ജപ്പാൻ സന്ദർശനത്തിന് പിന്നാലെ പൗരബോധത്തെയും ജനങ്ങളുടെ പെരുമാറ്റത്തെയും കുറിച്ച് ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. രണ്ട് ആഴ്ചത്തെ ജപ്പാൻ യാത്രയ്ക്ക് ശേഷം അമിഷ അഗർവാൾ എന്ന യുവതിയാണ് എക്സിൽ (ട്വിറ്റർ) പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ജപ്പാനിലെ അത്യാധുനിക സാങ്കേതികവിദ്യയേക്കാൾ തന്നെ അത്ഭുതപ്പെടുത്തിയത് അവിടുത്തെ ജനങ്ങളുടെ അച്ചടക്കവും സിവിക് സെൻസുമാണ് (പൗരബോധം) എന്ന് അമിഷ കുറിച്ചു. ‘ജപ്പാനിലെ ഏറ്റവും വലിയ ‘കൾച്ചർ ഷോക്ക്’ അവിടുത്തെ സാങ്കേതികവിദ്യയായിരുന്നില്ല, മറിച്ച് അടിസ്ഥാനപരമായ പൗരബോധമായിരുന്നു. ഹോൺ ശബ്ദമില്ല, തിരക്കില്ല, മാലിന്യങ്ങളില്ല, ട്രെയിനുകൾ കൃത്യസമയത്ത് തന്നെ എത്തുന്നു. വികസനം എന്നത് കേവലം ജിഡിപി മാത്രമല്ല, അത് ജനങ്ങളുടെ പെരുമാറ്റം കൂടിയാണെന്ന് മനസ്സിലായി’ എന്നാണ് അമിഷയുടെ പോസ്റ്റിൽ പറയുന്നത്. വളരെ പെട്ടെന്നാണ് അമിഷയുടെ പോസ്റ്റ് ശ്രദ്ധ നേടിയത്. നിരവധിപ്പേർ അമിഷയെ അനുകൂലിച്ചും വിമർശിച്ചുമെല്ലാം പോസ്റ്റിന് കമന്റുകളുമായി വന്നു. സമാനമായ അനുഭവങ്ങളും പലരും പങ്കുവച്ചിട്ടുണ്ട്. Spent two weeks in Japan and the biggest culture shock wasn’t technology. It was basic civic sense. No honking. No pushing. No litter. Trains arriving to the minute. Turns out development is mostly behaviour, not GDP. 🇯🇵 pic.twitter.com/Q3E9YZjERg — Amisha Aggarwal 📌 (@awwmishaaa) March 28, 2026 പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ ജപ്പാൻ ഭരണകൂടം കാണിക്കുന്ന വേഗതയെയും കാര്യക്ഷമതയെയും കുറിച്ചാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. എത്ര വലിയ തകർച്ചയുണ്ടായാലും അവർ എല്ലാം അതിവേഗം പഴയപടിയാക്കുമെന്നും ഇയാൾ കൂട്ടിച്ചേർത്തു. അമിഷയുടെ അഭിപ്രായത്തെ ഇന്ത്യയിലെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തും പലരും കമന്റുകൾ നൽകിയിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവർ പോലും പലപ്പോഴും അടിസ്ഥാനപരമായി ഒരാൾ അറിഞ്ഞിരിക്കേണ്ടുന്ന പൗരബോധം മറന്നുപോവുകയും ഇത് പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുകയാണ് എന്നുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്. എന്തായാലും, പൗരബോധത്തെ കുറിച്ച് വലിയ ചർച്ചകൾ ഉയരാൻ അമിഷയുടെ പോസ്റ്റ് കാരണമായി തീർന്നിട്ടുണ്ട് എന്നാണ് കമന്റുകളിൽ നിന്നും മനസിലാവുന്നത്.
ജപ്പാനിൽ പോയപ്പോഴാണ് ഇക്കാര്യം മനസിലായത്, ഇന്ത്യയിലെ പൗരബോധവുമായി താരതമ്യപ്പെടുത്തി യുവതി

