കോട്ടയം∙മെഡിക്കൽ കോളജിൽ രോഗിയോടൊപ്പം പരിചരിക്കാൻ വരുന്നവർക്ക് വിളിപ്പുറത്ത് ബൈക്കിൽ മദ്യമെത്തിച്ച് നൽകുന്ന മൊബൈൽ മദ്യ വിൽപനക്കാരൻ മുടിയൂർക്കര രവി ശങ്കർ (35) അറസ്റ്റിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ മുന്നോടിയായാണ് എക്സൈസ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ ഇതിനോടകം ഉയർന്നിരുന്നു. കഴിഞ്ഞ ഡ്രൈ ഡേ ദിനം രോ ഗികളുടെ കൂട്ടിരുപ്പുകാർക്ക് ഇരട്ടി വിലയ്ക്ക് മദ്യം കൊടുക്കാൻ ഇയാൾ ബാറുകൾ തോറും കറങ്ങി നടക്കുന്നതിനിടയിൽ എക്സൈസ് പിൻതുടരുകയായിരുന്നു. അമ്മഞ്ചേരിയിലുള്ള കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള ഇയാളുടെ വീട്ടിൽ നിന്നും സ്കൂട്ടറിൽ മദ്യവുമായെത്തി ഒരാൾക്ക് കൈമാറുമ്പോൾ ആണ് ഇയാൾ പിടിയിലായത്.
നാല് ലിറ്റർ മദ്യവും ഇയാൾ സഞ്ചരിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. മദ്യം വിറ്റ വകയിൽ കണ്ടെടുത്ത 1200/- രൂപയും കോടതിയിൽ ഹാജരാക്കി പ്രതിയെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

