പത്തനംതിട്ട ∙ മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നത് വർധിക്കുന്നത് തടയാൻ എഐ ക്യാമറകൾ നഗരസഭാ പ്രദേശത്ത് സ്ഥാപിച്ചു. മാലിന്യവുമായി എത്തുന്ന വാഹനങ്ങളുടെ ദൃശ്യങ്ങൾക്കൊപ്പം നമ്പർ കൂടി വ്യക്തമായി പകർത്തുന്ന ഓട്ടമാറ്റിക് നമ്പർ ഡിറ്റക്ഷൻ സംവിധാനമുള്ള അത്യാധുനിക നിരീക്ഷണ സംവിധാനമാണ് നഗരത്തിൽ സ്ഥാപിച്ചത്. രാത്രി സമയത്തും 100 മീറ്ററോളം ദൂരത്തുള്ള ദൃശ്യങ്ങൾ വരെ വളരെ വ്യക്തതയോടെ പകർത്താൻ എ ഐ ക്യാമറയ്ക്ക് കഴിയും. ലോഹനിർമിത ബോഡി, മോട്ടോറൈസ്ഡ് ലെൻസ് എന്നിവയോട് കൂടിയ വാട്ടർപ്രൂഫ് ഐപി67 ക്യാമറകളാണ് നഗരത്തിൽ സ്ഥാപിച്ചത്.
ആവശ്യാനുസരണം മാറ്റി സ്ഥാപിക്കാവുന്ന പോർട്ടബിൾ ക്യാമറകളും കൂട്ടത്തിലുണ്ട്. റിങ് റോഡ്, പഴയ ബസ് സ്റ്റാൻഡ്, മിനി സിവിൽ സ്റ്റേഷൻ റോഡ് തുടങ്ങിയ ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന രീതി പലപ്പോഴും ഉണ്ടാവുന്നുണ്ട്. ക്യാമറ സ്ഥാപിക്കൽ ഉദ്ഘാടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ നിർവഹിച്ചു

