പയ്യന്നൂർ ∙ നഗരത്തിൽ പലയിടങ്ങളിലുമായി സ്ഥാപിച്ച സിസിടിവി ക്യാമറകൾ കണ്ണടച്ചു. നഗരസഭയും പൊലീസും സ്ഥാപിച്ച ക്യാമറകളാണു പ്രവർത്തനരഹിതമായത്. കനത്ത മഴയിലാണു പലതിനും കേടുപാടുകൾ സംഭവിച്ചത്. കഴിഞ്ഞദിവസം പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ കൈരളി ഓട്ടോ സ്റ്റാൻഡിൽനിന്നു ഓട്ടോ ഡ്രൈവറുടെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ആ ഫോണിൽനിന്നു യുപിഐ വഴി 11,000 രൂപയും അടിച്ചു മാറ്റി.
കള്ളനെ കണ്ടെത്താൻ സിസിടിവി ദൃശ്യം പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണു പല ഭാഗങ്ങളിലെയും ക്യാമറകൾ പ്രവർത്തനരഹിതമാണെന്നറിയുന്നത്. ഫോൺ മോഷ്ടിച്ചെന്നു സംശയിക്കുന്നയാൾ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒരു കടയിൽ കയറി യുപിഐ വഴി 500 രൂപ നൽകി പണം കടക്കാരനിൽനിന്നു വാങ്ങിയിരുന്നു. അയാളുടെ മുഖം സ്ഥാപനത്തിലെ ക്യാമറയിൽ വ്യക്തമായിട്ടില്ല. അതു കണ്ടെത്തുന്നതിനാണു ബസ് സ്റ്റാൻഡിന് സമീപത്തെ സിസിടിവി ക്യാമറ പരിശോധിച്ചത്.

