണക്ക്. ഇതിൽ നിന്ന് ഉപയോഗ യോഗ്യമായ 8.4 മുതൽ 41.9 കോടി ക്യുബിക് മീറ്റർ വെള്ളം ഉൽപാദിപ്പിക്കുന്നു. യുഎഇയുടെ വാർഷിക മഴ 670 കോടി ക്യുബിക് മീറ്ററാണ്. ഇതിൽ പ്രധാന പങ്കും ക്ലൗഡ് സീഡിങ്ങിലൂടെ ലഭിക്കുന്നതാണ്.

