Breaking
23 Mar 2026, Mon

ഫെയ്സ്ബുക്കിന് പോളിസിയില്ല, ഉത്തരവാദിത്തം വേണം; ടെക്സ്പെക്റ്റേഷൻസിൽ ഫേ ഡിസൂസ

വാർത്തകളിൽ അവതാരകരുടെ അഭിപ്രായം കലർത്തുന്ന പ്രവണത ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ബീറ്റ്‌റൂട്ട് ന്യൂസ് സ്ഥാപകയും മാധ്യമപ്രവർത്തകയുമായ ഫേ ഡിസൂസ. വാർത്തകളുടെ അന്തസ്സ് വീണ്ടെടുക്കണം. ജനങ്ങളുടെ വിശ്വാസവും ആദരവും നേടുന്ന മാധ്യമസ്ഥാപനമാവുക എന്നത് വലിയ വെല്ലുവിളിയാണ്. പ്രേക്ഷകർക്ക് വേണ്ടത് ഇതായിരിക്കും എന്ന രീതിയിൽ വാർത്തകൾ നൽകുന്നത് അപകടകരമായ പ്രവണതയാണെന്നും കൃത്യമായ നിലപാടെടുത്ത് വാർത്തകൾ നൽകിയാൽ പ്രേക്ഷകർ നിങ്ങളെ തേടിവരുമെന്നും ഫേ ഡിസൂസ പറഞ്ഞു. ‘വാർത്തകൾ, സ്രഷ്ടാക്കളും നവ സാമൂഹിക പ്രപഞ്ചവും’ എന്ന വിഷയത്തിൽ ടെക്സ്പെക്റ്റേഷനിൽ സംസാരിക്കുകയായിരുന്നു ഫേ ഡിസൂസ.

വാർത്തകൾ ലഭിക്കാൻ പരമ്പരാഗത മാധ്യമങ്ങളെ ആശ്രയിക്കുന്ന കാലം കഴിഞ്ഞു. കൂടുതൽ വ്യക്തിപരമായ വിവരങ്ങൾ പങ്കുവയ്ക്കപ്പെടുന്ന സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ന് വാർത്തകൾ പങ്കുവയ്ക്കപ്പെടുന്നത്. അവിടെ വാർത്തകൾക്കൊപ്പം അതു പങ്കുവയ്ക്കുന്നവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും കൂടി ഇടകലർന്നാണ് അവതരിക്കപ്പെടുന്നത്. സോഷ്യൽ മീഡിയ പരമ്പരാഗത മാധ്യമങ്ങളെ പൂർണമായും മാറ്റി. വാർത്തകൾ അഭിപ്രായ പ്രകടനങ്ങളായി. ആധികാരകമായി വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടാതെയായി. വാർത്തകളുടെ അന്തസ്സ് വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് ബീറ്റ്റൂട്ട് ന്യൂസ് ആരംഭിക്കുന്നത്.

ബീറ്റ്റൂട്ട് ന്യൂസ് സ്ഥാപകയും മാധ്യമപ്രവർത്തകയുമായ ഫേ ഡിസൂസ, സോഷ്യൽ മീഡിയ സെലിബ്രിറ്റി ഡോ. അനിൽ ഏബ്രഹാം, ഓൺമനോരമ എഡിറ്റർ ജോഷ്വ യുജീൻ എന്നിവർ ബിജു ഏലിയാസിനൊപ്പം(Head,Content Onmanorama)

പ്രേക്ഷകർക്ക് വേണ്ടത് ഇതായിരിക്കും എന്ന രീതിയിലാണ് ഇന്ന് വാർത്തകൾ നൽകുന്നത്. ഇത് ശരിയല്ല. ലൈക്കുകൾക്കും ഷെയറുകൾക്കും പിന്നാലെ പോകാതെ ആധികാരികമായ വാർത്ത നൽകുക എന്ന രീതിയാണ് ബീറ്റ്റൂട്ട് ന്യൂസിൽ പിന്തുടരുന്നത്. സമയം എടുത്താണെങ്കിലും പ്രേക്ഷകർ നിങ്ങളെ തേടി വരും. മാധ്യമപ്രവർത്തകരും ഇൻഫ്ലുവൻസർമാരും തമ്മിൽ വ്യത്യാസമുണ്ട്. ഖേദം പ്രകടിപ്പിക്കാനും തിരുത്താനും പങ്കുവയ്ക്കുന്ന വാർത്തകളുടെ ആധികാരികത ഉറപ്പുവരുത്താനും ശ്രമിക്കുന്നവരാണ് മാധ്യമപ്രവർത്തകർ. തിരുത്താനുള്ള ധൈര്യം കാണിക്കണം. അപ്പോഴാണ് വാർത്തകൾ ആധികാരികമാകുന്നത്.

ബീറ്റ്റൂട്ട് ന്യൂസ് സ്ഥാപകയും മാധ്യമപ്രവർത്തകയുമായ ഫേ ഡിസൂസ, സോഷ്യൽ മീഡിയ സെലിബ്രിറ്റി ഡോ. അനിൽ ഏബ്രഹാം, ഓൺമനോരമ എഡിറ്റർ ജോഷ്വ യുജീൻ എന്നിവർ

ഇന്ന് അൽഗോരിതമാണ് ഓരോരുത്തരുടെയും സോഷ്യൽ മീഡിയ സ്ട്രീമുകൾ നിയന്ത്രിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളും നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കും എന്ന് ആ പ്ലാറ്റ്ഫോം ഊഹിക്കുന്ന കാര്യങ്ങളുമാണ് അവരുടെ സ്ട്രീമിൽ കാണിക്കുന്നത്. അതിൽ കുടുങ്ങിപ്പോകുന്നത് അപകടകരമാണ്. തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ യുട്യൂബിൽ അതിനെ തിരുത്താനും റിപ്പോർട്ട് ചെയ്യാനും അവസരമുണ്ട്. എന്നാൽ, ഫെയ്സ്ബുക്കിൽ ഇതിനുള്ള അവസരം കുറവാണ്. മുതിർന്ന പൗരന്മാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ഫേസ്ബുക്കിന് പോളിസി എന്നൊന്നില്ല. നമ്മുടെ ധനമന്ത്രിയുടെ പേരിൽ വരുന്ന വ്യാജ സന്ദേശങ്ങൾ തന്നെ ഉദാഹരണം. ഇത്തരം പ്ലാറ്റ്ഫോമുകൾ കൂടുതൽ ഉത്തരവാദിത്തം കാട്ടണം, ഫേ ഡിസൂസ പറഞ്ഞു.

ADVERTISEMENT

നർമമാണ് എന്റെ രീതി: ഡോ.അനിൽ എബ്രഹാം

വാർത്തകളിൽ നർമം കലർത്തി അവതരിപ്പിക്കുന്നതാണ് തന്റെ രീതിയെന്ന് സോഷ്യൽ മീഡിയ സെലിബ്രിറ്റി ഡോ.അനിൽ എബ്രഹാം. ഫേ ഡിസൂസ വാർത്തകളിലെ ‘കളറുകൾ’ ഒഴിവാക്കുമ്പോൾ അതു ചേർത്താണ് എന്റെ അവതരണം. നർമമാണ് ഞാൻ ചേർക്കുന്ന കളർ. അതിൽ പൊതിഞ്ഞാണ് ഞാനെന്റെ കണ്ടന്റുകൾ അവതരിപ്പിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം കണ്ടന്റുകൾ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും അതിനാൽ വലിയഉത്തരവാദിത്തം പുതിയ കാലത്ത് കണ്ടന്റ് ക്രിയേറ്റേഴ്സ് ഉണ്ടെന്നും ഡോ.അനിൽ എബ്രഹാം പറഞ്ഞു.

ADVERTISEMENT

കോവിഡ് കാലത്താണ് ഞാൻ കണ്ടന്റുകൾ അപ്‍ലോഡ് ചെയ്യാൻ തുടങ്ങിയത്. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആളുകൾക്ക് മനസ്സിലാകുന്നതിന് വേണ്ടി നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് ഫോളോവേഴ്സ് കൂടാൻ തുടങ്ങി. അതോടെ പങ്കുവയ്ക്കുന്ന വിവരങ്ങൾ കൂടുതൽ ആധികാരികമാകാൻ ശ്രദ്ധ നൽകി. നർമം കലർത്തി പല വിഷയങ്ങളിലും അഭിപ്രായങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ വിമർശനങ്ങളും ഹേറ്റ് ക്യാംപയിനും ഭീഷണിയും നേരിടേണ്ടി വന്നിട്ടുണ്ട്. ഏറ്റവും മോശം കമന്റുകൾ എനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത് മലയാളികളിൽ നിന്നാണ്. നർമം കലർത്തി സംസാരിക്കുമ്പോഴും എന്റെ പരിമിതികളെക്കുറിച്ച് കൃത്യമായ ബോധം എനിക്കുണ്ട്. എന്റെ അതിരുകളെക്കുറിച്ചും ഞാൻ ബോധവാനാണ്, ഡോ.അനിൽ എബ്രഹാം വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *