Breaking
5 Feb 2026, Thu

ചൈനയ്ക്കും തായ്‌വാനുമൊപ്പം കിടപിടിക്കാൻ ഇന്ത്യ? സെമികണ്ടക്ടർ മേഖയിൽ പുതിയ ചുവടുവെപ്പ്

സെമികണ്ടക്ടര്‍ ചിപ്പുകള്‍- ഇലക്ട്രോണിക് അസംബ്ലിങ്ങിലെ കിരീടം വയ്ക്കാത്ത രാജാവ്. ക്രെഡിറ്റ് കാര്‍ഡ് മുതല്‍ ലാപ്ടോപ്പിലും ഫോണിലും വാഷിങ് മെഷീനിലും വരെ നിര്‍ണായകമായ സാങ്കേതികവിദ്യ. എ.ഐകാലത്ത് ഒരു രാജ്യത്തെ സമ്പന്നനാക്കാനും ദരിദ്രനനാക്കാനും ശേഷിയുള്ള വമ്പന്‍ വ്യവസായം. സെമികണ്ടക്ടര്‍ ചിപ്പ് നിര്‍മാണ ലോകത്ത് വൈകി മാത്രം കാലെടുത്ത് വച്ച ഇന്ത്യ നിര്‍ണായകമായ ചുവടാണ് ഇക്കഴിഞ്ഞ ദിവസം നടത്തിയത്. വെറും നാല് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി സെമികണ്ടക്ടര്‍ ചിപ്പ് നമ്മള്‍ വികസിപ്പിച്ചിരിക്കുന്നു- വിക്രം 3201. ചിപ്പ് ഉപഭോക്താവില്‍നിന്ന് നിര്‍മാതാവെന്ന രീതിയിലേക്കുള്ള ഇന്ത്യയുടെ വളര്‍ച്ച. ചൈനയ്ക്കും തായ്വാനുമൊപ്പം ഭാവിയില്‍ കിടപിടിക്കാന്‍ പാകത്തിന് വലിയൊരു ചുവടുവെപ്പ്.

ആരോഗ്യം, ഗതാഗതം, ആശയവിനിമയം, പ്രതിരോധം, ബഹിരാകാശം തുടങ്ങി സര്‍വമേഖലകളിലും സെമികണ്ടക്ടറുകള്‍ അവിഭാജ്യഘടകമാണിന്ന്. പ്രത്യേകിച്ച് എഐ ബൂമിന് ശേഷം. ലോകം കൂടുതല്‍ ഡിജിറ്റലൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും നീങ്ങുമ്പോള്‍ പവര്‍ഫുള്‍ വെപ്പണാവുകയാണ് സെമികണ്ടക്ടറുകള്‍. ഈ ഒരു സാഹചര്യത്തിലാണ് സെമികണ്ടക്ടറുകളുടെ നിര്‍മാണത്തില്‍ സ്വാശ്രയത്വം കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ നിര്‍ണായാകമാകുന്നത്. 2026-ഓടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഉപഭോഗം 8000 കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ അത് 11000 കോടി എന്ന നിരക്കിലേക്കെത്തും.

ആഗോളതലത്തില്‍ സെമികണ്ടക്ടര്‍ ഉത്പാദനത്തില്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്കേ മതിയായ ആധിപത്യമുള്ളൂ. ചെലവേറിയ സെമികണ്ടക്ടര്‍ ഉത്പാദനമേഖലയിലേക്ക് ഇന്ത്യയുടെ പ്രവേശനം ഏറെ വൈകിയാണ് താനും. വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്ത് എന്‍വീഡിയയാണ് ഒന്നാമത്. സാംസങ്ങും ഇന്റലുമാണ് തൊട്ടുപിന്നില്‍. 2026-ഓടെ ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഉപഭോഗം 8000 കോടി കടന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ അത് 11000 കോടി എന്ന നിരക്കിലേക്കെത്തും.ചിപ്പ് നിര്‍മാണമേഖലയില്‍ കോടിക്കണക്കിന് നിക്ഷേപമാണ് യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ നടത്തുന്നത്. അതും സ്വന്തം രാജ്യത്ത്. വലിയ കമ്പ്യൂട്ടിങ് ശക്തി ആവശ്യമുള്ള എഐ സാങ്കേതികവിദ്യയ്ക്ക് പവര്‍ഫുള്‍ ചിപ്പുകള്‍ ആവശ്യമായി വന്നതോടെയാണ് ഈ മേഖലയില്‍ പെട്ടെന്നൊരു ബൂം ഉണ്ടാകുന്നത്. ചിപ്പ് നിര്‍മാണരംഗത്ത് രാജ്യങ്ങള്‍ തമ്മിലുള്ള ഈ മത്സരത്തെ ശീതയുദ്ധകാലത്തെ ആണവ മത്സരവുമായിട്ടാണ് ടെക്ലോകം താരതമ്യപ്പെടുത്തുന്നത്.

കോവിഡ് കാലത്ത് ആഗോള സെമികണ്ടക്ടര്‍ വിതരണത്തിലുണ്ടായ അനിശ്ചിതത്വവും തായ്വാന്‍ കടലിടുക്കിലെ ചൈനയുടെ സൈനിക ഇടപെടലുകളും ഇന്ത്യയിലേക്കുള്ള സെമികണ്ടക്ടര്‍ ഇറക്കുമതിയെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 76,000 കോടി രൂപയുടെ പദ്ധതിയുമായി 2021ല്‍ ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ ആരംഭിക്കുന്നത്. 2022-ല്‍ സെമികണ്ടക്ടര്‍ സംരംഭങ്ങളെ ആഗോളതലത്തില്‍ ഒരുമിപ്പിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘റിസ്-ഫൈവ്’ എന്ന അസോസിയേഷനിലും ഇന്ത്യ അംഗമായി. സെമികണ്ടക്ടര്‍ രംഗത്തെ നിക്ഷേപ അവസരങ്ങള്‍ ലക്ഷ്യമിട്ട് 2023-ല്‍ ഇന്ത്യ 23-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളൈ പങ്കെടുപ്പിച്ച് ഇന്ത്യ സെമികോണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് നടത്തി. അന്ന് രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മാണശാല ആരംഭിക്കുന്നതിന് 50 ശതമാനം സാമ്പത്തിക പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിരവധി കമ്പനികളാണ് സന്നദ്ധത അറിയിച്ചെത്തിയത്.

സെമികണ്ടക്ടര്‍ മേഖലയില്‍ മികച്ച പ്രതിഭകളെ വളര്‍ത്തിയെടുക്കാനും ആഗോള തലത്തില്‍ അവര്‍ക്ക് തൊഴില്‍സൗകര്യമൊരുക്കാനും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് രാജ്യത്താകമാനം ആരംഭിക്കുന്നത്. തമിഴ്നാട്, കേരളം, ഗുജറാത്ത് സംസ്ഥാനങ്ങളെല്ലാം വിവിധ പദ്ധതികളും വിദ്യാര്‍ഥികള്‍ക്കായി പുതിയ കോഴ്സുകളും രൂപപ്പെടുത്തിക്കഴിഞ്ഞു.

ഇലക്ട്രോണിക് ഉപകരണങ്ങളിലെ വൈദ്യുതിയുടെ ഒഴുക്ക് കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ടിയുള്ളതാണ് സെമികണ്ടക്ടര്‍ ചിപ്പുകള്‍. സ്മാര്‍ട്‌ഫോണുകള്‍, വയര്‍ലെസ് ആശയവിനിമയ ഉപകരണങ്ങള്‍ക്കും അനുബന്ധ സ്മാര്‍ട് ഉപകരണങ്ങള്‍ക്കുമെല്ലാം ചിപ്പുകള്‍ വേണം. വാഹനങ്ങളുടെ എന്‍ജിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്‌പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍, വൈഫൈ, വീഡിയോ ഡിസ്‌പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം സെമികണ്ടക്ടര്‍ ചിപ്പുകള്‍ ആവശ്യമാണ്.

വിക്രം-32 ബിറ്റ്

വിക്ഷേപണവാഹനങ്ങളുടെ വെല്ലുവിളിനിറഞ്ഞ സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ആദ്യ ഇന്ത്യന്‍നിര്‍മിത 32 ബിറ്റ് മൈക്രോപ്രൊസസറാണ് വിക്രം 3201. ഐഎസ്ആര്‍ഒയും സെമികണ്ടക്ടര്‍ ലബോറട്ടറിയുമാണ് ചിപ്പ് നിര്‍മാണത്തിന് പിന്നില്‍. 2009 മുതല്‍ വിക്ഷേപണവാഹനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 ബിറ്റ് വിക്രം 1601-ന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഈ പ്രൊസസര്‍. ബഹിരാകാശ വിക്ഷേപണങ്ങളിലെ ഉയര്‍ന്ന താപനിലയും കഠിനമായ കാലാവസ്ഥയും അതിജീവിക്കാനുമാകുന്ന ചിപ്പിന്, വലിയ അളവില്‍ മെമ്മറി കൈകാര്യം ചെയ്യാനും സങ്കീര്‍ണമായ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാനും സാധിക്കും. പിഎസ്എല്‍വി സി-60 ദൗത്യത്തില്‍ പരീക്ഷിച്ച വിജയകഥയും വിക്രം 3201ന് പറയാനുണ്ട്. പ്രതിരോധം, വ്യോമയാനം, ഓട്ടോമോട്ടീവ്, ഊര്‍ജം തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലും വിക്രം-32 ചിപ്പിന് വന്‍ സാധ്യതകളുണ്ട്. നിലവില്‍ അഞ്ച് സെമികണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍മാണമാണ് രാജ്യത്ത് നടക്കുന്നത്. പത്ത് സുപ്രധാന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലായി 1.60 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഡിസൈന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന് കീഴില്‍ 23 ഡിസൈന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇന്ത്യ പിന്തുണയറിയിച്ചിട്ടുണ്ട്.

സെമികണ്ടക്ടര്‍ ഇറക്കുമതിക്ക് തായ്വാനെയും ചൈനയേയുമാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. ആഗോള വിപണിയില്‍ 5 ശതമാനവും ചൈനയുടെ കൈവശമാണ്. തായ്വാന്റെ പക്കല്‍ 65 ശതമാനവും. നിലവില്‍ ഇന്ത്യയുടെ സെമികണ്ടക്ടറുകളില്‍ 100 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുന്നവയാണ്. ഇതില്‍ 37 ശതമാനവും ചൈനയില്‍ നിന്നുള്ളവയാണ്. ഇന്ത്യ സെമികണ്ടക്ടര്‍ ഉത്പാദനത്തിലേക്കെത്തുമ്പോള്‍ ചൈനയെ പൂര്‍ണമായും ആശ്രയിക്കേണ്ടതായി വരുന്നില്ല. അതേസമയം ചൈനയെ പൂര്‍ണമായും കൈയൊഴിയാനും ഇന്ത്യക്കാവില്ല. സെമികണ്ടക്ടര്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങളായ ജര്‍മേനിയം, ഗാലിയം, സിലിക്കണ്‍ തുടങ്ങിയവയുടെ ഏറ്റവും വലിയ കയറ്റുമതിക്കാരാണ് ചൈന. ഈ ലോഹങ്ങള്‍ ഉല്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈന തന്നെയാണ് മുന്നില്‍

2024-ല്‍ ആഗോള സെമികണ്ടക്ടര്‍ വിപണിയുടെ മൂല്യമെന്നത് 630 ബില്യണ്‍ ഡോളറിലധികമാണ്, 2025-ല്‍ ഇത് 697 ബില്യണ്‍ ഡോളറിലധികമായേക്കുമെന്നാണ് പ്രതീക്ഷ. AI, ഡാറ്റാ സെന്ററുകള്‍, ക്ലൗഡ് കമ്പ്യൂട്ടിംഗ്, 5/6G കമ്യൂണിക്കേഷന്‍, ഓട്ടോമോട്ടീവ്, എന്നിവയിലെല്ലാം സെമികണ്ടക്ടര്‍ ഉപഭോഗം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2030ഓടെ സെമികണ്ടക്ടര്‍ വില്‍പ്പന 1 ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

In Short: India has unveiled its first homegrown semiconductor chip Vikram 3201, developed in just four years. This marks a historic shift from being a global chip consumer to a chip producer. The breakthrough positions India to compete with China and Taiwan in the semiconductor industry, boosting AI, electronics, and self-reliance in technology.

By admin

Leave a Reply

Your email address will not be published. Required fields are marked *