രക്ഷാബന്ധൻ ദിനത്തിൽ കേന്ദ്രസർക്കാർ എല്ലാവർക്കും മൂന്ന് മാസത്തെ സൗജന്യ റീചാർജ് നൽകുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട് അക്കൗണ്ട് ബയോയിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഈ റീചാർജ് ലഭിക്കുമെന്നാണ് അവകാശവാദം. നിരവധി സമ്മാനങ്ങൾ ഒരുമിച്ച് നൽകണമെന്ന് നമ്മുടെ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ടെന്ന് ഒരാൾ പറയുന്ന ഒരു വിഡിയോയും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
എന്നാൽ വൈറൽ അവകാശവാദം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വാസ്തവമറിയാം.
ഇന്ത്യാ ഗവൺമെന്റ് അത്തരമൊരു പദ്ധതി നടത്തുന്നില്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വ്യാജമാണ്. പ്രധാനമന്ത്രി മോദിയുടെ വീഡിയോ ഏകദേശം രണ്ട് വർഷം പഴക്കമുള്ളതാണ്, രാജസ്ഥാനിൽ നടന്ന ഒരു റാലിയുടെതാണ്, ഇത് ഇപ്പോൾ എഡിറ്റ് ചെയ്ത് തെറ്റായ അവകാശവാദത്തോടെ വൈറലാക്കുന്നു.
∙ അന്വേഷണം
കീവേർഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞപ്പോൾ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി അവരുടെ ഔദ്യോഗിക അക്കൗണ്ടുകളിൽ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.
വൈറൽ അവകാശവാദത്തിന്റെ സത്യാവസ്ഥ അറിയാൻ, പോസ്റ്റിൽ പരാമർശിച്ചിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു. g.earnhari എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ലിങ്ക് തുറന്നപ്പോൾ ലഭിച്ചത്. റിവാർഡുകൾ വഴി സൗജന്യ റീചാർജ് എങ്ങനെ നേടാമെന്നും ഓൺലൈനിൽ എങ്ങനെ പണം സമ്പാദിക്കാമെന്നുമാണ് ലേഖനത്തിലുള്ളത്.
ജിയോ, എയർടെൽ, വോഡഫോൺ എന്നിവയുടെ റീചാർജ് പ്ലാനുകളെക്കുറിച്ച് വെബ്സൈറ്റിൽ പരാമർശിക്കുന്നുണ്ടെങ്കിലും സൗജന്യ റീചാർജിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വൈറല്‍ വിഡിയോയുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്‌സ് ഇമേജ് പരിശോധനയിൽ ന്യൂസ് 18 രാജസ്ഥാന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്ന് യഥാർത്ഥ വിഡിയോ ലഭിച്ചു. 2023 ഒക്ടോബർ 5–നാണ് ഈ വിഡിയോ ഷെയർ ചെയ്തിട്ടുള്ളത് . ഈ റിപ്പോർട്ടിൽ നിന്ന് ലഭ്യമായ വിവരങ്ങളനുസരിച്ച്, ജോധ്പൂരിൽ പ്രധാനമന്ത്രി മോദി നടത്തിയ ഒരു റാലിയുടേതാണ് വിഡിയോ. ജോധ്പൂരിൽ അദ്ദേഹം നിരവധി പദ്ധതികൾ പ്രഖ്യാപിക്കുകയും രാജസ്ഥാനിലെ ജനങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമർശങ്ങൾക്കിടെ വിഡിയോയിൽ, ഈ സമ്മാനത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത് കേൾക്കാം.
വൈറൽ വിഡിയോയിൽ അവതാരകന്റെ ലിപ് സിങ്കും സ്വാഭാവികമായി തോന്നിയില്ല. ഇത് വിഡിയോയിൽ എഐ ഉപയോഗിച്ചിട്ടുണ്ടെന്ന സൂചനകൾ നൽകി. എഐ ഡിറ്റക്ഷൻ ടൂളുകളിൽ പരിശോധിച്ച് ഇക്കാര്യം സ്ഥിരീകരിച്ചു.
കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും ഞങ്ങൾ പരിശോധിച്ചു, പക്ഷേ ഇത്തരമൊരു സൗജന്യ റീചാർജ് പദ്ധതിയുടെ പ്രഖ്യാപനം ലഭിച്ചില്ല.
ലഭ്യമായ വിവരങ്ങളിൽ നിന്ന് രക്ഷാ ബന്ധന് സർക്കാർ മൂന്ന് മാസത്തെ സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന അവകാശവാദം തെറ്റാണെന്ന് വ്യക്തമായി. ഇത്തരം അജ്ഞാത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് സാമ്പത്തിക നഷ്ടത്തിന് കാരണമാകും അഥവാ നിങ്ങളുടെ സ്വകാര്യ ഡാറ്റ മോഷ്ടിക്കപ്പെടാം
രക്ഷാ ബന്ധന് സർക്കാർ മൂന്ന് മാസത്തെ സൗജന്യ മൊബൈൽ റീചാർജ് വാഗ്ദാനം ചെയ്യുന്നുവെന്ന അവകാശവാദം തെറ്റാണ്

