Breaking
8 Apr 2026, Wed

ബഹിരാകാശ ദണ്ഡ് ,ഭൂകമ്പ ആയുധം, മനസ് നിയന്ത്രിക്കുന്ന പദ്ധതികൾ; വൻശക്തികൾക്കുണ്ടോ ഈ ‘രഹസ്യ ആയുധങ്ങൾ’

യു‌എസിനും ഇസ്രയേലിനുമെതിരെ ഇറാൻ, ലോകം ഇതുവരെ കാണാത്ത രഹസ്യായുധങ്ങൾ പ്രയോഗിക്കുമെന്ന പ്രചാരണം അടുത്തിടെയായി ശക്തമാണ്. ഇന്നു നമുക്ക് അറിവുള്ള ആയുധങ്ങൾക്കു പുറമേ വൻശക്തികൾ രഹസ്യായുധങ്ങൾ അഥവാ സീക്രട്ട് വെപൺസ് തങ്ങളുടെ ആയുധപ്പുരയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന നിഗൂഢസിദ്ധാന്തങ്ങൾ കാലങ്ങളായുള്ളതാണ്.ഇത്തരം സിദ്ധാന്തങ്ങളിലുള്ള ചില രഹസ്യായുധങ്ങൾ പരിചയപ്പെടാം.

യുഎസ് അലാസ്കയിലെ ഹൈ-ഫ്രീക്വൻസി ആക്റ്റീവ് അറോറൽ റിസർച് പ്രോഗ്രാം (ഹാർപ്) ഔദ്യോഗികമായി അന്തരീക്ഷത്തിലെ അയണോസ്ഫിയറിനെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രീയ സ്ഥാപനമാണ്.ഇതിന് കാലാവസ്ഥയെ നിയന്ത്രിക്കാനും ഭൂകമ്പങ്ങൾ സൃഷ്ടിക്കാനും അന്തരീക്ഷത്തിലെ മാറ്റങ്ങളിലൂടെ മനുഷ്യന്റെ സ്വഭാവത്തെ വരെ സ്വാധീനിക്കാനും കഴിയുമെന്ന് ചില ഗൂഢവാദക്കാർ വിശ്വസിക്കുന്നു.എന്നാൽ ഹാർപിന് ഇതിനൊന്നും ശേഷിയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പക്ഷേ പദ്ധതിയുടെ തുടക്കത്തിലുണ്ടായിരുന്ന സൈനിക ഇടപെടലുകളും രഹസ്യസ്വഭാവവും ഇത്തരം വാദങ്ങൾക്ക് ഇടയാക്കി.

∙റോഡ്സ് ഫ്രം ഗോഡ്

ഉപഗ്രഹങ്ങളിൽ നിന്ന് ടങ്സ്റ്റൺ ദണ്ഡുകൾ അതിവേഗത്തിൽ ഭൂമിയിലേക്ക് വർഷിക്കുന്ന ആയുധ സങ്കൽപമാണിത്.മുന്നറിയിപ്പില്ലാതെ ഭൂമിയിൽ എവിടെയും തൽക്ഷണം ആക്രമണം നടത്താൻ കഴിയുന്ന ഒരു രഹസ്യ ബഹിരാകാശ ആയുധ സംവിധാനമായി കോൺസ്പിറസി തിയറിസ്റ്റുകൾ ഇതിനെ കണക്കാക്കുന്നു. എന്നാൽ യുഎസ് സൈന്യം ഈ ആശയം പഠനവിധേയമാക്കിയിട്ടുണ്ടെങ്കിലും, ഇത് വികസിപ്പിച്ചതായോ വിന്യസിച്ചതായോ സ്ഥിരീകരിച്ചിട്ടില്ല.

ADVERTISEMENT

∙സ്കെയിലാർ / ഊർജ ആയുധങ്ങൾ

ശാസ്ത്രജ്ഞനായ നിക്കോള ടെസ്‌ലയുടെ ആശയങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ വാദം പ്രചരിക്കുന്നത്.അദൃശ്യമായ ഊർജരശ്മികൾ ഉപയോഗിച്ച് ലക്ഷ്യങ്ങൾ തകർക്കാനും രോഗങ്ങൾ വരുത്താനും ദൂരെനിന്ന് മനസ്സുകളെ നിയന്ത്രിക്കാനും ഈ ആയുധത്തിനു കഴിയു‌മെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ’സ്കെയിലാർ ആയുധങ്ങളെ’ പിന്തുണയ്ക്കുന്ന വിശ്വസനീയമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

∙മനസ് നിയന്ത്രിക്കുന്ന പദ്ധതികൾ‌

ശീതയുദ്ധകാലത്ത് മനസ്സുകളെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് സിഐഎ ‘എംകെ-അൾട്ര’ എന്ന പേരിൽ യഥാർഥപരീക്ഷണങ്ങൾ നടത്തിയിരുന്നു. ഇതിനു തുടർച്ചയായി ആധുനിക ഭരണകൂടങ്ങൾ ആവൃത്തികൾ (frequencies), ഇംപ്ലാന്റുകൾ, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ച് മനസ്സിനെ നിയന്ത്രിക്കാനുള്ള വിദ്യ പൂർണമായി വികസിപ്പിച്ചെടുത്തെന്നാണ് ചില സിദ്ധാന്തങ്ങൾ. എംകെ-അൾട്ര യാഥാർഥ്യമായിരുന്നു. എന്നാൽ, മനസ്സിനെ വിശ്വസനീയമായി നിയന്ത്രിക്കുന്നതിൽ ആ പദ്ധതി പരാജയപ്പെട്ടു. ഇതിന്റെ പുതിയ പതിപ്പുകൾ നിലവിലുണ്ടെന്ന വാദങ്ങൾക്ക് തെളിവുകളില്ല.

∙ഭൂകമ്പായുധങ്ങൾ

ADVERTISEMENT

റഷ്യ, യുഎസ് പോലുള്ള രാജ്യങ്ങൾക്ക് ശത്രുരാജ്യങ്ങളിൽ കൃത്രിമമായി ഭൂകമ്പങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നൊരു ഗൂഢാലോചനാവാദമുണ്ട്. ഭൂഗർഭ ആണവപരീക്ഷണങ്ങളുമായും ഭൗമപാളികളിൽ മാറ്റം വരുത്തുന്നതുമായും ഈ വാദത്തെ ബന്ധപ്പെടുത്താറുണ്ട്. എന്നാൽ അത്ര വലിയ തോതിൽ ഭൗമപാളികളെ നിയന്ത്രിക്കാൻ മനുഷ്യർക്ക് കഴിയുമെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നതാണു യാഥാർഥ്യം.

∙അദൃശ്യ ടെക്നോളജി

യുഎസിന്റെ ഫിലഡൽഫിയ എക്സ്പിരിമെന്റുമായി ബന്ധപ്പെട്ടാണ് ഇത്തരം കഥകൾ പ്രചരിക്കുന്നത്. സൈനിക കപ്പലുകൾക്കും വിമാനങ്ങൾക്കും പൂർണമായി അദൃശ്യമാകാനോ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് തൽക്ഷണം അപ്രത്യക്ഷമായി പ്രത്യക്ഷപ്പെടാനോ (ടെലിപോർട്ട്) കഴിയുമെന്നാണ് ഇതിന്റെ പ്രയോക്താക്കൾ പറയുന്നത്.ആധുനിക സ്റ്റെൽത്ത് സാങ്കേതികവിദ്യ ശത്രുക്കളുടെ കണ്ണിൽപ്പെടുന്നത് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, സയൻസ് ഫിക്‌ഷൻ സിനിമകളിലേതു പോലുള്ള പൂർണമായ അദൃശ്യത യാഥാർഥ്യമായിട്ടില്ല എന്നതാണു വസ്തുത.

∙വംശീയ ജൈവായുധങ്ങൾ

പ്രത്യേക ജനവിഭാഗങ്ങളെ ലക്ഷ്യമിടുന്ന ജനിതക ആയുധങ്ങളെക്കുറിച്ചുള്ള ഗൂഢവാദങ്ങളാണിത്.ചില പ്രത്യേക വംശീയ വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന വൈറസുകളെ വൻകിട രാജ്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഇതു പറയുന്നവർ സംശയിക്കുന്നു.ജനിതകശാസ്ത്രം അങ്ങേയറ്റം സങ്കീർണമായതിനാൽ അത്തരം കൃത്യമായ ലക്ഷ്യം സാധ്യമല്ലെന്നതാണു സത്യം.

ADVERTISEMENT

By admin

Leave a Reply

Your email address will not be published. Required fields are marked *