Breaking
5 Feb 2026, Thu

തെരുവുനായ് നിയന്ത്രണം: ജില്ലയിലുള്ളത് 2 എബിസി സെന്ററുകൾ മാത്രം; ഈ വർഷം കടിയേറ്റത് 14,186 പേർക്ക്

കോഴിക്കോട്∙ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നിർണായക ഉത്തരവു പുറപ്പെടുവിച്ചെങ്കിലും രണ്ട് എബിസി സെന്ററുകൾ മാത്രമുള്ള ജില്ലയിൽ അതു പ്രാവർത്തികമാക്കാൻ അധികൃതർ വിയർപ്പൊഴുക്കേണ്ടി വരും. കോർപറേഷനു കീഴിൽ പൂളക്കടവ് എബിസി സെന്റർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ബാലുശ്ശേരി വട്ടോളിയിലെ എബിസി സെന്ററിന്റെ പ്രവർത്തന പരിധി 10 പഞ്ചായത്തുകളിൽ നിന്ന് 70 പഞ്ചായത്തുകളായി വർധിപ്പിച്ചതോടെ വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്ത സ്ഥിതിയാണ്. പൂളക്കടവിൽ 3 ഡോക്ടർമാർ ഉൾപ്പെടെ 13 ജീവനക്കാരാണുള്ളത്.

ബാലുശ്ശേരിയിൽ 2 ഡോക്ടർമാർ ഉൾപ്പെടെ 10 ജീവനക്കാരും. മാസംതോറും രണ്ടായിരത്തിലേറെ പേർക്കു തെരുവുനായയുടെ ആക്രമണം നേരിടേണ്ടി വരികയും ഇരുപതിനായിരത്തിലേറെ നായ്ക്കൾ തെരുവുകളിൽ വിലസുകയും ചെയ്യുമ്പോൾ ഇത് അപര്യാപ്തമാണെന്ന് അധികൃതർ പറയുന്നു. ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും എബിസി സെന്ററുകൾ തുടങ്ങാൻ ജില്ലാ പഞ്ചായത്ത് പദ്ധതിയിട്ടിരുന്നു. പിന്നീടത് രണ്ടു ബ്ലോക്കുകൾക്ക് ഒരു സെന്റർ വീതം എന്നാക്കി. ചെങ്ങോട്ടുകാവ്, കായക്കൊടി, പേരാമ്പ്ര, വടകര എന്നിവിടങ്ങളിൽ എബിസി സെന്ററുകൾ തുടങ്ങാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല.

സെന്ററുകൾക്കായി ഉദ്ദേശിക്കുന്ന പ്രദേശത്ത് ജനകീയ പ്രതിഷേധം ഉയരുന്നതാണ് കാരണമെന്ന് അധികൃതർ പറയുന്നു. ഇതു പരിഹരിക്കുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സർവകക്ഷി ജനകീയ സമിതികൾ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബന്ധപ്പെട്ടവർ. എബിസി കേന്ദ്രങ്ങൾ ഇല്ലാത്ത ബ്ലോക്കുകളിൽ പുതിയ പോർട്ടബിൾ കേന്ദ്രങ്ങൾ തുടങ്ങുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടപ്പായിട്ടില്ല. തെരുവുനായ നിയന്ത്രണത്തിനു തടസ്സമാകുന്നതു കോടതി ഉത്തരവാണെന്ന വാദമാണ് അധികൃതർ ഇതുവരെ ഉന്നയിച്ചിരുന്നത്. വന്ധ്യംകരണത്തിനു ശേഷം നായ്ക്കളെ പിടിച്ച സ്ഥലത്തു തിരിച്ചു വിടണമെന്നതായിരുന്നു പ്രധാന പ്രശ്നം. എന്നാൽ, സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവോടെ ഈ പ്രശ്നത്തിനു പരിഹാരമാകുമെങ്കിലും നായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്റർ ഹോമുകൾ ഒരുക്കിയാൽ മാത്രമേ പൂർണ പരിഹാരമാകൂ.

സംസ്ഥാനത്ത് 2,89,986 തെരുവുനായ്ക്കൾ ഉണ്ടെന്നാണ് (കോഴിക്കോട് ജില്ലയിൽ 14044) 2019 ലെ സർവേയിലെ കണക്ക്. 6 വർഷത്തിനിടെ ഇത് ഇരട്ടിയിലേറെയായിട്ടുണ്ടാകാം. എബിസി കേന്ദ്രങ്ങളുടെ എണ്ണം ഇപ്പോഴും സംസ്ഥാനത്ത് 18 മാത്രം. കൂടുതൽ മൊബൈൽ എബിസി കേന്ദ്രങ്ങളും ഷെൽറ്ററുകളും തുടങ്ങുകയല്ലാതെ, മറ്റു വഴികളില്ല. ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് തിരുവനന്തപുരം നെടുമങ്ങാട് ആദ്യ പോർട്ടബിൾ എബിസി സെന്റർ തുടങ്ങാൻ ധാരണയായിരുന്നു. സ്വകാര്യ കമ്പനികളുമായി സഹകരിച്ചുള്ള ഇതേ മാതൃക മറ്റു ജില്ലകളിലേക്കും പകർത്തേണ്ടി വരുമെന്നാണ് അധികൃതർ കരുതുന്നത്.

സംസ്ഥാനത്തെ വാക്സിനേഷൻ പുരോഗതി (2024 സെപ്റ്റംബർ 1 മുതൽ കഴിഞ്ഞ ജൂൺ 30 വരെ)

വന്ധ്യംകരണം നടത്തിയ നായ്ക്കൾ: 11869

വാക്സിനേഷൻ നടത്തിയത് : 1,13,708

വാക്സിന‍േഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചത്: 2,17,419

റജിസ്ട്രേഷൻ അനുവദിച്ച നായ്ക്കൾ: 56681

അഞ്ചര വർഷം; 86, 502 പേർക്ക് കടിയേറ്റു

ജില്ലയിൽ കഴിഞ്ഞ അഞ്ചര വർഷത്തിനിടെ നായയുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത് 86,502 പേർ. ഈ വർഷം ഓഗസ്റ്റ് വരെ മാത്രം 14,186 പേർ ചികിത്സ തേടി. 15,46,509 പേരാണ് സംസ്ഥാനത്താകെ ഈ കാലഘട്ടത്തിൽ ചികിത്സ തേടിയത്.

കഴിഞ്ഞവർഷം 99.32 ലക്ഷം രൂപ നഷ്ടപരിഹാരം

നായയുടെ ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കു നഷ്ടപരിഹാരം നൽകുന്നതിനു, ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിക്ക് പകരം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഇതു വഴിയാകും ഇനി നഷ്ടപരിഹാരം നിശ്ചയിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം 99.32 ലക്ഷം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.

23.38 കോടിയുടെ ബജറ്റ്

തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട വാക്സിനേഷൻ, എബിസി പദ്ധതികൾക്കായി 2025-26 വർഷത്തേക്ക് 23.38 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *